Sat. Nov 21st, 2026

കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മലപ്പുറത്ത് അരങ്ങേറിയ താത്തക്കുട്ടികളുടെ ഫ്‌ളാഷ് മോബ്. ജിമിക്കി കമ്മല്‍ പാട്ടിനു ചുവട് വെച്ച് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരുന്നു.

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് മലപ്പുറം ടൗണില്‍ സ്വകാര്യ കോളെജിലെ ഏതാനും വിദ്യാര്‍ഥിനികള്‍ ബോധവത്കരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് നടത്തിയത്. ഇതിനെതിരെ നിരവധി അഭിപ്രായ പ്രകടനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ നടന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ നിരവധി സദാചാരവാദികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

വിദ്യാര്‍ത്ഥികളേയും അവരുടെ വീട്ടുകാരേയും വരേ തെറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് ഫെസ്ബുക്ക് ആങ്ങളമാര്‍ നടത്തിയത്. ഫ്‌ളാഷ് മോബ് നടത്തിയ ഉമ്മച്ചിക്കുട്ടികളെ അനുകൂലിച്ച് രംഗത്തു വന്നവര്‍ക്കും കിട്ടി ഫെസ്ബുക്ക് ആങ്ങളമാരുടെ വക തെറിയഭിഷേകം.

ഇതിനായി ഇവര്‍ കണ്ടെത്തുന്ന ന്യായം ഫ്‌ളാഷ് മോബ് പോലുള്ള പ്രവര്‍ത്തികളിലൂടെ ഇസ്ലാം എന്ന മഹത്തായ മതം പൊതുസമൂഹത്തിനു മുന്നില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു എന്നതാണ്.

എന്നാല്‍ വിമര്‍ശകരെ എതിര്‍ത്തും പെണ്‍കുട്ടികളെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. അത്തരത്തില്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.

ഉമ്മച്ചിക്കുട്ടികളുടെ ഫ്‌ളാഷ് മോബിനെയും അതിനെ അനുകൂലിച്ചതിനു ഫെസ്ബുക്ക് ആങ്ങളമാരെന്നും ഇസ്ലാം മതത്തിന്റെ വക്താക്കളെന്നും സ്വയം വിശ്വസിച്ചു നടക്കുന്നവരുടെ വിമര്‍ശനാക്രമണത്തിനു പാത്രമാകേണ്ടിവന്ന റേഡിയൊ ജോക്കി ആര്‍.ജെ സൂരജിനേയും പിന്തുണക്കുന്ന പെണ്‍കുട്ടിയുടെ അഭിപ്രായപ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് കളിച്ചതിതെ ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടുന്ന കാര്യമെന്ന തരത്തില്‍ വിമര്‍ശിക്കുന്നവര്‍ നടത്തുന്ന ഇത്തരം തെറി വിളികളും അസഭ്യം പറച്ചിലും കൊണ്ടു ഇസ്ലാം മതത്തില്‍ നിന്നും സമൂഹത്തിന് എന്ത് ശരിയായധാരണയാണ് നല്‍കുന്നതെന്നു വീഡിയോയിലൂടെ പെണ്‍കുട്ടി വിമര്‍ശിക്കുന്നു.

അവനവന്റെ വ്യക്തി സ്വാതന്ത്രത്തില്‍ നിന്നു കൊണ്ടു പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നു പറയുന്നതിനോടൊപ്പംതന്നെ വിമര്‍ശകര്‍ക്കു മറുപടിയെന്നോണം ഒരു പാട്ടും പാടിയ ശേഷമാണ് വീഡിയോ അവസാനിക്കുന്നത്. നിരവധി ആളുകള്‍ ഇതിനോടകം വീഡിയോ കാണുകയും പെണ്‍കുട്ടിയെ പ്രശംസിച്ചു നിരവധി അഭിപ്രായങ്ങള്‍ കമന്റുകളായി കുറിക്കുകയും ചെയ്തു.