Tue. Nov 24th, 2026

പ്രണയത്തില്‍ ആതിരയുടെ അച്ഛന് എതിര്‍പ്പുണ്ടായിരുന്നുവെന്നും പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചതെന്നും കൊല്ലപ്പെട്ട ആതിരയുമായി വിവാഹം ഉറപ്പിച്ചിരുന്ന ബ്രിജേഷ്. വീട്ടുകാര്‍ വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആതിര തന്നോടൊപ്പം ഇറങ്ങി വന്നിരുന്നു. എന്നാല്‍, രജിസ്റ്റര്‍ വിവാഹം ചെയ്യുകയോ ഒന്നിച്ച് താമസിക്കുകയോ ചെയ്തിരുന്നില്ലെന്നും പോലീസില്‍ അഭയം തേടുകയും പോലീസ് ഇടപെട്ട് വിവാഹം നിശ്ചയിക്കുകയുമായിരുന്നുവെന്നു ബ്രിജേഷ് പറഞ്ഞു.

മലപ്പുറം അരീക്കോട് പത്തനാപുരത്താണ് അതിക്രൂരമായ സംഭവം നടന്നത്. ഇരുപത്തൊന്നുകാരിയായ ആതിരയാണ് കൊല്ലപ്പെട്ടത്. വിവാഹം ഉറപ്പിച്ചതിനു ശേഷവും വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയതെന്നും ബ്രിജേഷ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ അയല്‍വീട്ടില്‍ വീട്ടമ്മയും രണ്ടു മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ഓടിയെത്തിയ ആതിര ഇവരുടെ വീട്ടിനുള്ളില്‍ കയറി വാതില്‍ കുറ്റിയിട്ട് ഒളിച്ചിരിക്കുയായിരുന്നു. അവിടെയെത്തിയ രാജന്‍ വാതില്‍ ചവുട്ടിപ്പൊളിച്ച് മുറിയ്ക്കുള്ളില്‍ എത്തുകയും കഠാര കൊണ്ടു നെഞ്ചില്‍ കുത്തുകയുമായിരുന്നു. ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവായിരുന്നു ആതിരയുടെ മരണത്തിന് കാരണമായത്. ഓടിക്കൂടിയ നാട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ രാജന്‍ പോലീസ് എത്തിയപ്പോള്‍ കീഴടങ്ങി.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യനായി പഠിക്കുന്ന കാലത്താണ് തീയ്യ ജാതിക്കാരിയായ ആതിര കൊയിലാണ്ടി സ്വദേശിയും സൈനികനുമായ ബ്രിജേഷുമായി പ്രണയത്തിലാകുന്നത്. പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളായിരുന്നു ബ്രിജേഷ്. പഠനശേഷം ജോലി ചെയ്യുമ്പോഴും ആതിര ബന്ധം തുടര്‍ന്നു. ഒടുവില്‍ ദീര്‍ഘ പ്രണയത്തിന് ശേഷം വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടില്‍ അറിയിച്ചു. ജാതിഭിന്നതയിലുള്ള ബന്ധം വീട്ടുകാരെ വിശ്വസിപ്പിക്കാന്‍ ആതിര ഏറെ പണിപ്പെടുകയും ചെയ്തു. ഒരു വിധത്തില്‍ വീട്ടില്‍ എല്ലാവരേയും സമ്മതിപ്പിച്ചെങ്കിലും താഴ്ന്ന ജാതിക്കാരനായ യുവാവുമായി വിവാഹം നടത്തുന്ന കാര്യത്തില്‍ രാജന് കടുത്ത എതിര്‍പ്പായിരുന്നു.

വിവാഹം നടക്കാനിരിക്കെ മകളെ അച്ഛന്‍ കൊല ചെയ്തതിന് പിന്നില്‍ ദളിത് യുവാവിനെ വിവാഹം ചെയ്യാനുള്ള മകളുടെ തീരുമാനമാണെന്ന് പോലീസ് വിശദമാക്കി.