രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ കള്ളമെന്ന് എഴുതിയതിന് പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി കോൺഗ്രസ് ഐ.ടി സെൽ മേധാവിയും നടിയുമായ ദിവ്യ സ്പന്ദന രംഗത്ത്. ഇത്തവണ മോദിയെ ചതിയനെന്നാണ് ദിവ്യ വിശേഷിപ്പിച്ചത്.
ആമിർ ഖാൻ ചിത്രമായ തഗ്ഗ്സ് ഒഫ് ഹിന്ദുസ്ഥാനിലെ രംഗം ആധാരമാക്കിയാണ് ദിവ്യയുടെ പുതിയ ട്രോൾ. ചിത്രത്തിന്റെ ട്രെയിലറിൽ ആമിർ ഖാൻ ചതി എന്റെ സ്വഭാവത്തിൽ അലിഞ്ഞ് ചേർന്നതാണ് എന്ന് പറയുന്നുണ്ട്. ഈ ഡയലോഗാണ് ദിവ്യ ആയുധമാക്കിയത്. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനോട് പറയുന്ന വാക്കുകളായാണ് ആമിറിന്റെ പഞ്ച് ഡയലോഗിനെ സ്പന്ദന ട്വീറ്റ് ചെയ്തിരിക്കുന്നത്.
അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനു വേണ്ടി മോദി സർക്കാർ എച്ച്.എ.എല്ലിനെ അവസാന നിമിഷം ഒഴിവാക്കി റാഫേൽ വിമാന കരാറിൽ ഒപ്പിടുകയായിരുന്നു എന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതേ വിഷയത്തിൽ തന്നെയായിരുന്നു കഴിഞ്ഞ ദിവസം ദിവ്യ മോദിയെ കള്ളനെന്ന് വിളിച്ചത്. ഇതിനെ തുടർന്ന് ദിവ്യ സ്പന്ദനയ്ക്കെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരുന്നു.