Fri. Mar 29th, 2024

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുബൈിന്റെ വധത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെയും ഷുബൈിന്റെ ബന്ധുക്കളുടെയും ആവശ്യം നിഷ്‌കരുണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ കേരള പോലീസിന്റെ അന്വേഷണം ഫലപ്രദമാണ്. പ്രതികള്‍ എത്ര ഉന്നതരായാലും അവരെ പിടിക്കാനുള്ള പ്രാപ്തി പോലീസിനുണ്ട്. സി.ബി.ഐ അന്വേഷണം എന്ന ആവശ്യം ഉദിക്കുന്നതേയില്ലെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കവേ മുഖ്യമന്ത്രി അറിയിച്ചു.

കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി നിയമസഭയില്‍ ആദ്യമേ അറിയിച്ചു. അന്വേഷണം കുറ്റമറ്റ നിലയില്‍ നടക്കുന്നു. കേസില്‍ അറസ്റ്റിലായിക്കുന്നവര്‍ ഡമ്മി പ്രതികളാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, ഷുഹൈബ് വധത്തില്‍ സഭ ചേര്‍ന്നപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം തുടരുകയാണ്. ചോദ്യോത്തര വേള റദ്ദാക്കി സ്പീക്കര്‍ ഇറങ്ങിപ്പോകുന്ന സാഹചര്യം വരെയുണ്ടായി. ബഹളം വച്ച പ്രതിപക്ഷത്തെ സ്പീക്കര്‍ താക്കീത് ചെയ്തു. സഭയുടെ മുഖം മറച്ചത് അവഹേളനമാണെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷം സഭയുടെ ന്തസ് പാലിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.

സ്പീക്കറുടെ പരാമര്‍ശം ശരിയായില്ലെന്നും ജനങ്ങളുടെ വികാരമാണ് പ്രകടിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കി.

ഷുഹൈബ് വധത്തിനൊപ്പം മധുവിന്റെയും ലീഗ് പ്രവര്‍ത്തകന്‍ സഫറിന്റെയും കൊലപാതകം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ എത്തിയത്. എന്നാല്‍ വി.ടി ബല്‍റാം കറുത്ത ബാഡ്ജ് ധരിക്കാന്‍ വിസമ്മതിച്ചു. ഭരണ, പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ നിയമസഭയ്ക്ക് അകത്ത് വാക്കേറ്റവുമുണ്ടായി. ഇതോടെ മീഡിയ ഗ്യാലറിയിലുണ്ടായിരുന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. ചിത്രങ്ങള്‍ എടുക്കുന്നതിനു വിലക്കും ഏര്‍പ്പെടുത്തി.

ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞയാഴ്ച കണ്ണൂരില്‍ നടന്ന സമാധാന യോഗത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു. ഇത് തള്ളിക്കളയുന്നതു കൂടിയാണ് മുഖ്യമന്ത്രിയുടെ നിലപാട്.