Wed. Nov 25th, 2026

വയനാടന്‍ ജനതയ്ക്ക് ഇത് അഭിമാന നിമിഷം. കേരള ചരിത്രത്തില്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത് വിജയം. പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍,കോളനി സുരേഷ്- കമല ദമ്പതികളുടെ മകള്‍ ശ്രീധന്യയാണ് 410 -ാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. അഖിലേന്ത്യാ തലത്തില്‍ 410-ാം റാങ്കും കേരളത്തില്‍ 110ാം റാങ്കുമാണ് കരസ്ഥമാക്കിയത്. റാങ്ക് നേടിയ മിടുക്കിയെ അഭിനന്ദിക്കുന്നതായി സികെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

കനിഷ്‌ക് കഠാരിയയ്ക്കാണ് ഒന്നാം റാങ്ക്. അക്ഷത് ജയിന് രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി. മലയാളികളായ രഞ്ജിന മേരി വര്‍ഗീസ് 49-ാം റാങ്കും അര്‍ജ്ജുന്‍ മോഹന് 66-ാം റാങ്കും കരസ്ഥമാക്കി. എഴുത്തുപരീക്ഷയില്‍ മികവുകാട്ടിയവരെ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ നടത്തിയ മുഖാമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക പുറത്തിറക്കിയത്. 759 പേരാണ് റാങ്ക് പട്ടികയിലുള്ളത്. upsc.gov.in എന്ന ഔദ്യോഗിക സൈറ്റില്‍ ഫലം ലഭ്യമാണ്.

ശ്രീധന്യയ്ക്ക‌് അഭിനന്ദനം അറിയിച്ച‌് മുഖ്യമന്ത്രി

കേരള ചരിത്രത്തില്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത് വിജയം നേടിയ ശ്രീധന്യക്ക‌് ആശംസ അറിയിച്ച‌് മുഖ്യമന്ത്രി പിണറായി വിജയൻ.

സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങൾ. ഗോത്ര വിഭാഗത്തിൽപ്പെട്ട ശ്രീധന്യ 410 ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികൾക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ എല്ലാവിധ ആശംസകളും. ഉയർന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാർത്ഥികൾക്കും അനുമോദനങ്ങൾ.