Sun. Nov 22nd, 2026

അപ്രതീക്ഷിതമായുണ്ടായ പ്രകൃതി ദുരന്തം ഏതു നിമിഷവും ജീവന്‍ കവരാം എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പല ഭാഗങ്ങളിലേയും ജനങ്ങള്‍ നേരം ഇരുട്ടി വെളുപ്പിക്കുന്നത്. പ്രത്യേകിച്ച് കടല്‍ തീരദേശ നിവാസികള്‍. ഉറ്റവര്‍ കടലില്‍ പോയി മടങ്ങി വരാത്തതില്‍ ആശങ്കപ്പെട്ടിരിക്കുന്നവരോട് ഏത് ആശ്വാസ വാക്കുകള്‍ പറഞ്ഞാലാണ് മതി വരുക.

കേരളത്തില്‍ ദുരന്തനിവാരണ സേന നിരുത്തരവാദിത്വപരമായാണ് പെരുമാറുന്നതെന്ന് പരാതികള്‍ ഉയരുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ അത്രപോലും അനങ്ങുന്നില്ലെന്നത് മാധ്യമങ്ങളിലൂടെയും നേരിട്ടും ജനങ്ങള്‍ക്ക് ബോധ്യമായതാണ്.

പലയിടങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി റോഡിലിറങ്ങുക പോലുമുണ്ടായി. ഈ സാഹചര്യത്തില്‍ അത്യന്തം ഭീതിജനകമായ സാഹചര്യം നിലനില്‍ക്കുന്ന കൊല്ലത്തേയ്ക്ക് അവിടുത്തെ എംഎല്‍എയും നടനും കൂടിയായ മുകേഷ് കടന്നു ചെന്നപ്പോഴുണ്ടായ ജനങ്ങളുടെ പ്രതികരണമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

അന്തസ് വേണമെട അന്തസ്, എന്ന മുകേഷിന്റെ ഹിറ്റ് ഡയലോഗ് മലയാളികള്‍ ആരും മറന്നിട്ടില്ല. എന്നാല്‍ അന്തസ് എന്താണ് എന്ന് കൊല്ലം എം.എല്‍.എയായ നടനെ പഠിപ്പിച്ചു കൊടുത്തിരിക്കെയാണ് കൊല്ലത്തെ മല്‍സ്യ തൊഴിലാളികള്‍.

ചുഴലിക്കാറ്റിലും മഴയിലും തീരദേശമേഖല ദുരിതക്കയത്തില്‍ ആയപ്പോള്‍ ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതിരുന്നതാണ് മുകേഷിനെതിരെ ജനവികാരം ഉയരാന്‍ ഇടയാക്കിയത്. വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോള്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു.

എന്നാല്‍ ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് മുകേഷ് തീരദേശത്തേക്ക് വന്നത്. വൈകിട്ട് ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജനൊപ്പം വന്ന മുകേഷ് ലേല ഹാളിലെ കസേരയില്‍ ഇരുന്നു.

എം.എല്‍.എ സ്ഥലത്ത് എത്താത്തിന്റെ രോക്ഷം മല്‍സ്യതൊഴിലാളികള്‍ക്കിടയില്‍ ശക്തമായതിനിടയിലാണ് മുകേഷ് എത്തിയത്. എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? മല്‍സ്യതൊഴിലാളിയായ സ്ത്രീ ചോദിച്ചു. ഉടനേ വന്നു മുകേഷിന്റെ കോമഡി. ‘നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ’ തമാശയാണ് പറഞ്ഞതെങ്കിലും ഇതോടെ മല്‍സ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു.തീരദേശവാസികൾ മണിയാശാനെപ്പോലെ നാടൻഭാഷയിൽ തന്നെ മുകേഷ് എം എൽ എ യെ കൈകാര്യം ചെയ്തു.

പണ്ട് ആരാധകന്‍ പാതിരാത്രി പതിനൊന്നു മണിക്കു ഫോണ്‍ ചെയ്തപ്പോള്‍ നടന്റെ നിയന്ത്രണം വിട്ടതിലും ഭീകരമായി മത്സ്യത്തൊഴിലാളികളുടെ പ്രതികരണം. പിന്നീട് നടന്ന മത്സ്യത്തൊഴിലാളികളുടെ ഡയലോഗുകള്‍ കേട്ടാല്‍ കേട്ടു നില്‍ക്കുന്നവരുടെ കൂടി അന്തസ് പോകുന്ന തരത്തിലായിരുന്നവെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും അന്തസ് എന്താണെന്നു ശരിക്കും മനസ്സിലാക്കിയ ശേഷമാണ് മുകേഷ് കടപ്പുറം വിട്ടത്.