പൊതുപ്രവർത്തകരായ വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത പൊലീസ് നടപടി കാട്ടാളത്തരമാണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൊലീസ് കളിച്ചത് കള്ളക്കളിയാണ്. അത് ന്യായീകരിക്കാനായി കൂടുതൽ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കുകയാണ് പൊലീസിപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. താഹയുടെ ജ്യേഷ്ഠന്റെ മുമ്പിൽ വച്ചാണ് മുദ്രാവാക്യം വിളിക്കാൻ പറഞ്ഞത്. അത് വീഡിയോയിൽ ചിത്രീകരിച്ച പൊലീസ് തങ്ങൾ ചെയ്ത തെറ്റിനെ ന്യായീകരിക്കാനായി ബോധപൂർവ്വം പുതിയ കഥകൾ ഉണ്ടാക്കുകയാണ്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ പ്രകാരം അറസ്റ്റിലായ വിദ്യാർഥികളുടെ വീടുകളിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ. മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ തിരുവണ്ണൂർ പാലാട്ട് നഗർ മണിപ്പൂരി വീട്ടിൽ അലന് ഷുഹൈബ്, പന്തീരാങ്കാവ് മൂർക്കനാട് കോട്ടുമ്മൽ താഹ ഫസൽ എന്നിവരുടെ വീടുകളിലെത്തിയ പന്ന്യൻ രവീന്ദ്രൻ കുടുംബാംഗങ്ങളുമായി സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മാവോയിസ്റ്റുകളുമായി ചെറുപ്പക്കാർക്ക് യാതൊരു ബന്ധവുമില്ല. രണ്ടുപേരും പൊതുപ്രവർത്തകരും വിദ്യാർഥികളുമാണ്. എന്തിന്റെ പേരിലാണ് യുഎപിഎ ചുമത്തിയത് എന്നറിയില്ല. ആലോചിച്ചുറപ്പിച്ച കാര്യം പൊലീസ് ബോധപൂർവ്വം നടപ്പിലാക്കിയതായാണ് തോന്നിയതെന്നും പന്ന്യൻ പറഞ്ഞു.
നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് പുലർച്ചെ നാലിന് അലന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. ചോദിച്ചതെല്ലാം ബന്ധമില്ലാത്ത കാര്യങ്ങളാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. കുറേ ഭാഗം ഒഴിച്ചിട്ട ഒരു പേപ്പറിൽ ഒപ്പിടാനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഒഴിച്ചിട്ടത് എന്തിനാണെന്ന് ചോദിച്ചപ്പോൾ അത് നിങ്ങൾ അറിയേണ്ട കാര്യമില്ലെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്.

വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയതിന് ന്യായീകരണമില്ല. ഇത് ഇടതു മുന്നണിയുടെ നയമല്ല. അദ്ദേഹം വ്യക്തമാക്കി.താഹ ഫസലിന്റെ ജ്യേഷ്ഠൻ, മാതാവ്, അലന്റെ പിതാവ് ഷുഹൈബ്, മാതാവ് സബിത, മാതൃസഹോദരിയും നടിയുമായ സജിത മഠത്തിൽ, എന്നിവരോട് പന്ന്യൻ രവീന്ദ്രൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു. എഐവൈഎഫ് നേതാക്കളായ അഡ്വ. പി ഗവാസ്, അഡ്വ. കെ പി ബിനൂപ്, അഷ്റഫ് കുരുവട്ടൂർ, അനു എൻ എന്നിവരും വീടുകളിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.
പോലീസ് അവതരിപ്പിക്കുന്ന കള്ളങ്ങൾ വിശ്വസിച്ച് സി.പി.ഐയെ അവഗണിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്ന് സിപിഐ അസി.സെക്രട്ടറി അഡ്വ.പ്രകാശ് ബാബുവും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. തിരുത്തൽ ശക്തിയായി തന്നെ സി.പി.ഐ നിലകൊള്ളുമെന്നും ഒരുപാട് ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയ സർക്കാരാണിത്. എന്നാൽ, പൊലീസ് ഉൾപ്പടെയുള്ള ചില വകുപ്പുകളിൽ നടക്കുന്ന സംഭവങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും അവയുടെ സത്യാവസ്ഥ എന്താണെന്ന് ജനങ്ങളെ അറിയിക്കാനാണ് സി.പി.ഐ പല വിഷയങ്ങളിലും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുളളതെന്നും അദ്ദേഹം വ്യക്തമാക്കി.

മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമാണെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നു എന്നും. ആഹാരം കഴിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റുകൾക്ക് നേരെയാണ് പൊലീസും തണ്ടർബോൾട്ട് സംഘവും വെടിയുതിർത്തത്. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് യാതൊരു ആക്രമണവുമുണ്ടായില്ല. തമ്പടിച്ചിരുന്നവർക്ക് നേരെ നടത്തിയ ഏകപക്ഷീയമായ വെടിയുതിർക്കലായിരുന്നു അത്. ആദിവാസി മൂപ്പനോടും പഞ്ചായത്ത് അംഗങ്ങളോടും ഊര് വാസികളോടും പാർട്ടി സഖാക്കന്മാരോടുമെല്ലാം ഞങ്ങൾ വിശദമായി സംസാരിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതാണ്. മാവോയിസ്റ്റ് ഉപദ്രവം ഉണ്ടായിട്ടുണ്ടോ എന്ന് ഞങ്ങൾ പലതവണ അവരോട് മാറി മാറി ചോദിച്ചു. സർക്കാർ ആനുകൂല്യങ്ങളെപ്പറ്റി വ്യക്തമായ ബോധവത്കരണമാണ് മാവോയിസ്റ്റുകൾ ആദിവാസികൾക്ക് നൽകിയിരുന്നത്. ആനുകൂല്യങ്ങൾ എന്തൊക്കെയാണ്, എങ്ങനെ നേടിയെടുക്കണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നിർദേശങ്ങൾ അവർ നൽകിയിരുന്നു. നിലവിലുള്ള സർക്കാരിനെപ്പറ്റിയും നല്ല അഭിപ്രായമാണ് അവർക്ക് ഉണ്ടായിരുന്നത്. പാർട്ടിക്കാരോട് സംസാരിക്കാനല്ല ഞങ്ങൾ അങ്ങോട്ടേക്ക് പോയത്. ആദിവാസികളോട് സംസാരിക്കാൻ വേണ്ടിയാണ്.

വാസ്തവത്തിൽ മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങുന്ന തണ്ടർ ബോൾട്ടിനെ കൊണ്ടാണ് ആദിവാസികൾ ശല്യം അനുഭവിക്കുന്നത് എന്നതാണ് വാസ്തവം. സാധനം വാങ്ങി വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ആദിവാസികളെ അവർ പരിശോധിക്കും. സഞ്ചിയ്ക്കകത്ത് എന്തൊക്കെയാണെന്ന് തെരയും. സുഗന്ധവ്യഞ്ജനങ്ങൾ പറിക്കാൻ കാട്ടിൽ പോകുന്ന ആദിവാസികളെ അവർ തടയും. ഇത്തരത്തിൽ ആദിവാസികളുടെ ഉപജീവന മാർഗത്തിനുതന്നെ തണ്ടർബോൾട്ട് തടസമാണ്. അതുകൊണ്ട് അവരെ അവിടെ നിന്ന് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അട്ടപ്പാടിയിൽ ഏറ്റുമുട്ടൽ ഉണ്ടാകാനുളള ഒരു സാഹചര്യവും ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവർക്ക് പോലീസുകാർക്ക് കൊല്ലാൻ തോന്നി അവരത് ചെയ്തു. അതാണ് ശരിക്കും നടന്നത്. പൊലീസ് പുറത്ത് വിട്ട ദൃശ്യങ്ങളെല്ലാം വ്യാജമാണ്. വെടിയൊച്ചയുടെ ശബ്ദം മാത്രമാണ് കേൾക്കുന്നത്. ആരാണ് വെടിവയ്ക്കുന്നതെന്ന് അറിയാൻ സാധിക്കുന്നില്ല. എസ്.പി കമിഴ്ന്ന് കിടക്കാൻ വീഡിയോയിൽ പറയുമ്പോൾ അവർ ചരിഞ്ഞാണ് കിടക്കുന്നത്. എന്നും അദ്ദേഹം പരിഹസിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ സി.പി.ഐ എടുക്കുന്ന നിലപാടുകളെ അവഗണിച്ച് മുന്നോട്ട് പോയാൽ സർക്കാരിനും മുന്നണിക്കും വലിയ വില നൽകേണ്ടി വരുമെന്നുംഅഡ്വ. പ്രകാശ് ബാബു.മുന്നറിയിപ്പ് നൽകി.
