ഇന്ത്യയില്‍ ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് നടന്‍ പ്രകാശ് രാജ്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
അവര്‍ക്ക് എസ് ദുര്‍ഗ എന്ന സിനിമയെക്കുറിച്ച് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അവര്‍ക്ക് ദുര്‍ഗ വൈന്‍ പാര്‍ലറിനെ കുറിച്ച് പ്രശ്‌നങ്ങളൊന്നും ഇല്ല. ഇന്ന് എല്ലാ എതിര്‍ശബ്ദങ്ങുളും നിശബ്ദമാക്കപ്പെടുകയാണ്. എന്നാല്‍ ഓരോ നിശബ്ദതക്കും പകരമായി കൂടുതല്‍ ഉറക്കെ ശബ്ദങ്ങള്‍ പിറവിയെടുക്കുന്നുണ്ട്. സിനിമയുടെ നിര്‍മാണം വരെ തടയുന്നത് ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.
എഴുതി തയ്യാറാക്കിയ പ്രസംഗമായല്ല ഞാന്‍ കേരളത്തിലേക്ക് വന്നത്. അങ്ങനെ വരേണ്ട കാര്യമില്ല. ഇവിടെ ഒന്നിനും സെന്‍സറിംഗ് ഇല്ല. ആരെയും ഒന്നിനെയും ഭയക്കാതെ എനിക്ക് എന്തിനെ കുറിച്ചും സംസാരിക്കാവുന്ന ഇടങ്ങളില്‍ ഒന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് പറഞ്ഞു.പ്രതിഷേധങ്ങളെ നിശബ്ദമാക്കുമ്പോള്‍ കൂടുതല്‍ ശക്തമായ ശബ്ദങ്ങള്‍ ഉയര്‍ന്നുവരുമെന്ന് അദ്ദേഹം പറഞ്ഞു.
കലാകാരനെന്ന നിലയില്‍ സ്വന്തം ശബ്ദം കേള്‍പ്പിക്കേണ്ടത് തന്റെ കടമയാണ്. ഒരു കലാകാരന്‍ ഉയര്‍ന്നുവരുന്നത് അയാളുടെ സര്‍ഗ്ഗവൈഭവം കൊണ്ടുമാത്രമല്ല, സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹവും അംഗീകാരവും കൊണ്ടുകൂടിയാണ്. ആ അര്‍ത്ഥത്തില്‍ നിശബ്ദരാക്കപ്പെടുന്നവരുടെ ശബ്ദമായി മാറേണ്ടത് കലാകാരന്റെ ഉത്തരവാദിത്തമാണ്. ഇന്ന് നമ്മള്‍ ശബ്ദിക്കാതിരുന്നാല്‍ വരും തലമുറ ചിന്തിക്കാന്‍ പോലും ഭയപ്പെടും. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കുന്നത് അപകടകരമായ പ്രവണതയാണെന്നും പ്രകാശ്‌രാജ് പറഞ്ഞു.

