റോയി മാത്യു
ഐപ്പുണ്ണി മകൻ ഫ്രാങ്കോ 54 വയസ് – ജയിലിൽ ഗോതമ്പുണ്ട തിന്നുന്നത് ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിനല്ല മിസ്റ്റർ അറയ്ക്കൻ.
യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചതു തെറ്റുചെയ്തിട്ടാണോ എന്നു ഫ്രാങ്കോയെ പാലാ ജയിലിൽ കണ്ടശേഷം കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു അറയ്ക്കൽ പത്രലേഖകരോട് പറഞ്ഞു.നേരാണ് കർത്താവിനെതിരെ പ്രത്യേകിച്ച് കുറ്റമൊന്നുണ്ടായിരുന്നില്ല.
പക്ഷേ, പാലാ സബ് ജയിലിൽ കിടക്കുന്ന തൃശുർ ജില്ലയിൽ, തലപ്പള്ളി താലൂക്കിൽ, കണ്ടാണശ്ശേരി പഞ്ചായത്തിൽ മറ്റം ദേശത്ത് മുളയ്ക്കൽ വീട്ടിൽ ഐപ്പുണ്ണി മകൻ ഫ്രാങ്കോ മുളയ്ക്കൻ 54 വയസ് എന്ന വ്യക്തിയുടെ പേരിൽ ഐപിസി 342, 376 (2) ( K ) 376 (2) ,376 C ( a) 377,506 (1) തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് Crime No 746/2018 എന്ന കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അന്യായമായി തടഞ്ഞുവെക്കൽ, ബലാൽ സംഗം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് മുളയ്ക്കൽ ഐപ്പുണ്ണി മകൻ ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. യേശുവിനു മേൽ ഇമ്മാതിരി കുറ്റങ്ങളെന്തെങ്കിലും റോമൻ പടയാളികളോ മഹാപുരോഹിതരോ ചാർത്തിയിരുന്നോ മാത്യു അറയ്ക്കൽ ?താങ്കൾ ജയിലിൽ പോയിക്കണ്ട ഐപ്പുണ്ണി മകൻ ഫ്രാങ്കോ ക്കെതിരെ പാലാ കോടതിയിൽ കൊടുത്ത റിമാന്റ് റിപ്പോർട്ടിന്റെ ആദ്യ ഖണ്ഡിക വായിക്കുക.
* * * പ്രതിക്ക് ആവലാതിക്കാരിയെ ബലാത്സംഗം ചെയ്ത് പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച നടത്തിയും കാമസംതൃപ്തി വരുത്തണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി പഞ്ചാബ് ജലന്തർ രൂപതയുടെ ആർച്ച് ബിഷപ്പ് ആയ പ്രതി തന്റെ നിയന്ത്രണത്തിൻ കീഴിലുള്ള കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ ഗസ്റ്റ് ഹൗസിലെ 20 – നമ്പർ റൂമിൽ വെച്ച് 5/5/2014 തീയതി രാത്രി 10.45 മണിക്ക് പ്ര തി ആവലാതിക്കാരിയെ കതകിന് കുറ്റിയിട്ട് അന്യായ തടങ്കൽ ചെയ്തും ടിയാളുടെ ഇംഗിതത്തിന് വിപരീതമായി ബലമായി കട്ടിലിൽ പിടിച്ചു കിടത്തി ടിയാൾ ധരിച്ചിരുന്ന തിരുവസ്ത്രം പൊക്കി മാറിൽ പിടിച്ചും ഉമ്മ വെച്ചും ….. ബലാത്സംഗം ചെയ്തു .* * *
യേശുക്രിസ്തു മേൽപ്പറഞ്ഞ പണിയൊന്നും ചെയ്തതിനല്ല കുരിശിൽ കേറിയത്. താൻ ദൈവ പുത്രനാണോ എന്ന ചോദ്യത്തിന് അതേ എന്ന് മറുപടി പറഞ്ഞതാണ് മഹാപുരോഹിതർ കുറ്റമായി കണ്ടത്. ദൈവദൂഷണം പറഞ്ഞു എന്നതായിരുന്നു പ്രധാന കുറ്റം.
യേശുവിന്റെ പേരിൽ ബലാത്സംഗ കുറ്റമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാനാണോ അറയ്ക്കൽ ശ്രമിക്കുന്നത്?
കന്യാസ്ത്രീയെ വേണ്ടാതീനം ചെയ്തു അകത്തായ ഐപ്പുണ്ണി മകൻ ഫ്രാങ്കോയെ വെള്ളയടിച്ച് പുണ്യാളനാക്കാനുള്ള അറയ്ക്കന്റെ പുതി അപാരം തന്നെ.
റിമാന്റ് റിപ്പോർട്ടിലെ ബാക്കി ഭാഗങ്ങൾ കൂടി പകർത്തി എഴുതാൻ നാണമായതുകൊണ്ട് ഞാൻ ഒഴിവാക്കുന്നു – ഇങ്ങനെ നീചവും നികൃഷ്ടവുമായ പ്രവർത്തി ചെയ്ത ആഭാസനെ യേശുക്രിസ്തു വുമായി ഉപമിച്ച ഇങ്ങേരെ ജനം വിലയിരുത്തട്ടെ –
Online Advertisement Tariff for Newsgil media Phone: 6282485622