ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ രണ്ട് മുഖ്യ വഴിപാടുകളാണ് ബാലികമാര്‍ക്കുള്ള താലപ്പൊലിയും ബാലന്മാര്‍ക്കുളള കുത്തിയോട്ടവും. പൊങ്കാലയ്ക്കിടെ തന്നെ താലപ്പൊലി ആരംഭിക്കും. വര്‍ണ്ണ ചമയങ്ങളിഞ്ഞ് പുഷ്പകിരീടം ചൂടി വിവിധ മേളങ്ങളുടെ അകമ്പടിയോടെ ബാലികമാര്‍ ക്ഷേത്ര സന്നിധിയിലേക്ക് നീങ്ങുന്നു.
ബാലികമാര്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കാനും സൌന്ദര്യവും സമ്പത്തും വര്‍ധിക്കുന്നതിനും ഭാവിയില്‍ ഉത്തമ ഭര്‍ത്താവിനെ ലഭിക്കുന്നതിനുമാണ് താലപ്പൊലി നടത്തുന്നത്. മഹിഷാസുര മര്‍ദ്ദിനിയുടെ മുറിവേറ്റ ഭടന്മാരായാണ് പന്ത്രണ്ട് വയസില്‍ താഴെ ഉളള കുത്തിയോട്ട വ്രതമെടുക്കുന്ന ബാലന്മാരെ സങ്കല്‍പ്പിച്ചിരിക്കുന്നത്.
ഉത്സവത്തിന്‍റെ മൂന്നാം നാളില്‍ ആരംഭിക്കുന്ന കുത്തിയോട്ട വ്രതം ഏഴ് ദിവസം നീണ്ട് നില്‍ക്കുന്നു.ഇതിനിടയില്‍ ക്ഷേത്രത്തിനു മുന്നില്‍ 1008 നമസ്കാരം പൂര്‍ത്തീകരിച്ചിരിക്കും. പൊങ്കാല ദിവസം വൈകിട്ട് 6.45ഓടെ ചൂരല്‍ കുത്ത് ആരംഭിക്കും. രാത്രി നടക്കുന്ന ഘോഷയാത്രയില്‍ ആടയാഭരണങ്ങളിഞ്ഞ് ബാലന്മാര്‍ അകമ്പടി സേവിക്കും.
ഇത്തരത്തിലുള്ള അന്ധവിശ്വാസത്തിൻറെ പേരിൽ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 12 വയസിന് താഴെ പ്രായമുള്ള ആയിരത്തോളം ബാലന്മാരെ ഒരാഴ്ച പട്ടിണി കിടത്തി നെഞ്ചിനിരുവശവും കമ്പി കുത്തിക്കയറ്റി തെരുവിലൂടെ ഓടിക്കുന്ന കുത്തിയോട്ടം എന്ന അനാചാരം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും, ബാലപീഡനത്തിനെതിരെ ഡോ.മുരളീധരന്‍ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശക്കമ്മീഷന്റെ അനുകൂല വിധി 2014-ല്‍ ഉണ്ടായിട്ടും ഉമ്മന്‍ചാണ്ടി – പിണറായി സര്‍ക്കാരുകള്‍ ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു.
മറ്റു ചില ക്ഷേത്രങ്ങളിലും ഈ കലാപരിപാടി നടക്കുന്നുണ്ട്. പരിഷ്കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന ഈ കാടത്തം നിര്‍ത്തിയേതീരു. ഭക്‌തി കച്ചവടത്തിൻറെ പ്രമോഷനുവേണ്ടി കാട്ടിക്കൂട്ടുന്ന ഇത്തരം വിവരക്കേടിനും കോടതിയലക്ഷ്യത്തിനും എതിരെ സർക്കാർ നടപടി സ്വീകരിക്കാൻ ധൈര്യം കാണിക്കണം.
ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന കുട്ടികളുടെ കുത്തിയോട്ടം തുടരണോയെന്ന വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കമ്മീഷന്‍ ഇതു സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടറോടും ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിനോടും വിശദീകരണം തേടിയിരുന്നു.
കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ആചാരത്തിനെതിരെ ഡോ.പി. മുരളീധരന്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം ഉണ്ടായത്. ആചാരത്തിന്റെ ഭാഗമായി കുട്ടികളുടെ ശരീരത്തില്‍ കുത്തിയിറക്കുന്ന കമ്പി കുട്ടികളില്‍ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്നതുള്‍പ്പടെയുളള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുരളീധരന്‍ പരാതി നല്‍കിയത്.
കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന 12 വയസ്സില്‍ താഴെയുള്ളവരുടെ ശരീരത്തില്‍ കൊരുക്കുന്ന ലോഹക്കമ്പി 24 മണിക്കൂര്‍ കഴിഞ്ഞാണ് മാറ്റുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകനും ഡോക്ടറുമായ അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടികളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഡോ.മുരളീധരന്‍ പരാതിക്കൊപ്പം ഹാജരാക്കിയിരുന്നു.
കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ആചാരമാണിത്. സര്‍ക്കാരാണു വിഷയം പരിഗണിക്കേണ്ടത് എന്ന് ജസ്റ്റീസ് ജെ.ബികോശി ഉത്തരവിൽ പറഞ്ഞിരുന്നു. അതേസമയം രാജ്യത്തെ സതി, ദേവദാസി, തലാഖ് മുതലായ പ്രാകൃതമായ ആചാരങ്ങള്‍ നിയമം മൂലം നിരോധിച്ചതും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പുതുപ്പളളി പോലുള്ള പളളികളിലെ കോഴി നേര്‍ച്ച, തമിഴ്‌നാട്ടിലെ കാളപ്പോര് തുടങ്ങിയവയും സുപ്രീം കോടതി നിരോധിച്ചിരുന്നു.

