Fri. Sep 18th, 2026

ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാകിസ്ഥാന്റെ അനധികൃത ഇടപെടലുകൾ ഉണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് മൻമോഹൻ സിംഗ് രംഗത്തെത്തി. വില കുറഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്തരം പ്രസ്താവനകൾ നടത്തുന്നത് തികച്ചും വേദനയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ തന്നെ നീചനെന്ന് വിളിച്ചത് പാകിസ്ഥാനിലെ നേതാക്കൾ കോൺഗ്രസ് നേതാക്കളെ കണ്ടതിന് ശേഷമാണെന്നായിരുന്നു മോദിയുടെ ആരോപണം

സമൂഹത്തിൽ അസത്യം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞ മൻമോഹൻ സിംഗ് വിഷയത്തിൽ മോദി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. താൻ വഹിക്കുന്ന പദവിയുടെ മഹത്വത്തെക്കുറിച്ച് മോദി മനസിലാക്കണം. ഇക്കാര്യത്തിൽ അദ്ദേഹം വിവേകം കാണിക്കുമെന്നാണ് പ്രതീക്ഷ. മുൻ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, സൈനിക മേധാവി തുടങ്ങിയവരെ അവഹേളിക്കാനുള്ള ശ്രമമാണ് നിർഭാഗ്യവശാൽ മോദിയിൽ നിന്നുണ്ടായത്. ഗുജറാത്തിലെ ദയനീയ തോൽവി മുന്നിൽ കണ്ടാണ് മോദി ഇത്തരത്തിൽ അപവാദ പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.

ദേശീയതയെക്കുറിച്ച് കോൺഗ്രസിനോട് ധർമോപദേശം നടത്തേണ്ട. പ്രത്യേകിച്ച് ഭീകരാവദത്തോട് എല്ലാത്തരം വിട്ടുവീഴ്ചകളും ചെയ്ത് പോരാടുന്ന ചരിത്രമുള്ള ബി.ജെ.പിയിൽ നിന്നും അതിന്റെ പ്രധാനമന്ത്രിയിൽ നിന്നും. ഉദ്ദംപൂറിലും ഗുർദാസ്പൂറിലും ഭീകരാക്രമണം നടത്തിയ സമയത്ത് ഔദ്യോഗിക ക്ഷണമില്ലാതെ മോദി പാകിസ്ഥാനിലെത്തിയത് ആരും മറന്നിട്ടില്ല. പാക് തീവ്രവാദികൾ ആക്രമണം നടത്തിയ പത്താൻകോട്ടിലെ സൈനിക ആസ്ഥാനത്ത് പാകിസ്ഥാന്റെ ചാരസംഘടനയെ ക്ഷണിച്ചു വരുത്തി അന്വേഷണം നടത്തിച്ചതും താൻ ഓർമ്മിപ്പിക്കാമെന്ന് മൻമോഹൻ കൂട്ടിച്ചേർത്തു.