Thu. Apr 18th, 2024

കര്‍ണാടകയില്‍ രണ്ടര ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ വാജുഭായ് വാല ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

പുതിയ സര്‍ക്കാരിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങ് രാജ്യത്തെ മതേതര കക്ഷികളുടെ സംഗമ വേദി കൂടിയായി. ബി.ജെ.പിയും സഖ്യകക്ഷികളും ഒഴികെയുള്ള എല്ലാ കക്ഷികളുടെയും നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തി.

യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എന്‍.സി.പി നേതാവ് ശരത് പവാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാറില്‍ നിന്നുള്ള നേതാക്കളായ തേജസ്വി യാദവ് ശരദ് യാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി, ഡി.എം.കെയില്‍ നിന്ന് കനിമൊഴി, തുടങ്ങി പ്രതിപക്ഷ നേതാക്കളുടെ നീണ്ടനിരയാണ് ചടങ്ങിനെത്തിയത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്ര​ശേഖര റാവു നേരത്തെ കുമാരസ്വാമിയെ വീട്ടിലെത്തി അഭിനന്ദിച്ചു

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ നിരയെ ഒന്നിപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്റെ മുന്നോടിയാണ് വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ ചടങ്ങ്.