Thu. Nov 19th, 2026

പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടു പോയ കെവിനെ മുക്കിക്കൊന്നതാണെന്ന് പൊലീസ് നിഗമനം. തെന്‍മയക്കു സമീപം എത്തിയപ്പോള്‍ കെവിന്റെ സുഹൃത്ത് അനീഷിന് ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്തി അനീഷിനെ പുറത്തിറക്കുകയായിരുന്നു. ഈസമയം കെവിനെയും കൊണ്ടുവന്ന വാഹനവും നിര്‍ത്തി അതിലുണ്ടായിരുന്നവര്‍ അനീഷിന്റ വാഹനത്തിനു സമീപമെത്തി. ഈസമയം കെവിനെയും പുറത്തിറക്കിയിരുന്നു. അനീഷ് ഇതു കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും അനീഷിനു സമീപമെത്തിയ തക്കം നോക്കി കെവിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. ഇതു കണ്ട ഷാനും നിയാസും കെവിനെ പിടികൂടാനായി പുറകെ ഓടി.

തെന്‍മല ചാലിയക്കര ആറ്റിനു സമീപമെത്തിയ കെവിനെ ആറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഷാനും സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ ആറ്റില്‍ മുക്കിപ്പിടിച്ചെന്നും അപ്പോഴേക്കും മരണം സംഭവിച്ചെന്നുമാണ് പൊലീസ് നിഗമനം. ഒരാള്‍ ജീവനോടെ വെള്ളത്തില്‍ വീണാല്‍ മാത്രമേ ശ്വാസകോശത്തില്‍ വെള്ളം കയറുകയുള്ളു. അതിനാല്‍ വെള്ളത്തില്‍ വീണപ്പോള്‍ കെവിന് ജീവനുണ്ടായിരുന്നുവെന്നും അവിടെവച്ചുണ്ടായ മല്‍പ്പിടിത്തത്തിലാണ് കെവിന്‍ കൊല്ലപ്പെട്ടതെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു.

സയന്റിഫിക് വിദഗ്ധര്‍ നല്‍കുന്ന സൂചനയും അതുതന്നെയാണ്. ശ്വാസം ഉള്ളിലേക്കെടുത്താല്‍ മാത്രമേ വെള്ളം അകത്തേക്കു കയറുകയുള്ളു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ശരീരത്തില്‍ 20ലേറെ ചതവുകളും മുറിവുകളും ഏറ്റ പാടുകളുണ്ട്. അത് മരണകാരണമല്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞത്. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം കൂടി ലഭിച്ചാല്‍ മാത്രമേ കൊലപാതകത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളുവെന്നും ഹരിശങ്കര്‍.

വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന മൊഴിയാണ് ഷാനും പൊലീസിന് നല്‍കിയതെന്നാണ് വിവരം. എന്നാല്‍ കേസിലെ എല്ലാ പ്രതികളെയും പിടികൂടുകയാണ് ആദ്യലക്ഷ്യമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായും ഉടന്‍തന്നെ ഇവര്‍ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.