Mon. Aug 31st, 2026

ബ്രൂവറികൾക്കും ബ്ലെൻഡിംഗ് ആൻഡ് ബോട്ടിലിംഗ് യൂണിറ്റുകൾക്കും സർക്കാർ ഇപ്പോൾ നൽകിയത് തത്വത്തിലുള്ള അനുമതിയാണെന്നും വിവിധ വകുപ്പുകളുടെ പരിശോധനയിൽ എന്തെങ്കിലും കാരണവശാൽ തുടങ്ങാനാവില്ലെന്ന് കണ്ടെത്തിയാൽ ലൈസൻസ് നൽകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ഇത്തരം യൂണിറ്റുകൾ അനുവദിക്കുന്നതിൽ നാളിതുവരെ എവിടെയും പത്രപ്പരസ്യം നൽകുന്ന രീതി പൊതുവിലില്ലെന്നും പ്രത്യേക അപേക്ഷയും ക്ഷണിക്കാറില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പകരം അതാത് കാലഘട്ടങ്ങളിൽ ബന്ധപ്പെട്ട സർക്കാരുകൾ തങ്ങളുടെ മുമ്പിൽ വരുന്ന അപേക്ഷകൾ പരിശോധിച്ച് അവയ്ക്ക് അനുമതിയും തുടർന്ന് വിശദമായ പരിശോധനയ്ക്ക് ശേഷം ലൈസൻസ് നൽകുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചുപോരുന്നത്. പത്രപരസ്യം നൽകിയില്ല എന്നാണ് ആരോപണമെങ്കിൽ മുൻകാല കോൺഗ്രസ് നേതാക്കളുൾപ്പെടെ അതിൽ പെടുമെന്ന കാര്യം പ്രതിപക്ഷ നേതാവ് ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് പല കാര്യങ്ങളിലും അടിസ്ഥാനരഹിതമായ സംശയങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. കാലവർഷക്കെടുതിയുടെ കാലത്ത് ഇത്തരത്തിലുള്ള പല സംശയങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും വസ്തുതകൾ പുറത്തുവന്നതോടെ ജനങ്ങൾ അത് തള്ളിക്കളയുകയാണ് ഉണ്ടായത്. ഇപ്പോൾ ബ്രൂവറികളും മറ്റും അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളും ഇതിന് സമാനം തന്നെയാണെന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയത്തിന് വിരുദ്ധമായി ഇവ അനുവദിച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. പ്രകടനപത്രികയിൽ പറഞ്ഞത് എന്ത് എന്ന് അറിഞ്ഞാൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവും. ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മദ്യ നയത്തെ സംബന്ധിച്ച് വിശദീകരിച്ചിട്ടുള്ളത്, 552ാമത്തെ ഖണ്ഡികയിലാണ്. അത് ഇങ്ങനെയാണ്.

മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറക്കാൻ സഹായകമായ നടപടിയായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുക. മദ്യവർജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാൾ കൂടുതൽ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയിൽ അതിവിപുലമായ ഒരു ജനകീയബോധവത്കരണ പ്രസ്ഥാനത്തിന് രൂപം നൽകും. ഡീഅഡിക്ഷൻ സെന്ററുകൾ സ്ഥാപിക്കും. മദ്യവർജ്ജനസമിതിയും സർക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടപത്രികയിൽ പറയുന്ന തരത്തിലുള്ള നടപടികളുമായി തന്നെയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. ഇപ്പോൾ മൂന്ന് ബ്രൂവറിക്കും രണ്ട് ബ്ലെന്റിംഗ്, കോമ്പൗണ്ടിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റുകൾക്കുമാണ് തത്വത്തിൽ അനുമതി നൽകിയത്. പൊതുസംവിധാനത്തിനകത്തുള്ള രണ്ട് യൂണിറ്റുകൾക്ക് ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള അനുമതിയുമാണ് നൽകിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഉത്പാദന കേന്ദ്രങ്ങളിൽ നിന്നും ഒരു വിതരണവും നടക്കുന്നില്ല എന്നത് ആർക്കും മനസ്സിലാക്കാനാവുന്നതാണ്. അതുകൊണ്ട് തന്നെ മദ്യമൊഴുക്കുക എന്ന പ്രശ്നം ഇതിനകത്ത് ഉത്ഭവിക്കുന്നേയില്ല.

ഇവ അനുവദിക്കുമ്പോഴുണ്ടാകുന്ന മാറ്റമെന്താണ്? ഇവിടെ ഉത്പാദിപ്പിക്കുന്ന മദ്യം സ്വാഭാവികമായും ബിവറേജ് കോർപ്പറേഷന് കൈമാറുകയാണ് ചെയ്യുക. അവർ വിതരണം ചെയ്യുന്നതിനനുസരിച്ച് സ്റ്റോക്കെടുക്കുകയാണ് ഉണ്ടാവുക. ഇപ്പോഴത്തെ നിലയനുസരിച്ച് മദ്യത്തിന്റെ 8 ശതമാനവും ബീയറിന്റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് കോർപ്പറേഷന് ലഭ്യമാകുന്നത്. പുതുതായി ഇവിടെ ഉത്പാദനം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസമെന്താണ്? പുറത്തുനിന്ന് വരുന്ന 8 ശതമാനത്തിന്റെ സ്ഥാനത്ത് അതിന് കുറവ് വരികയും ഇവിടെ ഉത്പാദിപ്പിക്കുന്നത് അതിന് പകരം സ്ഥാനം പിടിക്കുകയും ചെയ്യും. ഫലത്തിൽ അന്യ സംസ്ഥാന ലോബികൾക്ക് നഷ്ടമുണ്ടാകുകയാണ് ചെയ്യുന്നത്. ഇങ്ങനെ അന്യ സംസ്ഥാനത്തുനിന്നുള്ള മദ്യമൊഴുക്ക് കുറയ്ക്കുന്നതിന് താൻ അനുകൂലമാണെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം എനിക്ക് കത്ത് തന്നിട്ടുമുണ്ട്. അപ്പോൾ സർക്കാരിന്റെ നിലപാട് എങ്ങനെയാണ് തെറ്റായിത്തീരുന്നത് എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കേണ്ടതുണ്ട്.

പ്രതിപക്ഷ നേതാവ് ഉദ്ധരിക്കാത്ത ഒരുപിടി നേട്ടം കൂടി ഈ നടപടിയുടെ ഭാഗമായി ഉണ്ടാവുന്നുണ്ട്. അതായത് സംസ്ഥാനത്ത് പുതുതായി നൂറുകണക്കിന് തൊഴിലവസരം ഉണ്ടാവും. മാത്രമല്ല, നികുതിയിനത്തിൽ നമ്മുടെ വരുമാനത്തിലും വർദ്ധനവുണ്ടാകും. ഇങ്ങനെ തൊഴിലവസരവും ഖജനാവിലെ വരുമാനവും വർദ്ധിക്കുന്നതിനുള്ള നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഇത് സംസ്ഥാനത്തിന് എതിരാണ് എന്ന് പ്രതിപക്ഷ നേതാവിനല്ലാതെ മറ്റാർക്കാണ് പറയാനാവുക?

പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള രണ്ടാമത്ത ഭാഗം മദ്യവർജ്ജനത്തിനായി ഇന്നുള്ളതിനേക്കാൾ ശക്തമായ ഇടപെടൽ നടത്തും എന്നാണ്. ഈ ഇടപെടൽ തന്നെയാണ് സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ മദ്യവർജ്ജനബോധവത്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന ലഹരിവർജ്ജന മിഷൻ വിമുക്തിക്ക് രൂപം നൽകി കഴിഞ്ഞു. എല്ലാ ജില്ലകളിലും ഡീ അഡിക്ഷൻ സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി 14 ജില്ലകളിൽ ഇപ്പോഴുള്ള ഡീ അഡിക്ഷൻ വാർഡുകൾ മാതൃകാ ചികിത്സാ കേന്ദ്രമായി മാറ്റിയെടുടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഒരു മാതൃകാ ഡീഅഡിക്ഷൻ സെന്റർ ആരംഭിക്കാൻ കോഴിക്കോട് കിനാലൂരിൽ വേണ്ട നടപടികൾ സ്വീകരിച്ചു വരികയുമാണ്.

എൽ.ഡി.എഫ് സർക്കാർ പത്രപ്പരസ്യം നൽകാതെയും പൊതുവായ അറിയിപ്പ് നൽകാതെയും ബ്രൂവറിയും കോമ്പൗണ്ടിംഗ്, ബ്ലെന്റിംഗ്, ബോട്ടിലിംഗ് യൂണിറ്റും അനുവദിച്ചുവെന്ന ആരോപണമാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് പറയുന്നത്. സംസ്ഥാനത്ത് തുടർന്നുവന്ന ഈ രീതിക്ക് മാറ്റം ഉണ്ടായത് ഒരു ഘട്ടത്തിലാണ്. അത് 1999 ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളം ഭരിക്കുന്ന ഘട്ടത്തിലാണ്. 1998ൽ ഒരു ബ്രൂവറി യൂണിറ്റിന് എൽ.ഡി.എഫ് സർക്കാർ അനുമതി നൽകി. ഇത് അനുവദിച്ചത് പരസ്യമായി അപേക്ഷ ക്ഷണിച്ചുകൊണ്ടല്ല. ഇതിന് ലൈസൻസ് അനുവദിച്ചത് 2003 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. 1999ൽ ബ്രൂവറി യൂണിറ്റിന് അനുമതി നൽകി. തുടർന്ന് 1999ൽ ഇത്തരം യൂണിറ്റുകൾ ആരംഭിക്കുന്നതിന് സർക്കാരിന് മുമ്പിൽ നൂറിലധികം അപേക്ഷകൾ വന്നു. ഇയ്രേറെ അപേക്ഷകൾ വന്നപ്പോൾ അവ ശരിയായ രീതിയിൽ പരിശോധിച്ച് അർഹത ആർക്കെങ്കിലുമുണ്ടെങ്കിൽ അവർക്ക് നൽകുന്നതിനായി ഒരു ഉദ്യോഗസ്ഥതല കമ്മറ്റിയെ എൽഡിഎഫ് സർക്കാർ നിയമിച്ചു.

ആ കമ്മറ്റിയുടെ കൺവീനറായിരുന്നത് പ്രിൻസിപ്പൾ സെക്രട്ടറി ടാക്സ് ഡിപ്പാർട്ട്മെന്റായിരുന്നു. എക്സൈസ് കമ്മീഷണർ, സെക്രട്ടറി ടൂറിസം, മാനേജിംഗ് ഡയറക്ടർ കേരള സ്റ്റേറ്റ് ബിവറേജ് കോർപ്പറേഷൻ എന്നിവരായിരുന്നു അംഗങ്ങൾ. ഈ കമ്മറ്റിയോട് സംസ്ഥാനത്തിന്റെ ആവശ്യത്തിനനുയോജ്യമായ എണ്ണം കോമ്പൗണ്ടിംഗ്, ബ്ലെന്റിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റുകൾ ആരംഭിക്കുന്ന കാര്യം പരിശോധിക്കുന്നതിന് നിർദ്ദേശിച്ചു. മാത്രമല്ല, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം മറ്റു സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്ത് പെർമിറ്റ് നൽകി കൊണ്ടുവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനുതകുന്ന തരത്തിൽ ആവശ്യമുള്ള യൂണിറ്റുകൾ ആരംഭിക്കുന്ന കാര്യം പരിശോധിക്കാനും കമ്മറ്റിയോട് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ലൈസൻസിനായുള്ള അപേക്ഷകൾ പരിശോധിച്ച് പരിഗണിക്കേണ്ടവയെ സംബന്ധിച്ച് പരിശോധന നടത്തി ചില ശിപാർശകൾ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. കമ്മറ്റിയുടെ ശിപാർശകൾ 24.09.1999 ൽ ചേർന്ന മന്ത്രിസഭാ യോഗം പരിശോധിച്ചു. മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്.

1. കമ്മറ്റി ശിപാർശ ചെയ്ത പ്രകാരം സർക്കാരിന് ലഭിച്ച ഡിസ്റ്റിലറി / കോമ്പൗണ്ടിംഗ് ബ്ലെന്റിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള എല്ലാ അപേക്ഷയും നിരസിക്കാമോ?

2. മന്നം ഷുഗർമില്ലിന്റെ ഐഎംഎഫ്എൽ കോമ്പൗണ്ടിംഗ് ബ്ലെന്റിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കാമോ?<

3. നിലവിലുള്ള ഡിസ്റ്റലറികളുടെ ശേഷി അവർ ആവശ്യപ്പെടുന്ന പക്ഷം ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ട് വർദ്ധിപ്പിച്ചു നൽകാമോ?

എന്നീ കാര്യങ്ങൾ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന പ്രശ്നം മന്ത്രിസഭയുടെ മുമ്പാകെ വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തീരുമാനമാണ് ഒരു സർക്കാർ ഉത്തരവായി 29.09.1999 പുറപ്പെടുവിച്ചത്. ആ സർക്കാർ ഉത്തരവിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ താഴെക്കൊടുക്കുന്നവയാണ്.

1.ഡിസ്റ്റലറി, കോമ്പൗണ്ടിംഗ്, ബ്ലെന്റിംഗ് ആന്റ് ബോട്ടിലിംഗ് ലൈസൻസ് അപേക്ഷകൾ പരിഗണിക്കേണ്ടതില്ല

2.മന്നം ഷുഗർ മില്ല് നടത്തുന്ന കോഓപ്പറേറ്റീവ് സൊസൈറ്റി സമർപ്പിച്ച അപേക്ഷ മാത്രം പരിഗണിച്ചാൽ മതിയാകും

3.നിലവിലുള്ള ഡിസ്റ്റലറികൾ അവയുടെ ശേഷി വർദ്ധിപ്പിക്കാനാഗ്രഹിക്കുന്നുവെങ്കിൽ ഇത് സംബന്ധിച്ച എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് അക്കാര്യം പരിഗണിക്കുന്നതാണെന്നും സർക്കാർ ഉത്തരവിട്ടു

ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം അന്നത്തെ അപേക്ഷകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ തീരുമാനം ഉണ്ടായിട്ടുള്ളത് എന്നതാണ്. മാത്രമല്ല, ഒന്നും പുതുതായി അനുവദിക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചിട്ടുമില്ല. മന്നം ഷുഗർമില്ലിന്റെ അപേക്ഷ പരിഗണിച്ച് അത് അനുവദിക്കണമെന്ന കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് നിലവിലുള്ള ഡിസ്റ്റലറികൾക്ക് അതിനുള്ള അംഗീകാരം നൽകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതായത് 1999 ലെ ഉത്തരവ് സ്ഥാപനം തുറക്കരുത് എന്നല്ല, യുക്തമായവർക്ക് നൽകണമെന്ന നിലപാടാണ് സ്വീകരിച്ചത് എന്നർത്ഥം. ഇങ്ങനെ ഒരു സ്ഥാപനത്തിന് കോമ്പൗണ്ടിംഗ്, ബ്ലെന്റിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാമെന്ന അനുമതി നൽകിയ ഉത്തരവിനെ എങ്ങനെയാണ് ഒരു സ്ഥാപനവും നൽകാൻ പറഞ്ഞില്ല എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നത്. ആടിനെ പട്ടിയാക്കുകയല്ലാതെ മറ്റൊന്നുമല്ല തന്നെ.

ഇവിടെ വ്യക്തമാവുന്ന കാര്യം 1999 ലെ ഉത്തരവ് അന്നത്തെ അപേക്ഷകൾക്ക് മാത്രം ബാധകമാവുന്നതാണ്. മാത്രമല്ല, ഒന്നും നൽകേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തിയ ഉത്തരവുമായിരുന്നില്ല അത് എന്നാണ്. മറ്റൊരു പ്രധാനപ്പെട്ടകാര്യം ബ്രൂവറികളെ സംബന്ധിച്ച് അതിൽ പരാമർശിക്കുന്നില്ല എന്നതാണ്. അതായത് ബ്രൂവറി അനുവദിക്കുന്നതിൽ ഒരു കാലത്തും ഇത്തരമൊരു പരിശോധനയുടെ സ്ഥിതി ഉണ്ടായിട്ടുമില്ല എന്നതാണ്. എന്നിട്ടും 1999 ലെ ഉത്തരവിനെ ബ്രൂവറിയുമായി ബന്ധിപ്പിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനാവുമോ എന്ന ശ്രമത്തിന്റെ ഭാഗമാണ്.

1999 ലെ ഉത്തരവിന് ശേഷം ഒരു സ്ഥാപനത്തിനും ഇത് ആരംഭിക്കുന്നതിന് അനുമതി നൽകിയിട്ടില്ല എന്ന വാദമാണ് ഉന്നയിക്കുന്നത്. എന്നാൽ 1998 ൽ എൽഡിഎഫ് സർക്കാർ അനുമതി നൽകിയ സ്ഥാപനത്തിന് ലൈസൻസ് നൽകിയത് 2003 ലെ ആന്റണി സർക്കാരാണ്. അതായത് 1999 ന് ശേഷം ഇത്തരത്തിലുള്ള സ്ഥാപനം തുറക്കുന്നതിന് അനുമതി നൽകിയിട്ടില്ല എന്ന പ്രതിപക്ഷ നേതാവിന്റെ വാദം വസ്തുതകൾക്ക് നിരക്കുന്നതല്ല. ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്ന മറ്റൊരു വാദം സർക്കാർ അനുമതി നൽകിയാൽ ലൈസൻസ് തടയുന്നതിന് പിന്നീട് കഴിയില്ല എന്നതാണ്. ഇത് സംബന്ധിച്ച് പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്, സർക്കാർ അനുമതി നൽകിയാലും തുടർന്നുവന്ന സർക്കാരിന് ആ അനുമതി തന്നെ തിരുത്താം. പ്രതിപക്ഷ നേതാവ് പറയുന്ന ഇത്തരം സ്ഥാപനങ്ങൾ അനുവദിക്കാൻ പാടില്ല എന്ന 1999 ലെ ഉത്തരവ് നിലവിലുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽയുഡിഎഫ് സർക്കാരിന് അവ റദ്ധാക്കാൻ കഴിയാവുന്നതേയുള്ളൂ. ഇങ്ങനെ ചെയ്യാതിരുന്നതിന് അക്കാലത്തെ മുഖ്യമന്ത്രിയായ ആന്റണിയെക്കൂടി പ്രതിക്കൂട്ടിലാക്കുന്ന പ്രവർത്തനമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത് എന്നതും ഓർക്കേണ്ടതുണ്ട്.

സർക്കാർ അനുമതി നൽകിയാലും ശരിയായ പരിശോധനയുടെ അടിസ്ഥാനത്തിൽ ലൈസൻസ് നൽകാതിരിക്കാനുള്ള അവകാശവും ബന്ധപ്പെട്ട വകുപ്പുകൾക്കുണ്ട്. ഇത് ചെയ്യാതിരുന്നത് നേരത്തേ പറഞ്ഞതുപോലെത്തന്നെ 1999 ലെ ഉത്തരവ് പിന്നീട് ഉള്ള ഒന്നിനും ബാധകമല്ല, എന്നതുകൊണ്ടുകൂടിയാണ്. വസ്തുതകൾ ഇതായിരിക്കെ പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്. ബ്രൂവറിയും മറ്റും അനുവദിക്കുന്നതിനായി മന്ത്രിസഭായോഗത്തിൽ കൊണ്ടുവന്നില്ല എന്നാണ് ഉന്നയിക്കപ്പെട്ട മറ്റൊരു ആരോപണം. ഒരു വകുപ്പിന് കീഴിൽ നിലവിലുള്ള നിയമപ്രകാരം സ്ഥാപനം അനുവദിക്കുമ്പോൾ അവ മന്ത്രിസഭയുടേത് എന്നല്ല, മുഖ്യമന്ത്രിയുടെ പോലും അനുമതി വേണ്ട എന്നതാണ് വസ്തുത. ബ്രുവറി റൂൾസ് 1967 ൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥാപനങ്ങൾ അനുവദിക്കുന്നതിൽ അനുമതി നൽകിയ പ്രദേശങ്ങളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ തുടങ്ങിയ കാര്യങ്ങൾ എന്നത് ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുക എന്നതാണ് നിലവിലുള്ള രീതി. അത് പ്രകാരം അത്തരം പരിശോധനകൾ എല്ലായിടങ്ങളിലും നടക്കും. ആ പരിശോധനയിൽ എന്തെങ്കിലും കാരണവശാൽ സ്ഥാപനങ്ങൾ തുടങ്ങാൻ കഴിയാത്ത നിലയുണ്ടെങ്കിൽ അവർക്ക് ലൈസൻസ് ലഭിക്കുകയുമില്ല. വസ്തുത ഇതാണെന്നിരിക്കെ സ്ഥാപനങ്ങൾ അനുവദിക്കുന്നതിൽ ശരിയായ പരിശോധന നടത്തിയില്ല എന്ന വാദം നിലനിൽക്കുന്നതല്ല. അത് ഇനിയും നടത്തുന്നതും പറ്റുന്നില്ലെങ്കിൽ അവയ്ക്ക് ലൈസൻസ് നൽകുകയുമില്ല എന്നതാണ് യാഥാർത്ഥ്യം. ഈ വസ്തുതകൾ ജനങ്ങളിൽ നിന്നും മറിച്ചുവെച്ച് പുകമറ സൃഷ്ടിക്കാനാണ് ഇവർ ശ്രമിക്കുന്നത് എന്ന് വ്യക്തം.

ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുന്നതിന് ആര് അപേക്ഷ നൽകിയാലും അവ പരിശോധിച്ച് നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവും. ഇക്കാര്യത്തിൽ ആർക്കും ഇനിയും അപേക്ഷ നൽകുന്നതിന് തർക്കമില്ല. ഇപ്പോൾ ബ്രൂവറികളും കോമ്പൗണ്ടിംഗ്, ബ്ലെന്റിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റുകൾ അനുവദിക്കുന്നതിലുള്ള ഉത്തരവുകളിൽ 1999ലെ ഉത്തരവിനെ സംബന്ധിച്ച് പരാമർശമുണ്ട്. ഇത്തരമൊരു പരാമർശം ആ ഉത്തരവുകളിൽ നടത്തിയത് നേരത്തേ ഇറക്കിയ പല ഉത്തരവുകളിലും 1999ലെ ഉത്തരവിനെ തെറ്റായി വ്യഖ്യാനിച്ചുവെന്നത് കൊണ്ടാണ്. 1999ലെ ഉത്തരവ് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇപ്പോഴത്തെ ഉത്തരവ് ഇറക്കിയിട്ടുള്ളത് എന്ന് സൂചിപ്പിക്കാനാണ്

കേരളത്തിൽ വിതരണം ചെയ്യുന്നതിനുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യം മറ്റു സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്ത് പെർമിറ്റ് നൽകി കൊണ്ടുവരുന്നതിനുള്ള സാഹചര്യം ഒഴിവാക്കി ക്കൊണ്ടുവരുന്നതിന് ഉതകുന്നതരത്തിൽ ആവശ്യമുള്ള യൂണിറ്റുകൾ ആരംഭിക്കുന്ന കാര്യം പരിശോധിക്കാൻ 1999ലെ എൽ.ഡി.എഫ് സർക്കാർ തന്നെ പരിശോധനാ കമ്മറ്റിയോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ പരിശോധിക്കുമ്പോൾ 8 ശതമാനം വിദേശ മദ്യം പുറത്ത് നിന്ന് കൊണ്ടുവരുന്ന സ്ഥിതിയുണ്ട്. ബിയറിന്റെ കാര്യത്തിൽ 40 ശതമാനത്തിന്റെ കുറവുമുണ്ട്. ഇത് പരിഹരിക്കുന്നവിധം ഇടപെട്ട് മുന്നോട്ടപോകുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിട്ടുള്ളത്. അതാവട്ടെ നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായുമാണ്.

Online Advertisement Tariff for Newsgil media Phone: 6282485622