കൊച്ചി: മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ ലോക്‌നാഥ് ബെഹ്‌റയുടെ കാലാവധി അവസാനിക്കാനിരിക്കെ, അദ്ദേഹത്തിന് ഇനി കാലാവധി നീട്ടിനല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍. കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ ബെഹ്‌റയുടെ നിലവിലെ കാലാവധി ആഗസ്റ്റ് 31-ന് അവസാനിക്കും.
മുന്‍പ് ഡി ജി പി പദവിയില്‍ നിന്ന് വിരമിച്ച ശേഷം 2021 ആഗസ്റ്റിലാണ് ബെഹ്‌റ കെ എം ആര്‍ എല്‍ എം ഡിയായി ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് ലഭിച്ച കാലാവധി നീട്ടല്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍, പുതിയ ഉത്തരവുകളൊന്നും ഇറക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ബെഹ്‌റക്ക് പകരം ഐ എ എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പുതിയൊരാളെ എം ഡി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തമുള്ള സംരംഭമായതിനാല്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാകും അന്തിമ പ്രഖ്യാപനമുണ്ടാവുക.

കൊച്ചി മെട്രോയുടെ പേര് ‘കേരള മെട്രോ’ എന്ന് മാറ്റുന്നത് സംബന്ധിച്ച നിര്‍ദേശം അടുത്തിടെ കെ എം ആര്‍ എല്‍ മുന്നോട്ടുവെച്ചിരുന്നു. സര്‍ക്കാരുമായി കൃത്യമായി ആലോചിക്കാതെയാണ് ഇത്തരം നീക്കം നടത്തിയത് എന്ന് ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും ഭരണനേതൃത്വവും ബെഹ്‌റയുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അതിനിടെ കേന്ദ്രത്തിലെയും ഉന്നത തലങ്ങളിലെയും ബന്ധങ്ങള്‍ ഉപയോഗിച്ച് എം ഡി പദവിയില്‍ തുടരാന്‍ അദ്ദേഹം നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. കെ എം ആര്‍ എല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തമുള്ള കമ്പനിയായതിനാല്‍, എം ഡി നിയമനത്തില്‍ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ അനുമതിയും അംഗീകാരവും അനിവാര്യമാണ്. എന്നാല്‍, ഒരുതവണ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയതിനാല്‍ ഇനി ബെഹ്‌റക്ക് പകരക്കാരന്‍ വരണമെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ആളാണെന്നതും ബെഹ്‌റയോടുള്ള താത്പര്യക്കുറവിന് കാരണമാണ്.
കൊച്ചി മെട്രോക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ തന്റെ പ്രവര്‍ത്തന കാലയളവില്‍ ബെഹ്‌റക്ക് കഴിഞ്ഞു. കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ വരെയുള്ള രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തതും ഇന്‍ഫോപാര്‍ക്ക് വഴിയുള്ള ഫേസ് 2 പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് വേഗത കൂട്ടിയതും അദ്ദേഹത്തിന്റെ കാലയളവിലാണ്. കൊച്ചി മെട്രോയില്‍ ദിനംപ്രതി യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്താനും വരുമാന വര്‍ധനക്ക് വഴിയൊരുക്കാനും സഹായിച്ച നിരവധി പരിഷ്‌കാരങ്ങള്‍ ബെഹ്‌റ നടപ്പാക്കി.
ഫീഡര്‍ സര്‍വീസുകള്‍ ഏകോപിപ്പിച്ചു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇ-ബസുകള്‍, ഇ-ഓട്ടോകള്‍, സൈക്കിള്‍ ഷെയറിംഗ് ശൃംഖലകള്‍ എന്നിവ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമാക്കി. ടിക്കറ്റിംഗ് രംഗത്ത് ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുകയും, കൊച്ചി വണ്‍ കാര്‍ഡ് കൂടുതല്‍ സേവനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. മെട്രോ സ്റ്റേഷനുകള്‍ക്ക് ചുറ്റുമുള്ള നടപ്പാതകളുടെയും റോഡുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കാല്‍നടയാത്ര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കി. ഇന്ത്യയിലെ ആദ്യത്തെ സംയോജിത ജലഗതാഗത ശൃംഖലയായ കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് ബെഹ്‌റ നല്‍കിയ നേതൃത്വം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.


