Fri. Mar 29th, 2024

ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. നായാട്ടുസംഘത്തില്‍ ഉള്‍പ്പെട്ട പേരൂര്‍ എടത്തന കോളനിയിലെ ജയന്‍ (38), കാപ്പാട്ടുമല മക്കോല കളപ്പുര കോളനിനിവാസികളായ വിജയന്‍ (33), ബാലന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി സുമേഷ് ഞായറാഴ്ച അറസ്റ്റിലായിരുന്നു. കാപ്പാട്ടുമല തലക്കാംകുനി അപ്പച്ചന്റെ മകന്‍ കേളു (38)വാണ് വെടിയേറ്റ് മരിച്ചത്.

കേളുവിനെ പേര്യ വള്ളിത്തോട് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിന് സമീപം വനത്തിനോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃഗങ്ങളെ വേട്ടയാടുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയാണ് കേളു മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗനമനം. ഞായറാഴ്ച അറസ്റ്റിലായ സുമേഷിന്റെ മൊഴി മൃഗവേട്ടക്കിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നായിരുന്നു മൊഴി. കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം, തലപ്പുഴ എസ്.ഐ സി.ആര്‍.അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി യിരു ന്നു.വിരലായാള വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി വിശദമായി പരിശോധിച്ചിരുന്നു.

ഇതേ തുടര്‍ന്ന് നടന്ന അന്വേഷ ണത്തിലായിരുന്നു സുമേഷിനെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രിയിലാണ് കേളുവിന് വെടിയേറ്റത്. അടിവയറിനും, കാലിനുമായി വെടിയേറ്റ കേളു പിന്നീട് രക്തം വാര്‍ന്നാണ് മരിക്കുന്നത്.

വെടിയേറ്റ് വീണ കേളു പ്രദേശത്തെ ചിലരെ ഫോണില്‍ അറിയിച്ചിരുന്നതായും സൂചനയുണ്ട്. ഇതെല്ലാം കൂടുതല്‍ അന്വേഷണത്തില്‍ മാത്രമെ വെളിവാകൂ. നായാട്ടുസംഘത്തിലുള്ള മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ നിലവില്‍ നാല് പേരെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തലപ്പുഴ എസ് ഐ എസ്.ഐ സി.ആര്‍.അനില്‍കുമാറും സംഘവുമാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. കൃത്യം മറച്ചുവെച്ചതിനും, തക്ക സമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് നാല് പ്രതികള്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്.