Wednesday, July 28, 2021

Latest Posts

പാഴ്വാക്കായ പ്രഖ്യാപനം: പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസം; ആത്മഹത്യാമുനമ്പിൽ മകളും അമ്മയും

അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പണമില്ല. പല ദിവസങ്ങളിലും പട്ടിണിയാണ്. ഇനി ഒറ്റ വഴിയെ മുന്നിലുള്ളൂ. ഒരു മുഴം കയറിൽ ജീവനൊടുക്കുക.’ കെ.എസ്.ആർ.ടി.സി മെക്കാനിക്കായിരുന്ന അയത്തിൽ കരുത്തർ വിള വീട്ടിൽ സുകുമാരൻ ആചാരിയുടെ മകൾ ധന്യയുടെ വാക്കുകളിടറി. 14 വർഷം മുൻപ് മരിച്ച സുകുമാരൻ ആചാരിയുടെ പേരിലുള്ള ഫാമിലി പെൻഷൻകൊണ്ട് കഴിഞ്ഞുപോന്ന കുടുംബമാണിത്. പെൻഷൻ ഇനിയും വൈകിയാൽ ആത്മഹത്യയല്ലാതെ മറ്റു വഴിയില്ല. അഞ്ച് മാസത്തെ പെൻഷനാണ് കുടിശികയുള്ളത്.

ഏഴ് കൊല്ലം മുൻപ് പക്ഷാഘാതം സംഭവിച്ച് സുകുമാരൻ ആചാരിയുടെ ഭാര്യ ചന്ദ്രിക തളർന്ന് കിടപ്പിലായി. ധന്യ ഒറ്റമകളാണ്. വയസ് 35 കഴിഞ്ഞു. വിവാഹം എന്ന സ്വപ്നംതന്നെ കരിഞ്ഞുപോയി. ഉണ്ടായിരുന്ന സ്വർണമെല്ലാം ചന്ദ്രികയുടെ ചികിത്സയ്ക്കായി പണയം വച്ചു.

അമ്മ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് ഒരാഴ്ച മുൻപ് തീർന്നു. വാങ്ങാൻ ഒരു രൂപ പോലുമില്ല. ഇടയ്ക്ക് പനി വന്നപ്പോൾ കടംവാങ്ങിയാണ് ജില്ലാ ആശുപത്രിയിൽ പോയത്. നേരത്തേ വാങ്ങിയത് തിരികെ നൽകാതെ അയൽക്കാരോട് എങ്ങനെ കടം ചോദിക്കും. പെൻഷൻ ഇന്ന് വരും നാളെ വരുമെന്ന പ്രതീക്ഷയിലാണ്.’ ഇതിനിടെ ധന്യയുടെ കവിളിൽ തലോടി ചന്ദ്രിക എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല. പക്ഷാഘാതം സംഭവിച്ചതിനുശേഷം ഇങ്ങനെയാണ്, ചന്ദ്രികയ്ക്ക് വ്യക്തമായി സംസാരിക്കാനാവില്ല. മനസിൽ തോന്നുന്നത് പറയാൻ നാക്ക് വഴങ്ങില്ല.

കെ.എസ്.ആർ.ടി.സി പെൻഷനുള്ളതിനാൽ വെള്ളനിറത്തിലുള്ള റേഷൻ കാർഡാണ് (മുൻഗണനേതര വിഭാഗം). ഓട് മേഞ്ഞ വീട് പലയിടത്തും ചോർന്നൊലിക്കുന്നു. വാതിലുകളും ജനലുകളും ചിതൽ കയറി ദ്രവിച്ചുവീണു.
നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും വെള്ളക്കാർഡായതിനാൽ അറ്റകുറ്റപ്പണിക്ക് പണം കിട്ടിയില്ല. പല മരുന്നുകളും പുറത്ത് മെഡിക്കൽ സ്റ്റേറിൽ നിന്നാണ് വാങ്ങുന്നത്. പെൻഷൻ കിട്ടുന്ന കുടുംബമെന്ന ലേബലുള്ളതിനാൽ മറ്റൊരു സർക്കാർ ആനുകൂല്യവും ലഭിക്കുന്നുമില്ല.

ബാങ്കിംഗ് കൺസോർഷ്യത്തിന്റെ വായ്പ ലഭിച്ചാൽ കെ.എസ്.ആർ.ടി.സി പെൻഷൻ രണ്ട് വർഷത്തേക്ക് സർക്കാർ വിതരണം ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അത് കഴിഞ്ഞാകാം ചികിത്സ എന്നുകരുതിയ നിരവധി പേർ രോഗം മൂർച്ഛിച്ച് മരിച്ചു. വായ്പയ്ക്കുവേണ്ടി ബാങ്ക് കൺസോർഷ്യവുമായുള്ള ചർച്ചകൾ ഇഴഞ്ഞുനീങ്ങുകയാണ്. മറ്റെവിടെ നിന്നെങ്കിലും പണം കണ്ടെത്തി നൽകാനും സർക്കാർ തയ്യാറാകുന്നില്ല.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.