ബി ജെ പിയും കോണ്‍ഗ്രസും ചേര്‍ന്ന് രാഷ്ട്രീയ സമരമാണ് കെ റെയിലിന്റെ പേരില്‍ നടക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. ബി ജെ പി, കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ച് ചേര്‍ന്ന് കല്ലുപൊക്കുകയാണ്. കേരളത്തിന് ആവശ്യമായ പദ്ധതിക്കെതിരായാണ് ഇവരുടെ യോജിച്ച സമരം. കല്ല് എടുത്ത് കോണ്‍ഗ്രസ് ഓഫീസില്‍ കൊണ്ടുപോയാല്‍ പദ്ധതി ഇല്ലാതാകില്ല. കല്ലിളക്കി കൊണ്ടുപോയാലും പദ്ധതി നടപ്പാക്കും. കോണ്‍ഗ്രസ്, ബി ജെ പി സമാന്തര സമരത്തെ നേരിടുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതി തത്വത്തില്‍ കേന്ദ്രം അംഗീകരിച്ചതാണ്. ഇനി അന്തിമ അനുമതിയാണ് ലഭിക്കേണ്ടത്. ഇത് ഭൂമി ഏറ്റെടുക്കലടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ലഭിക്കുക. കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് ഒരു പദ്ധതിയും വേണ്ട എന്നാണ് പ്രതിപക്ഷം പറയുന്നത്. സാമൂഹിക പഠനം നടത്താന്‍ കല്ലിട്ടെന്ന് കരുതി ആരുടെ ഭൂമിയും ഏറ്റെടുക്കില്ല. കൃത്യമായ നഷ്ടപരിഹാരം നല്‍കാതെ ഒരാളുടെ ഭൂമിയും ഏറ്റെടുക്കില്ല. ബലം പ്രയോഗിച്ച് ആരുടെ ഭൂമിയും ഏറ്റെടുക്കില്ല. സില്‍വര്‍ലൈനില്‍ ബഫര്‍ സോണുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

എല്‍ ഡി എഫ് ഘടകക്ഷികള്‍ക്കിടയില്‍ വിഷയത്തില്‍ ഒരു അഭിപ്രായ വിത്യാസവുമില്ല. എല്‍ ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണ് നടപ്പാക്കുന്നത്. ഏതെങ്കിലും വ്യക്തി സ്വന്തം അഭിപ്രായം പറഞ്ഞാല് അത് പാര്‍ട്ടിയുടേയോ, മുന്നണിയുടേയോ അഭിപ്രായമാകില്ല.





