മാനസികമായി ദളിത് പൂജാരിയെ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് അക്കീരമണ്‍ കാളിദാസ് ഭട്ടതിരി സമരം ചെയ്യുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വ്യക്തിപരമായ കാരണങ്ങളാല്‍ ശാന്തി ചെയ്യുന്നത് വൈകി പോകാറുണ്ട്. അത് പല സ്ഥലത്തും സംഭവിക്കുന്നതാണ്. അവിടെയൊക്കെ സമരം ചെയ്യാന്‍ അക്കീരമണ്‍ പോകാറില്ലല്ലോയെന്നും കടകംപള്ളി ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.
അവരുടെ മനസിന് യദുവിനെ ശാന്തിയായി അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇതാണ് പ്രശ്നമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ സമരം ചെയ്യാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ആര്‍ക്കും സമരം ചെയ്യാനുള്ള അവകാശമുണ്ട്. സമരത്തിന്റെ വിഷയം എന്താണെന്നുള്ളതാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സമരങ്ങള്‍ കേരളത്തിന്റെ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യദു കൃഷ്ണന്റെ ഭാഗത്ത് നിന്ന് ബോധപൂര്‍വമായ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടാം. കൃത്യമായി ശാന്തി ചെയ്യാതിരുന്നിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം യദു അറിയിച്ചുട്ടുണ്ടോയെന്ന് പരിശോധിക്കും. അഞ്ചോ പത്തോ മിനിറ്റ് വൈകുന്നത് ആദ്യമായിട്ടായിരിക്കില്ല. അത് മറ്റ് പല സ്ഥലങ്ങളിലും സംഭവിച്ചിട്ടുണ്ടാകാം.
എന്നാല്‍ അവിടെയൊന്നും സമരം നടന്നിട്ടില്ല. ഇവിടെ സമരം ചെയ്യുന്നവര്‍ക്ക് യദു കൃഷ്ണനെ അംഗീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്നം. ഇ.എം.എസും വി.ടി ഭട്ടതിരിപ്പാടും നേതൃത്വം നല്കിയ പ്രസ്താനമാണ് യോഗക്ഷേമ സഭ. ആ പാരമ്പര്യം മറന്നുകൊണ്ടാണ് അവര്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബര്‍ 26ന് യദു കൃഷ്ണന് ശാന്തി മുടക്കിയെന്നാരോപിച്ച് യദുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ശാന്തി ക്ഷേമ യൂണിയനും യോഗക്ഷേമ സഭയും സമരം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നാളെ മുതലാണ് സമരം. ശാന്തി ക്ഷേമ യൂണിയന് ജനറല്‍ സെക്രട്ടറി എ.എസ് കൃഷ്ണന് നമ്പൂതിരിയാണ് നിരാഹാരമിരിക്കുന്നത്. യോഗക്ഷമ സഭാ നേതാവും തിരുവല്ല മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന അക്കീരമണ്‍ കാളിദാസ ഭട്ടതിരിയുടെ പിന്തുണയോടെയാണ് സമരം.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി യദു നേരത്തെ രംഗത്ത് വന്നിരുന്നു. ഒക്ടോബര്‍ 26ന് പറവൂരില്‍ പോകേണ്ടതിനാല്‍ ലീവ് എഴുതിക്കൊടുത്തിരുന്നു. പൂജ മുടങ്ങാതിരിക്കാന്‍ പകരം ആളെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അച്ഛന് അപകടത്തില്‍പ്പെട്ടതിനാല്‍ പുജയ്ക്ക് എത്താന്‍ കഴിയില്ലെന്ന് വൈകുന്നേരം അഞ്ച് മണിയോടെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് മറ്റൊരാളെ പുജായ്ക്കായി ഏര്‍പ്പാടാക്കി. അദ്ദേഹം മറ്റൊരു ക്ഷേത്രത്തില്‍ പൂജയ്ക്ക് ശേഷമാണ് എത്തിയത്. അതിനാല്‍ നടതുറക്കാന്‍ അല്പം വൈകി. ഇതാണ് പൂജ മുടങ്ങിയെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നും യദു വ്യക്തമാക്കിയിരുന്നു.


