Sat. Apr 20th, 2024

✍️ സുരേഷ്. സി ആർ

”വിവാഹത്തിന് യോജിച്ച സമയമല്ലിത്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എന്റെ സേവനം ആവശ്യമുണ്ട്. എന്റെ രാജ്യത്തെ രക്ഷിക്കാനായി ഹൃദയവും ആത്മാവും കൊണ്ട് എനിക്ക് പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. എന്റെ രാജ്യം അസ്വാതന്ത്ര്യമായിരിക്കുന്നിടത്തോളം കാലം എന്റെ വധു മരണമായിരിക്കും” -ഭഗത് സിംഗ്

മരണം കൊണ്ട് ഒരു നെരിപ്പോടായി ബ്രട്ടീഷ് സാമ്രാജ്യത്തിലേക്ക് പടർന്നുകയറി ബ്രട്ടീഷ് സാമ്രാജ്യത്തിന് മുന്നിൽ അടിച്ചമർത്തപ്പെട്ട ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ അഭിവാഞ്ജ പകർന്നുനല്‍കി തൂക്കുമരം പൂകിയ രാജ്യത്തിന്റെ ധീരപുത്രരാണ് ഭഗത് സിംഗ് (1907-1931), രാജ്ഗുരു (1908-1931), സുഖ്‌ദേവ് (1907-1931), എന്നിവർ.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‌ യൗവനത്തിന്റെ വസന്തം സമർപ്പിച്ച്‌ വിപ്ലവത്തിന്റെ ഇടിമുഴക്കം തീർത്ത, രക്തസാക്ഷിത്വത്തിന്റെ മഹത്തായ അർത്ഥം ലോകത്തെ അറിയിച്ച അനശ്വര വിപ്ലവകാരികളാണ് അവർ.


തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ദർശിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ ജാലിയൻവാലാബാഗ് കൂട്ടക്കൊല ഭഗത് സിംഗിന്റെ ജീവിതം മാറ്റിമറിച്ചു. ഭഗത് സിംഗ് തെരഞ്ഞെടുത്ത വിപ്ലവത്തിന്റെ അതേ പാതയിലൂടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കടന്നുവന്നു. തന്റെ പതിനഞ്ചാം വയസ്സിൽ കർത്താർ സിങ് എന്ന പത്തൊമ്പതുകാരനെ ബ്രിട്ടീഷ് സർക്കാർ തൂക്കിക്കൊന്ന സംഭവമാണ് ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിനെതിരെ തിരിയാൻ ഭഗത് സിംഗിനെ പ്രേരിപ്പിച്ചത്.1917-ലെ റഷ്യൻ വിപ്ലവം കൂടുതൽ ഉത്തേജനം നൽകി.

തന്റെ ബാല്യകാലം മുതൽതന്നെ ഭഗത് സിംഗ്, ബ്രിട്ടീഷ് രാജിനെതിരായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം വായിച്ചിരുന്ന യൂറോപ്പിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ അരാജകവാദത്തോടും മാർക്സിസത്തോടും അടുപ്പിച്ചു. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിനു മുൻ‌ഗണന നൽകിയ ഭഗത് സിംഗ് ഇന്ത്യയിലെ ആദ്യ മാർക്സിസ്റ്റുകളിലൊരാളായും ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.

1923-ൽ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവസംഘടനയിൽ അംഗമായി. തുടർന്ന്, അതിന്റെ ജനറൽ സെക്രട്ടറിയായി. പിന്നീട് ഇതിന്റെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്നാക്കി. 1926-ൽ, യുവാക്കളിൽ വിപ്ലവവീര്യമുണർത്തുന്നതിനായി പഞ്ചാബിൽ അർദ്ധസൈനീക യുവജന സംഘടനയായ ‘നവ് ജവാൻ ഭാരത് സഭ’ സ്ഥാപിച്ചു.


ഡൽഹിയിലെ ‘അർജുൻ’, കാൺപുരിലെ ‘പ്രതാപ്’ എന്നീ ആനുകാലികങ്ങളിൽ എഴുതിയിരുന്ന ഭഗത് അമൃത്സറിൽ നിന്നിറങ്ങിയ ‘കീർത്തി’, ‘അകാലി’ എന്നിവയുടെ പത്രാധിപത്യം വഹിച്ചു.

1928 ഒക്ടോബർ 30-ന് സൈമൺ കമ്മീഷൻ ബഹിഷ്കരണത്തോടനുബന്ധിച്ച് ലാലാ ലജ്പത് റായിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തെ പൊലീസ് ക്രൂരമായി മർദ്ദിച്ചു. നെഞ്ചിൽ ലാത്തിയടിയേറ്റ ലജ്പത് റായി നവംബർ 17-ന് മരണമടഞ്ഞു. ഇതിൽ പ്രതികാരം ചെയ്യാനായി ലാത്തിച്ചാർജ്ജിനു നേതൃത്വം നൽകിയ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സാൻഡേഴ്സിനെ ലാഹോറിലെ പോലീസ് ക്വാർട്ടേഴ്സിനു മുന്നിൽവച്ച് ഡിസംബർ 17-ന് ഭഗത് സിങ് വെടിവച്ചു കൊന്നു. അകപ്പെടാതെ സമർത്ഥമായി രക്ഷപ്പെടുകയും ചെയ്തു.

1929 ഏപ്രിൽ 8-ന് ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ ഭഗത് സിംഗും ബി.കെ.ദത്തും പൊലീസ് പിടിയിലായി. പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്ന ഉദ്ദേശ്യമായിരുന്നു ഭഗത്സിംഗിനും കൂട്ടർക്കുമുണ്ടായിരുന്നത്. അതിലാണവർ പോലീസിനു കീഴടങ്ങിയത്.


ഒരു ‘ചുവപ്പ് ലഘുലേഖ’യും അവർ ബോംബിനൊപ്പം എറിഞ്ഞിരുന്നു. ‘സ്വേച്ഛാധികാര മർദ്ദനഭരണകൂടത്തോടുള്ള പ്രതിഷേധം മാത്രമല്ല, ബധിരരുടെ ചെവി തുറപ്പിക്കുക കൂടിയാണ്’ ഈ ബോംബിന്റെ ലക്ഷ്യമെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ആ ലഘുലേഖ.

തുടർന്ന്, സുഖദേവ്, രാജ്ഗുരു, അജയഘോഷ്, കിഷോരിലാൽ, ഹാൻസ് രാജ് മെഹ്റ തുടങ്ങിയവർ അറസ്റ്റിലാവുകയും ലാഹോർ ഗൂഢാലോചനക്കേസിൽ ഉൾപ്പെടുത്തുകയും ചെയ്തു. ജയിലിൽ എല്ലാ തടവുകാർക്കും ഒരേ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭഗത് സിംഗ് 63 ദിവസത്തെ നിരാഹാരസമരം നടത്തിയത് അദ്ദേഹത്തിന് വളരെയധികം ജനസമ്മതി നേടിക്കൊടുത്തു.

ഭഗത് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ ആ ബോംബിന്റെ പ്രതിധ്വനി ഓരോ ഇന്ത്യാക്കാരന്റെയും സ്വാതന്ത്ര്യാവേശത്തെ ആളിക്കത്തിക്കുകയും ബ്രിട്ടീഷ് വിരോധത്തിന്റെ തീവ്രതയ്ക്ക് ആക്കം കൂട്ടുകയും ചെയ്തതങ്കിലും ‘അക്രമപ്രവർത്തനം നടത്തിയവരാണവർ’ എന്നായിരുന്നു കോൺഗ്രസ് നിലപാട്.


1930 മെയ് അഞ്ചു മുതൽ 1930 സെപ്തംബർ 10 വരെ നടന്ന വിചാരണയ്‌ക്കൊടുവിൽ പ്രത്യേക കോടതി സുഖ്‌ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാൻ വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു.

വൈകുന്നേരം 7.30-ന് ലാഹോർ സെൻട്രൽ ജയിലിൽ മൂന്നുപേരേയും തൂക്കിലേറ്റി. കൊലമരത്തിലും ‘ഇൻക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യം അവർ മുഴക്കി. മൃതശരീരങ്ങൾ പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് ലാഹോറിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് അഗ്‌നിക്കിരയാക്കി. ചാരം, സത്‌ലജ് നദിയിലൊഴുക്കി ബ്രട്ടീഷുകാർ പ്രതികാരം തീർത്തു.

സുഭാഷ് ചന്ദ്രബോസ് പറഞ്ഞു:
”രാജ്യമെമ്പാടും സ്വാധീനം ചെലുത്തിയ വിപ്ലവചൈതന്യത്തിന്റെ പ്രതീകമായിരുന്നു സർദാർ ഭഗത് സിംഗ്. ആ ചൈതന്യം അജയ്യമായിരുന്നു; ആ ചൈതന്യം കൊളുത്തിയ അഗ്നിനാളം കെട്ടടങ്ങുകയില്ല.”

ജവഹർലാൽ നെഹ്റു വധശിക്ഷയോട് പ്രതികരിച്ചത് ഇങ്ങനെയാണ്:
“ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ബന്ധത്തിന്റെ നടുവിൽ ഭഗത് സിംഗിന്റെ ജഡം എന്നും തൂങ്ങി നില്ക്കുക തന്നെ ചെയ്യും.”