Thu. Apr 25th, 2024

കൊച്ചിയുടെ രാവ് പകലാക്കി സദാചാര പൊലീസിംഗിനെതിരെ പ്രതിഷേധം’ പൊലീസുകാരുടെ സദാചാര ആക്രമണത്തിനിരയായ ബര്‍സ ആഹ്വാനം ചെയ്ത ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പ്രതിഷേധ സമരം ഇന്നലെ കൊച്ചിയില്‍ നടന്നു ‘അനീതി നടന്ന അതേ നഗരത്തില്‍ അതേ രാത്രിയില്‍’ എന്ന മുദ്രാവാക്യവുമായി എറണാകുളം വഞ്ചി സ്‌ക്വയറിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.. ഇന്നലെ വൈകുനേരം 6 30 ന് ആരംഭിച്ച പ്രതിഷേധ പരിപാടിയില്‍ വന്‍ ജനപ്രവാഹമായിരുന്നു ബര്‍സക്കും പ്രതീഷിനും ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് എത്തിയത്.

ഡിസംബര്‍ ഒന്നിന്‌ പുലര്‍ച്ചെ രണ്ടുമണിക്ക് സുഹൃത്തായ പ്രതീഷിന്റെ വീട്ടില്‍ നിന്ന് അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേയ്ക്ക്് പോകുകയായിരുന്ന അമൃത ഉമേഷ് (ബര്‍സ) സദാചാര പൊലീസിംഗിനും ശാരീരിക ആക്രമണത്തിനും ജാതി അധിക്ഷേപത്തിനും ഇരയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇരയും പ്രമുഖ ദളിത് ആക്റ്റിവിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ ബര്‍സ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പ്രതിഷേധ പ്രതിപാടിക്ക ആഹ്വാനം ചെയ്തത്.

കേരളത്തിലുടനീളവും എറണാകുളം നഗരത്തില്‍ പ്രത്യേകിച്ചും പോലീസ് നേരിട്ട് തന്നെ സദാചാര ഗുണ്ടായിസവും കയ്യേറ്റവും നടത്തുകയാണ്. സ്ത്രീകളും ട്രാന്‍സ്‌ജെണ്ടേഴ്‌സും മറ്റ് ലിംഗ ലൈംഗിക വ്യക്തിത്വങ്ങളും യുവാക്കളുമാണ് ഇത്തരം ഭീകര ആക്രമണങ്ങള്‍ക്ക് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നത്.ഒറ്റക്കൊരു സ്ത്രീ സഞ്ചരിച്ചുപോയി രാത്രിയില്‍ എന്നതാണ് അവര്‍ക്ക് ഇതിനൊക്കെ പ്രചോദനമായ ആ ‘ഭീകര’ കുറ്റകൃത്യം.

ഈ കൊടും കുറ്റം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു ഇന്നലെ. അതെ ഞങ്ങളാണ് ആ ‘കൊടും ഭീകരരെന്ന്” എന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചു.

അനീതി നടന്ന അതേ നഗരത്തില്‍ അതേ രാത്രിയില്‍ നമ്മള്‍ സ്വതന്ത്ര്യം പ്രഖ്യാപിക്കുന്നു. അഥവാ സ്വാതന്ത്ര്യം, അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപിക്കുന്നു.രാത്രി നമ്മുടേതാണ്, പകലെന്ന പോലെ. നടക്കാനും കൂട്ടുകൂടാനും ബന്ധങ്ങള്‍ സൂക്ഷിക്കാനും ഇണകളെ തിരഞ്ഞെടുക്കാനും പ്രേമിക്കാനും എന്നുവേണ്ട വ്യക്തികള്‍ക്കുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്ക് ആരുടെയും ഔദാര്യമായി പതിച്ചുകിട്ടേണ്ടതല്ല, മറിച്ച് നമുക്കുള്ള സ്വാതന്ത്ര്യം തന്നെയാണ്. അത് അനുഭവിക്കാന്‍ ആരുടെയെങ്കിലും അനുവാദം കാത്തു നില്‍ക്കണമെന്ന് പറയുന്നത് വൈകിക്കിട്ടുന്ന നീതിയാണ്. വൈകിക്കിട്ടുന്ന നീതി അനീതിയാണ്. നമ്മുടെ ആകാശം, നമ്മുടെ നീതി നമ്മള്‍ തന്നെ ഉറപ്പിക്കേണ്ടതുണ്ട്.

നമുക്ക് ഒന്നിക്കാം, ഒരുമിച്ച് നമ്മുടെ രാത്രികളെ നമുക്ക് പിടിച്ചെടുക്കാം, സ്വന്തമാക്കാം. നമുക്ക് ആടാം, പാടാം, കഥകള്‍ പറയാം, സ്‌നേഹിക്കാം… ഒരുമിച്ചിരുന്ന കപ്പ കഴിക്കാം. ഒറ്റക്ക് നടക്കാം. ആരെയും ഭയക്കാതെ നമുക്ക് ജീവിക്കാന്‍ കഴിയണം. ആരെയും ഭയക്കാതെ നമുക്ക് സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയണം. ഇത്തരത്തിലുള്ള തീർത്തും പ്രാഥമീകമായ ചില മനുഷ്യവാകാശങ്ങൾക്കു വേണ്ടിയുള്ള പ്രതിഷേധമായിരുന്നു ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍.’