തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദനത്തിനിരയായ ഏഴ് വയസ്സുകാരന് മരണത്തിന് കീഴടങ്ങി. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു കുട്ടി.
അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിന്റെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി തലയോട്ടി തകര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു കുട്ടി. പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിട്ടുണ്ടായിരുന്നു. മര്‍ദനത്തില്‍ തലച്ചോറിനും ഗുരുതര പരിക്കേറ്റിരുന്നു.
സംഭവത്തില്‍ കുട്ടിയെ മര്‍ദിച്ച അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തി. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതിന് ഇയാള്‍ക്കെതിരെ നേരത്തെ പോക്സോ ചുമത്തിയിരുന്നു.
മരിച്ച കട്ടിയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണ്‍ ആനന്ദിനെ മാര്‍ച്ച് 28 ന് അറസ്റ്റ് ചെയ്തിരുന്നു.കുട്ടികളുടെ അമ്മയായ യുവതിയും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയെ മര്‍ദിച്ച അരുണ്‍ ആനന്ദ് പൊലീസ് കസ്റ്റഡിയിലാണിപ്പോള്‍.