Sun. Nov 22nd, 2026

1996 സെപ്റ്റംബര്‍ 23ന്, 35ാം വയസില്‍ ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴും കാണിയെ ‘കുളിര് കോരിക്കാന്‍’ മാത്രം ഓരോ ചിത്രത്തിലും ദൗത്യമേല്‍പ്പിക്കപ്പെടുന്ന ഒരു സാന്നിധ്യം മാത്രമായിരുന്നു അവര്‍. പലപ്പോഴും താങ്ങും തണലുമായിരുന്ന ആ സാന്നിധ്യത്തെ തെന്നിന്ത്യന്‍ ചലച്ചിത്രവ്യവസായലോകം ഒരു അശ്ലീല ശരീരം മാത്രമായാണ് പരിഗണിച്ചിരുന്നത് എന്നതിന് തെളിവായിരുന്നു മരണസമയത്ത് പോലും അവരോട് കാണിച്ച അനീതി. സില്‍ക്ക് സ്മിതയുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് വരെ സിനിമകളിറക്കി. സ്മിതയുടെ മരണം ഒരു ‘ഷോക്ക്’ ആയിരുന്നെങ്കിലും ആ ആഘാതം പുറമേയ്ക്ക് പ്രകടിപ്പിക്കാതിരിക്കാന്‍ സിനിമാലോകം ശ്രദ്ധിച്ചു. മരണവിവരമറിഞ്ഞ് എത്തിയവരില്‍ സിനിമാമേഖലയില്‍ നിന്ന് വിരലില്‍ എണ്ണിയെടുക്കാവുന്നവര്‍ പോലും എത്തിയില്ല.

ആന്ധ്രപ്രദേശിലെ ഒരു കുഗ്രാമത്തില്‍ നിന്നാണ് വെള്ളിത്തിരയുടെ പ്രഭാവലയത്താല്‍ ആകര്‍ഷിക്കപ്പെട്ട് വിജയലക്ഷ്മി വഡ്‌ലപ്പതി എന്ന പെണ്‍കുട്ടി മദ്രാസിലെത്തുന്നത്. തെലുങ്ക് സിനിമയുമായി ബന്ധപ്പെട്ട് ചില അകന്ന ബന്ധുക്കളൊക്കെ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അവര്‍ക്ക് ഒരവസരം ആദ്യമായി തുറന്നുകിട്ടിയത് മലയാളത്തിലാണ്. ആന്റണി ഈസ്റ്റ്മാന്റെ സംവിധാനത്തില്‍ 1980ല്‍ പുറത്തുവന്ന ‘ഇണയെ തേടി’ എന്ന ചിത്രത്തില്‍. അക്കാലത്തെ പേരെടുത്ത സ്വഭാവനടിമാരെയൊക്കെ മനസില്‍ വച്ച് ആരാധിച്ചിരുന്ന പെണ്‍കുട്ടിയുടെ കരിയര്‍ അവള്‍ സ്വപ്‌നത്തില്‍പ്പോലും കാണാത്ത ദിശയിലേക്ക് ഒഴുക്കി രണ്ടാം ചിത്രം. തമിഴിലെ ആദ്യചിത്രവുമായ ‘വണ്ടിചക്ര;ത്തിലെ കഥാപാത്രത്തിന്റെ പേര് ആ നടിയുടെ പേര് തന്നെയായി മാറി. ഗ്ലാമര്‍ പരിവേഷമുള്ള കഥാപാത്രത്തിന്റെ പേര് ‘സില്‍ക് സ്മിത’ എന്നായിരുന്നു.

പുതിയ വേഷങ്ങള്‍ കിട്ടാനും അതുവഴി തിരിച്ചറിയപ്പെടാനും സിനിമയില്‍ സ്വന്തം ഇടം ലഭിക്കാനുമുള്ള ഏത് പുതുമുഖത്തിന്റേയും ആഗ്രഹം സ്മിതയുടെ കാര്യത്തില്‍ ആ ചിത്രത്തോടെ സഫലീകരിക്കപ്പെട്ടു. പക്ഷേ അത് അവര്‍ ആഗ്രഹിച്ചതുപോലെ ആയിരുന്നില്ലെന്ന് മാത്രം. മരണപ്പെട്ട 1996 വരെ, 16 വര്‍ഷങ്ങള്‍ കൊണ്ട് അവര്‍ അഭിനയിച്ച്കൂട്ടിയത് 450ലേറെ ചിത്രങ്ങളാണ്. പക്ഷേ ആ ചിത്രങ്ങളെല്ലാം സ്മിതയിലെ അഭിനേത്രിയെ ഭാഗികമായോ പൂര്‍ണമായോ ഒഴിവാക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്തു.


സ്മിതയുടെ ഉടലളവുകളും പാതി കൂമ്പിയ മിഴികളുമായിരുന്നു ആ തിരക്കഥകള്‍ പ്രകാരം ഫോക്കസിലാവേണ്ടിയിരുന്നത്. ആ സ്‌ക്രീന്‍ ഇമേജിന് യോജ്യമല്ല അവരുടെ ശബ്ദമെന്ന് കണ്ടെത്തിയ സിനിമാലോകം ലൈംഗികചോദന ഉണര്‍ത്തുന്ന തരത്തില്‍ ഡബ്ബ് ചെയ്യാന്‍ മറ്റൊരാളെ കണ്ടെത്തി. സ്മിതയുടെ കഥാപാത്രങ്ങളെല്ലാം അവരുടെ ശബ്ദത്തിലായിരുന്നുവെന്ന് വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്.

അര്‍ഹതയുണ്ടെങ്കില്‍ അംഗീകാരം മരണശേഷം കൊടുക്കപ്പെടും എന്ന നാട്ടുനടപ്പ് സ്മിതയുടെ കാര്യത്തിലും ആവര്‍ത്തിച്ചു. ഒരു ആണിടമായി തുടരുന്ന നമ്മുടെ സിനിമയിലെ ലിംഗപരമായ അനീതി ചൂണ്ടിക്കാട്ടുമ്പോള്‍ സ്മിത എപ്പോഴും പരാമര്‍ശിക്കപ്പെട്ടു. സ്മിതയുടെ ജീവിതത്താല്‍ പ്രചോദിപ്പിക്കപ്പെട്ടും ജീവചരിത്രചിത്രം എന്ന പേരിലും ഒട്ടനവധി ചിത്രങ്ങള്‍ പല ഭാഷകളില്‍ നിര്‍മ്മിക്കപ്പെട്ടു. അവയ്‌ക്കൊക്കെ ഏറിയോ കുറഞ്ഞോ സ്വീകാര്യതയും ലഭിച്ചു.

കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ ലഭിച്ചത് ഹിന്ദിയില്‍ ഏക്താ കപൂര്‍ നിര്‍മ്മിച്ച്, മിലന്‍ ലുത്രിയ സംവിധാനം ചെയ്ത ‘ദി ഡേര്‍ട്ടി പിക്ചര്‍’ എന്ന ചിത്രമാണ്. സില്‍ക് സ്മിതയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 2ന് തീയേറ്ററുകളിലെത്തിയ ചിത്രത്തില്‍ ‘സില്‍ക്കി’ന് ജീവന്‍ പകര്‍ന്ന വിദ്യ ബാലന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

പക്ഷേ തങ്ങളുടെ അനുമതി കൂടാതെയാണ് സിനിമ എടുത്തിരിക്കുന്നതെന്നും സ്മിതയെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നുമുള്ള പരാതിയുമായി അവരുടെ കുടുംബം രംഗത്തെത്തി. മിലന്‍ ലുത്രിയയ്ക്കും ഏക്താ കപൂറിനും സ്മിതയുടെ സഹോദരന്‍ വി.നാഗ വരപ്രസാദ് വക വക്കീല്‍ നോട്ടീസ് ലഭിച്ചു. നിയമപരമായ നൂലാമാലകള്‍ മുന്‍കൂട്ടിക്കണ്ട ഏക്ത കപൂര്‍ ഉടന്‍ തിരുത്തല്‍ പ്രസ്താവനയുമായി രംഗത്തെത്തി. ‘ദി ഡേര്‍ട്ടി പിക്ചര്‍ സില്‍ക് സ്മിതയുടെ ജീവിതത്തെ അധികരിച്ചുള്ളതല്ല’. സ്മിത വീണ്ടും പുറത്താക്കപ്പെട്ടു.


മലയാളത്തില്‍ ക്ലൈമാക്‌സ് എന്ന ചിത്രവും പറയുന്നത് സില്‍ക്കിന്റെ ജീവിതം തന്നെ. സില്‍ക്ക് സ്മിതയുടെ മികച്ച പത്ത് വേഷം ഏതെന്ന് ചോദിച്ചാല്‍ എണ്ണാന്‍ തുടങ്ങുക ലയനത്തിലായിരിക്കും. ലയനം മുതല്‍ ത്രീമെന്‍ ആര്‍മി വരെ.സില്‍ക്ക് സ്മിതയ്ക്ക് കേരളത്തിലെ കുടുംബപ്രേക്ഷര്‍ക്കിടയില്‍ സ്ഥാനം നേടികൊടുത്തത് മോഹന്‍ലാല്‍ നായകനായ സ്ഫടികമായിരുന്നു. അതില്‍ ലാല്‍ ജീവിതം ആഘോഷിക്കുന്നത് സ്മിതയുടെ ലൈല എന്ന കഥാപാത്രത്തിനൊപ്പമാണ്.ചെറുപ്പക്കാരുടെ ഇഷ്ടചിത്രമായിരുന്നു ലയനം. തുളസീദാസ് സംവിധാനം ചെയ്ത ലയനത്തില്‍ ഉര്‍വശിയുടെ സഹോദരന്‍ നന്ദുവായിരുന്നു നായകന്‍. നന്ദു പിന്നീട് ആത്മഹത്യ ചെയ്തു.

വിജയമാല എന്ന ആന്ധ്രക്കാരി സില്‍ക്ക് എന്ന മാദകറാണിയായത് വിനു ചക്രവര്‍ത്തിയുടെ രചനയില്‍ കെ വിജയന്‍ സംവിധാനം ചെയ്ത വണ്ടിചക്രം എന്ന ചിത്രത്തിലൂടെയാണ്. താനും സില്‍ക്കും തമ്മിലുള്ള ബന്ധം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിനു ചക്രവര്‍ത്തി ഒരിക്കല്‍ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വണ്ടിചക്രം എന്ന ചിത്രത്തിനായി ഒരു നടിയെ വേണം എന്ന് പറഞ്ഞ് നിര്‍മാതാവ് തിരുപ്പൂര്‍ മണി എന്നെ സമീപിച്ചു. ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുപാട് പെണ്‍കുട്ടികള്‍ എത്തിയിരുന്നു. അതിനിടയിലാണ് അതീവ വശ്യതയുള്ള കണ്ണുകള്‍ക്കുടമയായ ഒരു പെണ്‍കുട്ടി എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അടുത്ത് വിളിച്ച് പേര് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. ‘സര്‍ എന്റെ പേര് വിജയമാല. ആന്ധ്രയില്‍ നിന്നാണ് വരുന്നത്. സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്.

വീടുകളില്‍ ജോലിക്ക് പോയി കൊണ്ടിരിക്കുകയാണ്. നാട്ടില്‍ അത്യാവശ്യം ഡാന്‍സ് ചെയ്യാറുണ്ട്’. കുഴപ്പമില്ല എന്ന് തോന്നിയപ്പോള്‍ അവളെ ക്യാമറ ടെസ്റ്റിന് പരിഗണിച്ചു. ക്യാമറയ്ക്ക് മുന്‍പിലെത്തിയപ്പോള്‍ അവളുടെ കണ്ണുകളിലെ ഭാവം മാറി. ഒരു പ്രത്യേക ശരീരഭാഷയായിരുന്നു അവളുടേത്. ഞങ്ങള്‍ അവളെ തിരഞ്ഞെടുത്തു 22 ദിവസമാണ് അവളെ വച്ച് ചിത്രീകരിച്ചത്.

നിങ്ങള്‍ എല്ലാവരും പറയുന്നതുപോലെ സില്‍ക്ക് എന്നല്ല, അവളുടെ പേര് സിലുക്ക് എന്നാണ്. അവള്‍ പിന്നീട് ശ്രദ്ധിക്കപ്പെട്ടു. കമലഹാസനും രജനികാന്തിനുമൊപ്പമെല്ലാം സിനിമകള്‍ ചെയ്തു. തെന്നിന്ത്യയിലെ മാദകറാണിയായി. അതിന് ശേഷം സിലുക്കും ഞാനും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. അവളുടെ കണ്ണുകള്‍ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. മരണത്തിനു ശേഷവും അവളെ ആരും വെറുതെ വിട്ടില്ല. അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികള്‍ നേടി. ഈ സിനിമകള്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.

സിലുക്ക് മരിച്ചപ്പോഴും എല്ലാവര്‍ക്കും അറിയേണ്ടത് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അവള്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞത് സിംഗപ്പൂരില്‍ വച്ചാണ്. അവിടെ വച്ച് ഒരാള്‍ എന്നോട് ചോദിച്ചു സിലുക്കിനെയും എന്നെയും ഒരു മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടാല്‍ എന്താണ് സംഭവിക്കുന്നതെന്ന്. ഞാന്‍ അയാളോട് പറഞ്ഞു. ‘നിങ്ങളുടെ കണ്ണില്‍ ഞാന്‍ ഒരു പുരുഷനും അവളൊരു സ്ത്രീയും മാത്രം. എന്നാല്‍ എനിക്ക് അവള്‍ മകളെപ്പോലെയായിരുന്നു. മാതാപിതാക്കളുടെ സ്നേഹവും സുരക്ഷിതത്വവുമില്ലാതെ വളര്‍ന്നതുകൊണ്ടാണ് സിലുക്കിന് ഇങ്ങനെ ആകേണ്ടി വന്നത്.

അവള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു. അവസാനം എല്ലാവരും അവളെ ചൂഷണം ചെയ്തു. തള്ളിപ്പറഞ്ഞു. ഈ നിരാശയില്‍ അവള്‍ ജീവിതമൊടുക്കി. അടുത്ത ജന്‍മം ഉണ്ടെങ്കില്‍ എനിക്കവളുടെ അച്ഛനായാല്‍ മതി’. സിംഗപ്പൂരിലെ വിമാനത്താവളത്തില്‍ ഞാന്‍ ഈ പറയുന്നത് ഒരു കൂറ്റന്‍ സ്‌ക്രീനില്‍ കാണിച്ചിരുന്നു. എല്ലാവരും അന്ന് കയ്യടിച്ചു. ഞാന്‍ അവളുടെ അധ്യാപകനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നു. എന്നാല്‍ ജീവിതം അവളെക്കൊണ്ട് അതിനപ്പുറം പലതും ചെയ്യിച്ചു- വിനു ചക്രവര്‍ത്തി ആ അഭിമുഖത്തില്‍ പറഞ്ഞു.