Fri. Mar 29th, 2024

പി വി അന്‍വറിന്റെ ചീങ്കണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ച് നീക്കാന്‍ ജില്ലാ കളക്ടർ അമിത് മീണ ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ച് നീക്കണമെന്നാണ് ഉത്തവ്. കളക്ടറുടെ അധ്യക്ഷയില്‍ ചേര്‍ന്നദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.നിയമസഭാ പരിസ്ഥിതി സമിതിയംഗം കൂടിയായ പി.വി. അൻവർ തടയണ നിർമ്മിച്ചത് സകല നിയമങ്ങളും ലംഘിച്ചാണെന്ന് ജില്ലാ കളക്ടർ സ്ഥിരീകരിക്കുന്നു.

പെരിന്തല്‍മണ്ണ സബ്കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജലസേചന വകുപ്പിനാണ് തടയണ പൊളിച്ച് നീക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥലഉടമ തടയണ പൊളിച്ച് നീക്കിയില്ലെങ്കിലാണ് സര്‍ക്കാര്‍ തടയണ പൊളിക്കുന്നത്. തടയണ പൊളിക്കുന്നതിനുള്ള ചെലവ് സ്ഥല ഉടമയില്‍ നിന്ന് ഈടാക്കും. ദുരന്ത നിവാരണ നിയമം ലംഘിച്ചാണ് തടയണ നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് 14 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. 8 പേജില്‍ തടയണയുമായി ബന്ധപ്പെട്ട വിവരങ്ങളും 6 പേജില്‍ ചിത്രങ്ങളുമാണ് ഉള്ളത്. പരിസ്ഥിതിസമിതി അംഗമായിരിക്കെയാണ് അന്‍വര്‍ എംഎല്‍എ തടയണ നിര്‍മിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലകപ്പെട്ടത്.

പിവി അന്‍വര്‍ എംഎല്‍എയുടെ തടയണയ്ക്കെതിരെ വനം വകുപ്പ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.. തടയണ ഉരുള്‍പൊട്ടലിനും വന്‍തോതില്‍ മണ്ണൊലിപ്പിനും കാരണമാകുമെന്നാണ് വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥലം സന്ദര്‍ശിച്ച് നിലമ്പൂര്‍ ഡിഎഫ്ഒ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് നല്‍കുന്ന മൂന്നാമത്തെ റിപ്പോര്‍ട്ടായിരുന്നു അത്.

തടയണ സ്ഥിതി ചെയ്യുന്ന ഊർങ്ങാട്ടിരി പഞ്ചായത്തും സമീപത്തെ മൂന്ന് പഞ്ചായത്തുകളും ഉരുൾപൊട്ടൽ ഭീഷണിയിലാണെന്ന സെന്റർ ഫോർ എർത്ത് സയൻസിന്റെ പഠന റിപ്പോർട്ട് അവഗണിച്ചു. തടയണ നിർമ്മിക്കാൻ ഡാം സുരക്ഷാ അതോറിട്ടിയുടെ അനുമതി നേടിയില്ല. മൈൻസ് ആൻഡ് മിനറൽ ആക്ടും ലംഘിച്ചു. സ്പിൽവേയ്ക്ക് ബെഡ് ഡെപ്ത്ത് വരെ ആഴം വേണമെന്നിരിക്കെ മുകൾഭാഗത്ത് മാത്രം വരുന്ന രീതിയിലാണ് നിർമ്മിച്ചത്. മാനദണ്ഡപ്രകാരമുള്ള നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചില്ല. മണ്ണ് വേണ്ട വിധം അമർത്താതെയുള്ള നിർമ്മാണം ചോർച്ചയ്ക്ക് ഇടയാക്കി. റോപ്വേ വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിക്കും. ആനകളുടെ സ്വൈര്യവിഹാര പ്രദേശം കൂടിയാണിത്.