Tue. Nov 24th, 2026

ഫ്രാങ്കോ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്ത ഫാദർ ജെയിംസ് എർത്തയിലിന്റെ മൊഴിയെടുത്തു.

ബിഷപ്പിന് വേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചതായി ഫാ. ജെയിംസ് എർത്തയിൽ മൊഴി നൽകി. കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജ് വഴിയാണ് ബിഷപ്പ് തന്നെ ബന്ധപ്പെട്ടത്. പരാതി പിന്‍വലിച്ചാല്‍ 10 ഏക്കർ ഭൂമിയും മഠവും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും എര്‍ത്തയിലിന്റെ മൊഴിയില്‍ പറയുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഷോബി ജോർജ് എന്നയാളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇതിന് ശ്രമിച്ചതെന്നും ഫാ. ജയിംസ് എർത്തയിൽ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകി.

ബിഷപ്പിനെ നേരിട്ട് പരിചയമില്ല. പഴയ ഒരു സുഹൃത്തായ ഷോബി ജോർജ്ജ് വഴിയാണ് ബിഷപ്പ് ബന്ധപ്പെട്ടത്. കേസിൽ നിന്നും പിൻവാങ്ങാൻ കന്യാസ്ത്രീയ്ക്ക് പണവും ഭൂമിയും വാഗ്ദാനം ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് താൻ കന്യാസ്ത്രീയെ സമീപിച്ചതെന്നാണ് മൊഴിയിൽ വ്യക്തമാക്കിയത്. കൂടുതൽ തെളിവുകൾക്കായി ഷോബി ജോർജ്ജിനെ പോലീസ് ചോദ്യം ചെയ്യും. കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഫ്രാങ്കോ മുളയ്ക്കലിന് ഇതിൽ ശക്തമായ പങ്കുണ്ടെന്നുമുള്ള സുപ്രധാന മൊഴിയായി ഇത് മാറുമെന്നും പൊലീസ് കരുതുന്നു.

ബുധനാഴ്ച രാത്രിയാണ് ഫാദര്‍ ജെയിസ് എര്‍ത്തയിലിന്റെ മൊഴി അന്വേഷണ സംഘം എടുത്തത്. ഏകദേശം ആറുമണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടു.