Mon. Nov 23rd, 2026

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്നലെ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി. ബിഷപ്പിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഷപ്പിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ പ്രതിഭാഗം എതിര്‍ത്തില്ല. ഇതോടെ പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ബിഷപ്പിന് ഇനി ഹൈക്കോടതിയെ സമീപിക്കാം.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബിഷപ്പ് ഫ്രാങ്കോയെ പാലാ കോടതിയില്‍ എത്തിച്ചത്. കനത്ത സുരക്ഷയില്‍ എത്തിച്ച ബിഷപ്പിനെ കൂകിവിളിച്ചാണ് കോടതി പരിസരത്ത് കൂടി നിന്നവര്‍ എതിരേറ്റത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വേണ്ടി ഹാജരായ അഭിഭാകഷന്‍ രാമന്‍ പിള്ളയാണ് ബിഷപ്പിന് വേണ്ടി ഹാജരായത്. 24ന് ഉച്ചയ്ക്ക് രണ്ടര വരെയാണ് ബിഷപ്പിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് ലൈംഗിക ശേഷി പരിശോധനയും തെളിവെടുപ്പും നടത്തേണ്ടതുണ്ട്.

ജാമ്യാപേക്ഷയിലും പോലീസിന്റെ കസ്റ്റഡി അപേക്ഷയിലും വാദം കേട്ട ശേഷം ഫ്രാങ്കോ മുളയ്ക്കലിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തു എന്നും ബിഷപ്പ് കോടതിയില്‍ പറഞ്ഞത്.ജൂണ്‍ 17ന് നല്‍കിയ പരാതിയില്‍ 84-ാം ദിവസമായ ഇന്നലെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ ബിഷപ്പിനോട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോയെ കുടുക്കിയ തെളിവുകള്‍

* കന്യാസ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നുള്ള വൈദ്യപരിശോധാ റിപ്പോര്‍ട്ട്.
* കന്യാസ്ത്രീ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയ പരാതി.
* ലൈംഗിക പീഡനത്തിന് ഇരയായതായി രേഖപ്പെടുത്തി ഡല്‍ഹി അപ്പസ്‌തോലിക് നുണ്‍ഷ്യോയ്ക്ക് ഇ-മെയില്‍ വഴി നല്‍കിയ പരാതി.
* വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിക്ക് അയച്ച കത്ത്.
* റോമിലേക്കയച്ച മൂന്നു കത്തുകള്‍.
* മാര്‍പ്പാപ്പയ്ക്കു നല്‍കിയ പരാതി ഒപ്പിട്ടുവാങ്ങിയതായി ഇന്റര്‍നെറ്റിലൂടെ ലഭിച്ച തെളിവ്.
* കുറവിലങ്ങാട് മഠത്തിലെ രണ്ടു കന്യാസ്ത്രീകള്‍ മദര്‍ ജനറലിനു നല്‍കിയ പരാതികള്‍
* ജലന്ധര്‍ രൂപതയ്ക്കു കീഴില്‍ കണ്ണൂരിലെ രണ്ടു മഠങ്ങളില്‍ 2014-16 കാലയളവില്‍ നാലു സന്ദര്‍ശനം. രാത്രി താമസം ഒഴിവാക്കി. കുറവിലങ്ങാട്ടെ മഠം 15 തവണ സന്ദര്‍ശിച്ചെന്നും രാത്രി തങ്ങിയെന്നും സന്ദര്‍ശക ഡയറിയില്‍ വിവരം.
* ആദ്യപീഡനം നടന്നതായി പരാതിയില്‍ പറയുന്ന ദിവസം തൊടുപുഴയിലെ കോണ്‍വെന്റിലായിരുന്നുവെന്ന് ബിഷപ് നല്‍കിയ മൊഴി വ്യാജമെന്ന കണ്ടെത്തല്‍.
* ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ അദ്ദേഹത്തിന്റെ ബന്ധു മധ്യസ്ഥന്‍ വഴി സമീപിച്ചെന്നും അഞ്ചു കോടി രൂപയും കന്യാസ്ത്രീക്ക് സഭയില്‍ ഇഷ്ടമുള്ള പദവിയും വാഗ്ദാനം ചെയ്‌തെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ അനേ്വഷണ സംഘത്തിനു നല്‍കിയ മൊഴി
* കന്യാസ്ത്രീയുടെ മാതൃഇടവകയിലെ വികാരി ഫാ. നിക്കോളാസിന്റെ മൊഴി
* കന്യാസ്ത്രീകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമെതിരേ കുറവിലങ്ങാട് പോലീസില്‍ ജലന്ധര്‍ രൂപതാ അധികൃതര്‍ നല്‍കിയ പരാതി വ്യാജമാണെന്ന് കണ്ടെത്തല്‍.

* പത്തേക്കര്‍ ഭൂമി വാഗ്ദാനം ചെയ്ത് സി.എം.ഐ. വൈദികന്‍ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.
* ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായുള്ള ഫോണ്‍ സംഭാഷണം.
* കന്യാസ്ത്രീയുടെ ബന്ധുവായ യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴികള്‍.
* ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതികാര്യാലയത്തില്‍നിന്നു ലഭിച്ച തെളിവുകള്‍.
* ”ഇടയനോടൊപ്പം ഒരു ദിനം” പ്രാര്‍ഥനയുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരേ കൂടുതല്‍ പരാതികള്‍.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913