Thu. Apr 25th, 2024

ഡിസംബർ 6: ഇന്ത്യന്‍ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിൻറെ ഓർമ്മദിനം 

ഇതുപോലൊരു ഡിസംബര്‍ 6-നാണ് മതാന്ധരായ ഒരാള്‍ക്കൂട്ടം ഇന്ത്യന്‍ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നത്. മസ്ജിദിന്റെ തകര്‍ന്നുപോയ മൂന്ന് കുംഭഗോപുരങ്ങള്‍ ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകങ്ങളായിരുന്നു. ‘ഭിന്നിപ്പിക്കുക ഭരിക്കുക’ എന്ന കൊളോണിയല്‍ തന്ത്രങ്ങളിലാണല്ലോ ബാബരി മസ്ജിദ് തര്‍ക്കപ്രശ്‌നമാകുന്നത്. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദു മുസ്‌ലിം ഐക്യം കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാരാണ് ഭിന്നിപ്പിക്കുക ഭരിക്കുക എന്ന ‘രാഷ്ട്രതന്ത്രം’ പ്രയോഗിക്കുന്നത്. ഹിന്ദുക്കളും മുസല്‍മാന്‍മാരും തോളോടുതോള്‍ ചേര്‍ന്ന് ഒന്നാം സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാരെ എതിര്‍ത്ത മണ്ണാണ് അയോദ്ധ്യയുടേത്.

ഹിന്ദുത്വത്തിന്റെ പിതാവായ സവര്‍ക്കര്‍ വര്‍ഗീയവാദിയാകുന്നതിനു മുമ്പ് എഴുതിയ 1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന പുസ്തകത്തില്‍ ചാള്‍സ്ബാളിനെ ഉദ്ധരിച്ച് ചേര്‍ത്തിരിക്കുന്നതുനോക്കൂ: “അത്ര അപ്രതിഹതവും ആശ്ചര്യജനകവും അസാമാന്യവുമായ പരിണാമം ലോകചരിത്ത്രില്‍ തന്നെ വിരളമാണ്.” സവര്‍ക്കറുടെ ഈ വിലയിരുത്തല്‍ പോലെ തന്നെയാണ് ജോര്‍ജ് ഡബ്ലിയു ഫോറസ്റ്ററും ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുമുസല്‍മാന്‍ ഐക്യത്തെ വിലയിരുത്തിയത്. “ബ്രാഹ്മണരും ശൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരും ഒരുമിച്ച് വിപ്ലവമുണ്ടാക്കുന്നതിന് സാധ്യതയുണ്ടെന്നതില്‍ കവിഞ്ഞ് ഇന്ത്യന്‍ വിപ്ലവം നല്‍കുന്ന മറ്റൊരു മുന്നറിയിപ്പില്ല.”


കൊളോണിയല്‍ ചരിത്രകാരന്മാര്‍ ഇന്ത്യയുടെ ചരിത്രത്തെ വര്‍ഗീയ അടിസ്ഥാനത്തില്‍ നിര്‍മിച്ചതോടെയാണ് ഇന്ത്യന്‍ സമൂഹത്തില്‍ മതവിഭജനത്തിനുള്ള ആശയപരിസരം രൂപപ്പെട്ടത്. ബാബരിമസ്ജിദ് പൊളിച്ച കര്‍സേവകര്‍ക്ക് അതിനുള്ള പ്രത്യയശാസ്ത്രപരിസരം ഒരുക്കിക്കൊടുത്തത് ബ്രിട്ടീഷ് ഭരണാധികാരികളായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യന്‍ ഭരണവര്‍ഗങ്ങളും അമേരിക്കന്‍ സാമ്രാജ്യത്വ കേന്ദ്രങ്ങളും ഹിന്ദുത്വവാദത്തിന് വെള്ളവും വളവും നല്‍കിയതിലൂടെയാണ് അത് ഇന്ന് ഹിംസാത്മകമായി വളര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ ദേശീയസ്വത്വത്തിനും പരമാധികാരത്തിനും ഭീഷണിയായി സംഘ്പരിവാര്‍ രാഷ്ട്രീയം മാറിക്കഴിഞ്ഞിരിക്കുകയാണ്.

എല്ലാ മസ്ജിദുകളും മന്ദിറുകളാണെന്ന് വാദിക്കുകയും കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് മോദി ഭരണത്തിന്റെ തണലില്‍ സംഘ്പരിവാര്‍ സംഘടനകള്‍. ഏറ്റവും ഒടുവിലായി ഗ്യാൻവാപി പള്ളിയിലും
താജ്മഹല്‍ അഗ്രേശ്വര തേജോമഹാലയ എന്ന ശിവക്ഷേത്രമാണെന്ന് വാദിച്ചും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. തന്റെ പ്രണയിനി മുംതാസിന്റെ സ്മരണക്കായ് ഷാജഹാന്‍ ചക്രവര്‍ത്തി പണിത താജ്മഹല്‍ സപ്താത്ഭുതങ്ങളിലൊന്നാണ്. പ്രണയത്തിന്റെ നിത്യസ്മാരകത്തെ തര്‍ക്കഭൂമിയാക്കി കലാപമുണ്ടാക്കാന്‍ നോക്കുകയായിരുന്നു ആര്‍ എസ് എസുകാര്‍.



പശുവിന്റെ പേരില്‍ മാത്രം കഴിഞ്ഞഒരു ദശാബ്ദത്തിനുള്ളിൽ എത്രയോ പച്ചപ്പാവങ്ങളെയാണ് ഗോരക്ഷാസേന എന്നപേരില്‍ ആര്‍ എസ് എസ് രൂപം കൊടുത്ത വര്‍ഗീയ ഗുണ്ടാസംഘങ്ങള്‍ കൊലപ്പെടുത്തിയത്. പ്രണയത്തിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും എല്ലാം പേരില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ചരിത്രത്തെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും മതവര്‍ഗീയ അടിസ്ഥാനത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് ഹിന്ദുത്വവാദികള്‍ സംസ്‌കാര സംഘര്‍ഷത്തിന്റെ കൊലക്കളമാക്കി നാടിനെ അധഃപതിപ്പിക്കാന്‍ നോക്കുന്നത്.

വെറുപ്പിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയത്തിലധിഷ്ഠിതമായ സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രം കൊളോണിയല്‍ സൃഷ്ടിയാണ്. 1813-ല്‍ ബാബര്‍നാമയുടെ പരിഭാഷ നിര്‍വഹിച്ച ജോണ്‍ലെയ്ഡന്‍ ബാബറുടെ അയോധ്യയിലൂടെയുള്ള കടന്നുപോക്കിനെ സംബന്ധിച്ച് നടത്തിയ ഒരു പരാമര്‍ശത്തെ പിടിച്ചാണ് പിന്നീട് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ അയോധ്യയുമായി ബന്ധപ്പെട്ട കെട്ടുകഥകള്‍ മെനഞ്ഞുണ്ടാക്കിയത്.

1949-ല്‍ വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തിയതും പള്ളി തര്‍ക്കഭൂമിയാക്കി അടച്ചുപൂട്ടിയതും സംഘ്പരിവാറും മൃദുഹിന്ദുത്വവാദികളും നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ്. 1980-കളോടെ നമ്മുടെ രാജ്യത്താരംഭിച്ച നവലിബറല്‍ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയിലാണ് ബാബരിമസ്ജിദ് പ്രശ്‌നവത്കരിക്കപ്പെടുന്നത്. വാഷിംഗ്ടണില്‍ നടന്ന വിശാല ഹിന്ദുസമ്മേളനം 3000 ആരാധനാലയങ്ങള്‍ തര്‍ക്കഭൂമിയായി പ്രഖ്യാപിക്കുകയായിരുന്നു. വിശ്വഹിന്ദു പരിഷത്ത് അടിയന്തരമായി ക്ഷേത്രങ്ങള്‍ പൊളിച്ചുപണിത 144 പള്ളികള്‍ തിരിച്ചുപിടിക്കാനുള്ള പ്രസ്ഥാനം ആരംഭിച്ചു. അതിലാദ്യത്തേതായിരുന്നു അയോദ്ധ്യ.


ധര്‍മസ്ഥാന്‍ മുക്തിയജ്ഞസമിതിയും അതിന്റെ ഭാഗമായി രാമജന്മഭൂമി മുക്തിയജ്ഞസമിതിയും രൂപവത്കരിച്ചു. 1986 മാര്‍ച്ച് ഒന്‍പത് രാമജന്മഭൂമിയുടെ വിമോചനമായി പ്രഖ്യാപിച്ചുകൊണ്ട് വി എച്ച് പി അക്രമാസക്തമായ വര്‍ഗീയവത്കരണത്തിന് തീകൊടുക്കുകയായിരുന്നു. 1992 ഡിസംബര്‍ ആറിന് മസ്ജിദ് പൊളിക്കുന്നതിലൂടെ രാഷ്ട്രത്തിന്റെ ആത്മാവിനുതന്നെയാണ് തീകൊളുത്തിയത്. രാമജന്മഭൂമി പ്രസ്ഥാനം ഹിന്ദുരാഷ്ട്ര നിര്‍മിതിക്കുള്ള പ്രത്യയശാസ്ത്ര അജന്‍ഡയുടെ ഭാഗമായിരുന്നു. രാജ്യത്തെ വര്‍ഗീയവത്കരിച്ച് ഭൂരിപക്ഷ മതധ്രുവീകരണമാണ് ആര്‍ എസ് എസ് ലക്ഷ്യമിട്ടത്.

രാമജന്മഭൂമി ക്യാമ്പയിനിലൂടെ വര്‍ഗീയധ്രുവീകരണം വളര്‍ത്തിയെടുത്താണ് സംഘ്പരിവാര്‍ ഇന്ന് ദേശീയാധികാരം കൈയടക്കിയിരിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ച്ചയുടെ ഈ വര്‍ഷികദിനമാവശ്യപ്പെടുന്നത്, അസഹിഷ്ണുതയുടെയും മതനിരപേക്ഷ നിരാകരണത്തിന്റെതുമായ ഹിന്ദുത്വഫാസിസ്റ്റ് ഭീഷണിക്കെതിരെ ഇന്ത്യന്‍ സമൂഹത്തിന്റെ യോജിച്ച പോരാട്ടമാണ്.

കോര്‍പറേറ്റ് മൂലധനവും ഹിന്ദുത്വവും ചേര്‍ന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരായ പോരാട്ടം. നവലിബറല്‍ നയങ്ങളും വര്‍ഗീയതയും തമ്മിലുള്ള ബന്ധത്തെ കാണാത്തവരാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളെന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്ലാ കാലത്തും പരസ്യവും രഹസ്യവുമായി ഹിന്ദുവര്‍ഗീയവാദികളുമായി ബന്ധം പുലര്‍ത്തിപ്പോന്നിട്ടുണ്ട്.


കോണ്‍ഗ്രസും ബി ജെ പിയും ഒരര്‍ഥത്തില്‍ വേരുറപ്പിച്ചിരിക്കുന്നത് ഒരേ സാമൂഹിക സാമ്പത്തിക ശക്തികളിലാണ്. ആര്‍ എസ് എസിന്റെ സാംസ്‌കാരിക ശക്തിയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശക്തിയും ഒന്നിച്ചുചേരണമെന്നാണ് ഗോള്‍വാള്‍ക്കര്‍ സ്വപ്‌നം കണ്ടിരുന്നത്. ഗോള്‍വാള്‍ക്കറുടെ ഈ രഹസ്യസ്വപ്‌നം കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്നും പങ്കിട്ടുപോന്നിട്ടുണ്ട്. നെഹ്‌റു ജീവിച്ചിരുന്ന കാലത്തുപോലും കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ ആര്‍ എസ് എസ് അജന്‍ഡക്ക് കൂട്ടുനിന്നിട്ടുണ്ട്. ബാബരിമസ്ജിദ് പ്രശ്‌നം അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. കേരളത്തിലെ ശൂദ്രകലാപത്തിലും രാഹുലിനെ വകവെക്കാതെ ചെന്നിത്തല ഗാന്ധിയും മറ്റും അതാണ് ചെയ്തതും.  

1949 ഡിസംബര്‍ 22-ന് അര്‍ധരാത്രിയാണ് ബാബരി മസ്ജിദിനകത്തേക്ക് വിഗ്രഹങ്ങള്‍ ഹിന്ദുമഹാസഭക്കാര്‍ ഒളിച്ചുകടത്തി സ്ഥാപിച്ചത്. അതിന് നേതൃത്വം കൊടുത്തത് ഹിന്ദു മഹാസഭാ നേതാക്കളായ ബാബാ രാഘവദാസ്, ദിഗ്‌വിജയനാഥ്, സ്വാമി കര്‍പത്‌നി എന്നിവരായിരുന്നു. വിഗ്രഹം ഒളിച്ചു കടത്തി സ്ഥാപിച്ചവര്‍ പള്ളിക്കകത്ത് രാമവിഗ്രഹം സ്വയംഭൂവായെന്ന് നുണപ്രചാരണം നടത്തുകയായിരുന്നു.

അന്നത്തെ യു പി സര്‍ക്കാറിനോട് ഒളിച്ചുകടത്തിയ വിഗ്രഹം നീക്കം ചെയ്യാന്‍ നെഹ്‌റു ആവശ്യപ്പെട്ടതാണ്. പള്ളിക്കകത്തെ വിഗ്രഹങ്ങള്‍ എടുത്ത് സരയൂ നദിയിലേക്ക് എറിഞ്ഞുകളയാനാണ് അന്നത്തെ യു പി മുഖ്യമന്ത്രി ഗോവിന്ദ്‌വല്ലഭ് പന്തിന് നിര്‍ദേശം നല്‍കിയത്. പക്ഷേ, ഹിന്ദുമഹാസഭക്കാരന്‍ കൂടിയായ ഗോവിന്ദ്‌വല്ലഭ് പന്ത് ഫൈസാബാദ് ജില്ലാ കലക്ടറായിരുന്ന കെ കെ നായരുടെ സഹായത്തോടുകൂടി പള്ളിക്കകത്തെ വിഗ്രഹങ്ങള്‍ നിലനിര്‍ത്തി പള്ളി തര്‍ക്കഭൂമിയാണെന്ന് ഉത്തരവിറക്കി പൂട്ടിയിടുകയാണ് ചെയ്തത്.


ഈ ഹിന്ദുത്വാനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.പിയായിരുന്ന ആചാര്യ നരേന്ദ്രദേവ് രാജിവെച്ചത്. പിന്നീട് ഫൈസാബാദ് പാര്‍ലിമെന്റ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ ആചാര്യ നരേന്ദ്രദേവ് മത്സരിച്ചു. അദ്ദേഹത്തെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് പള്ളിക്കകത്ത് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തുന്നതിന് നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭക്കാരനായ ബാബാരാഘവദാസ് എന്ന സന്യാസിയെയായിരുന്നു.

ബാബ്‌റിമസ്ജിദിന്റെ തകര്‍ച്ചയിലുടനീളം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള അവിശുദ്ധ ബാന്ധവങ്ങളുടെയും ഉപജാപങ്ങളുടെയും ചരിത്രം കാണാം. 1986-ല്‍ തര്‍ക്കഭൂമിയായ പള്ളി ഒരു കീഴ്‌ക്കോടതിവിധിയെ നിമിത്തമാക്കി ഹിന്ദുത്വവാദികള്‍ക്ക് തുറന്നുകൊടുത്തത് രാജീവ്ഗാന്ധിയും എന്‍ ഡി തിവാരിയുമായിരുന്നു. പിന്നീട് ശിലാന്യാസത്തിന് അനുവാദം കൊടുത്തതും അവര്‍ തന്നെ.

പാര്‍ലിമെന്റിന്റെയും ദേശീയ ഉദ്ഗ്രഥന സമിതിയുടെയും സുപ്രീം കോടതിയുടെയും കര്‍ശനമായ നിര്‍ദേശം ഉണ്ടായിട്ടും പള്ളി സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച നരസിംഹ റാവു സര്‍ക്കാറാണ് 1992 ഡിസംബര്‍ 6-ന് മസ്ജിദിന്റെ തകര്‍ച്ചക്ക് ഉത്തരവാദിയായത്. പള്ളിതകര്‍ത്തത് ആര്‍ എസ് എസുകാരാണെങ്കിലും അതിന് ഒത്താശ ചെയ്തുകൊടുത്തത് നരസിംഹറാവു ഗവണ്‍മെന്റായിരുന്നു.

ചരിത്രം വര്‍ത്തമാനത്തെക്കൂടിയാണ് ഓര്‍മിപ്പിക്കുന്നത്. ഗോവധ നിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന നിലപാടുകള്‍ സംഘ്പരിവാര്‍ നിലപാടുകളെ പിന്‍പറ്റുന്നതാണ്. നവലിബറല്‍ മൂലധനത്തിനും ഹിന്ദുത്വശക്തികള്‍ക്കുമെതിരായ സാമൂഹികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ മണ്ഡലങ്ങളില്‍ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടേ മോദി സര്‍ക്കാറിന്റെ പിന്‍ബലത്തില്‍ ഹിംസാത്മകമായി വളര്‍ന്നിരിക്കുന്ന വര്‍ഗീയഫാസിസ്റ്റ് ഭീഷണിയെ പ്രതിരോധിക്കാനാകൂ.


ബാബറി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്തത്തിന്റെ  വാര്‍ഷികത്തില്‍ ആനന്ദ് പട്‌വര്‍ദ്ധന്റെ രാം കെ നാം (In The Name of God) എന്ന ഡോക്യുമെന്ററിയെക്കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുമ്പുള്ള അയോധ്യയുടേയും ഇന്ത്യയുടേയും രാഷ്ട്രീയ സാഹചര്യവും സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തി സംഘപരിവാര്‍ പിടിമുറുക്കുന്നതുമാണ് ചിത്രം പറയുന്നത്. ആരൊക്കെയാണ് ഈ ഹിന്ദുത്വ ഫാഷിസത്തിന്റെ വരവിനെ ചെറുക്കാന്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രമിച്ചത് എന്നും ചിത്രം പറയുന്നു. ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ്, സിപിഐ നേതാവ് എബി ബര്‍ദന്‍ തുടങ്ങിയവര്‍ പ്രസംഗിക്കുന്നു.

അയോധ്യയിലെ മുഖ്യ പൂജാരി മഹന്ത് ലാല്‍ദാസ്, സാമുദായിക ധ്രുവീകരണവും വര്‍ഗീയ കലാപങ്ങളുമുണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയെ തുറന്നുകാട്ടുന്നുണ്ട്. സംഘപപരിവാറിന്റെ വര്‍ഗീയ അജണ്ടക്കെതിരെ ഇതില്‍ ആനന്ദ് പട്‌വര്‍ദ്ധനുമായി മഹന്ത് ലാല്‍ സംസാരിക്കുന്നു. രാമജന്മഭൂമി പ്രശ്‌നം ഉയര്‍ത്തിയും അയോദ്ധ്യയില്‍ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപപ്പെട്ടും 1990ല്‍ ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്ര രാജ്യത്തുടനീളം വര്‍ഗീയ വിഷം പടര്‍ത്തുകളും കലാപങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു. രഥയാത്രയേയും സംഘപരിവാറിന്റെ രാമക്ഷേത്ര നിര്‍മ്മാണ അജണ്ടയേയും ശക്തമായി എതിര്‍ത്തിരുന്ന അദ്ദേഹം 1993ല്‍ കൊല്ലപ്പെടുകയായിരുന്നു.

ബാബാബരി മസ്ജിദ് തകർച്ചയുടെ പശ്ചാത്തലത്തിൽ ഗെയിം ഓഫ് അയോധ്യ എന്ന സിനിമയെടുത്ത സംവിധായകന്റെ വീടിനു നേരെ സംഘപരിവാർ ആക്രമണം. നടത്തി. ഗെയിം ഓഫ് അയോധ്യ എന്ന സിനിമ സംവിധാനം ചെയ്ത സുനിൽ സിങ്ങിന്റെ വീടിനു നേരെയാണ് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ആക്രമണം നടത്തിയത്.

ബരി മസ്ജിദ് തകർക്കപ്പെട്ട കാലഘട്ടത്തിലെ ഹിന്ദു മുസ്ലിം പ്രണയമാണ് ചിത്രം പ്രമേയമാക്കുന്നത്. ഫെെസാബാദ്, ലക്നോ, അയോധ്യ, മുംബെെ എന്നിവിടങ്ങളിലായാണ് ചീത്രീകരണം പൂർത്തിയാക്കി സിനിമ പ്രദർശനത്തിന് എത്താനിരിക്കേയായിരുന്നു സംഭവം. ആക്രമണ സമയത്ത് 250 ഓളം പൊലീസുകാർ ഉണ്ടായിരുന്നിട്ടും അക്രമികളെ തടഞ്ഞില്ല.

രാജ്യത്തെ ശിഥിലമാക്കുവാനും വര്‍ഗ്ഗീയവല്‍ക്കരിക്കാനുമുള്ള സാമ്രാജ്യത്വ ഗൂഢാലോചനയുടെ തുടര്‍ച്ചയിലാണ് ചരിത്രപ്രസിദ്ധമായ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. നാനൂറിലേറെ വര്‍ഷക്കാലം അയോദ്ധ്യയിലെ മുസ്‌ലീങ്ങള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന പള്ളി തര്‍ക്ക പ്രശ്‌നമാക്കുന്നത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയുടെ ചരിത്രത്തെ വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ വിഭജിച്ച ഇന്തോളജിസ്റ്റുകളായ ബ്രിട്ടീഷ് ചരിത്രകാരന്‍മാരാണ് മതാധിഷ്ടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ആശയപരിസരമൊരുക്കിയത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍മാരുടെ തോന്നലുകളും ഊഹാപോഹങ്ങളും ചേര്‍ത്ത് ബാബരി മസ്ജിദ് രാമക്ഷേത്രം നിലനിന്ന സ്ഥലത്താണ് ബാബര്‍ പണിതതെന്ന വ്യാജ ചരിത്ര നിര്‍മ്മിതിയാണ് ഇന്ത്യയില്‍ ആരാധനാലയ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടത്.


പത്തൊന്‍പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ വിരുദ്ധ കലാപങ്ങളെ അതിജീവിക്കാനാണ് ബ്രിട്ടീഷുകാര്‍ പഴയ റോമാസാമ്രാജ്യത്തിന്റെ രാഷ്ട്രതന്ത്രമായ ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന തന്ത്രം ഉപയോഗിച്ചത്. ”മുഹമ്മദീയര്‍ അടിസ്ഥാനപരമായി ബ്രിട്ടീഷുകാര്‍ക്കും അവരുടെ നയങ്ങള്‍ക്കും എതിരാണ്. അതിനാല്‍ നമ്മുടെ നയം ഹിന്ദുക്കളുമായി രമ്യതയിലാകുന്നതായിരിക്കണം” എന്ന് 1843 ല്‍ ഗവര്‍ണര്‍ എല്ലന്‍ബറോ പ്രഭു വൈസ്രോയി വെല്ലിംഗ്ടണ്‍ പ്രഭുവിന് എഴുതുകയുണ്ടായി.

ബ്രാഹ്മണരും ശൂദ്രരും ഹിന്ദുക്കളും ഒരുമിച്ച് വിപ്ലവമുണ്ടാക്കുവാന്‍ സാദ്ധ്യതയുണ്ടെന്നതില്‍ കവിഞ്ഞ് 1857 ലെ കലാപം നല്‍കുന്ന മറ്റൊരു മുന്നറിയിപ്പുമില്ലെന്നാണ് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും സിവില്‍ ഭരണരംഗത്തെ ഉന്നതരും വിലയിരുത്തിയത്.

ജനങ്ങളുടെ മതാതീതമായ ഐക്യത്തെ തടയുക എന്ന ബ്രിട്ടീഷ് കൊളോണിയല്‍ തന്ത്രങ്ങളിലാണ് ബാബരി മസ്ജിദ് രാമജന്മഭൂമി തര്‍ക്കം ഉടലെടുക്കുന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുവും മുസല്‍മാനും തോളോട് തോള്‍ ചേര്‍ന്ന് പോരാടി. ബ്രിട്ടീഷ് ഭരണവ്യവസ്ഥയുടെ നെടുംതൂണുകളെ പിടിച്ചുകുലുക്കി.

ജനങ്ങള്‍ ഫൈസാബാദിലും അയോദ്ധ്യയിലും ബ്രിട്ടീഷുകാര്‍ക്ക് എതിരെ പടനയിച്ച നാളുകളില്‍ ഭൂരിപക്ഷം വരുന്ന മഹന്തുക്കളും ബ്രിട്ടീഷുകാരുടെ പക്ഷത്തായിരുന്നു. ബ്രിട്ടീഷ് പാദസേവയുടെ ദൗത്യമാണ് അവര്‍ നിര്‍വ്വഹിച്ചത്.

ഇതിനുള്ള ഉപകാരസ്മരണയായിട്ടാണ് 1858 ല്‍ അന്നത്തെ ബ്രിട്ടീഷ് റെസിഡന്റ് പള്ളിയിലേക്കുള്ള പ്രവേശനം വടക്കെ ഗോപുരം വഴിയാണെന്ന് ഉത്തരവിറക്കിയത്. ഹിന്ദുക്കള്‍ക്ക് ബാബറി മസ്ജിദിന് മുമ്പില്‍ ആരാധനക്കായി സ്ഥലം നല്‍കിയത്. ഇത് അയോദ്ധ്യയിലെ ചിരപുരാതനമായ ഹിന്ദു-മുസ്ലീം ഐക്യത്തില്‍ വിള്ളല്‍ വരുത്താനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു.


ഹിന്ദുക്കള്‍ക്കും മൂസ്ലീങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ പതുക്കെ രൂപപ്പെട്ടപ്പോള്‍ ഒരു സംഘര്‍ഷത്തിനും വഴിവെക്കാതെ മഹന്ത് രാംചരണ്‍ദാസും ഫൈസാബാദ് മൗലവിയും ധാരണയുണ്ടാക്കി. ഹിന്ദു-മുസ്ലീം ഐക്യം തകര്‍ക്കാനും അയോദ്ധ്യയെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുമുള്ള ബ്രിട്ടീഷു നീക്കങ്ങളെ തടഞ്ഞു.

ഇതിന് പ്രതികാരമായിട്ടാണ് 1858 മാര്‍ച്ച് 10 ന് ഈ രണ്ട് നേതാക്കളെയും പരസ്യമായി തൂക്കിലേറ്റിയത്. ഹിന്ദു-മുസ്ലീം ഐക്യത്തിനുവേണ്ടി നിലകൊണ്ട ”അപരാധ”ത്തിനാണ് ബ്രിട്ടീഷുകാര്‍ മഹന്ത് രാംചരണ്‍ദാസിനെയും മൗലവി അമീര്‍ അലിയെന്ന ഫൈസാബാദ് മൗലവിയെയും വധിച്ചത്. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള ആദ്യ രക്തസാക്ഷിത്വമാണ് ഇവരുടേത്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ഇതേ കൊളോണിയല്‍ തന്ത്രമാണ് കോണ്‍ഗ്രസ് ഭരണകൂടം തുടര്‍ന്നത്. നെഹ്‌റുവിനെപോലുള്ള ശക്തനായ ഒരു മതനിരപേക്ഷവാദിയെപോലും മറികടന്നുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ഹിന്ദുത്വ അജണ്ടയ്ക്ക് സഹായമേകിയത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്ലാകാലത്തും രഹസ്യവും പരസ്യവുമായി ഹിന്ദുവര്‍ഗ്ഗീയ വാദികളുമായി ബന്ധം പുലര്‍ത്തിപ്പോന്നിട്ടുണ്ട്.