Fri. Nov 20th, 2026

മാധ്യമങ്ങള്‍ വിധികര്‍ത്താക്കളാകേണ്ടെന്നും അവരാണ് നാടിനെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് രാഷ്ട്രീയ നിരീക്ഷകന്‍ ജയശങ്കറിന്റെ പരിഹാസത്തില്‍ പൊതിഞ്ഞ മറുപടി. കേരള മുഖ്യമന്ത്രി ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല. തിമിലയല്ല, മദ്ദളമല്ല, ഇലത്താളവുമല്ല എന്നാണ് ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇതാള്‍ വേറെയാണ്. ബ്രണ്ണന്‍ കോളേജില്‍ ഊരിപ്പിടിച്ച കഠാരികള്‍ക്കിടയില്‍ ഊളിയിട്ടു പോയ വിജയന്‍ ഇനി മാധ്യമ സിന്‍ഡിക്കേറ്റിന്റെ മൈക്കും പേനയും കണ്ടു പേടിക്കില്ല. കെവിന്റെ ദുര്‍മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എസ്‌ഐക്ക് ചെറിയ വീഴ്ച സംഭവിച്ചു. അതിന് അയാളെ സസ്‌പെന്‍ഡ് ചെയ്തു, എസ്പിയെ സ്ഥലംമാറ്റി. സര്‍ക്കാരിന്റെ ഭാഗത്ത് യാതൊരു വീഴ്ചയോ ഉപേക്ഷയോ ഉണ്ടായിട്ടില്ല.

കെവിന്‍ തോട്ടില്‍ കാല്‍വഴുതി വീണു മരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു കൊണ്ട് വ്യക്തമാണ്. മാധ്യമ പ്രവര്‍ത്തകര്‍ കെട്ടിപ്പൊക്കിയ നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയാണ്. ജനോപകാരപ്രദമായ പരിപാടികള്‍ നടപ്പാക്കി സധൈര്യം മുന്നേറുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഒരാളെയും അനുവദിക്കില്ല എന്നു പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

മാധ്യമങ്ങള്‍ വിധി പറയേണ്ടെന്നും ചില മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കില്ല. കര്‍ക്കശമായ നടപടി പൊലീസിനുള്ള മറുപടിയാണ്. മുഖ്യമന്ത്രിയുടെ പരിപാടിക്ക് സ്ഥലത്തെ എസ്‌ഐ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും കോട്ടയത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും പിണറായി പറഞ്ഞു. ഡിജിപിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തിയുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പിടികിട്ടിയിട്ടില്ല. അദ്ദേഹം വിടുവായത്തം പറയാന്‍ കേമനാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

കേരള മുഖ്യമന്ത്രി ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല. തിമിലയല്ല, മദ്ദളമല്ല, ഇലത്താളവുമല്ല.

ചേനലുകാരുടെ അജണ്ട ഇവിടെ ചെലവാകില്ല. ഇതാള്‍ വേറെയാണ്. ബ്രണ്ണന്‍ കോളേജില്‍ ഊരിപ്പിടിച്ച കഠാരികള്‍ക്കിടയില്‍ ഊളിയിട്ടു പോയ വിജയന്‍ ഇനി മാധ്യമ സിന്‍ഡിക്കേറ്റിന്റെ മൈക്കും പേനയും കണ്ടു പേടിക്കില്ല.

കെവിന്റെ ദുര്‍മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എസ്‌ഐക്ക് ചെറിയ വീഴ്ച സംഭവിച്ചു. അതിന് അയാളെ സസ്‌പെന്‍ഡ് ചെയ്തു, എസ്പിയെ സ്ഥലംമാറ്റി. സര്‍ക്കാരിന്റെ ഭാഗത്ത് യാതൊരു വീഴ്ചയോ ഉപേക്ഷയോ ഉണ്ടായിട്ടില്ല.

കെവിന്‍ തോട്ടില്‍ കാല്‍വഴുതി വീണു മരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു കൊണ്ട് വ്യക്തമാണ്. മാധ്യമ പ്രവര്‍ത്തകര്‍ കെട്ടിപ്പൊക്കിയ നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയാണ്.

ജനോപകാരപ്രദമായ പരിപാടികള്‍ നടപ്പാക്കി സധൈര്യം മുന്നേറുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഒരാളെയും അനുവദിക്കില്ല.