എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയിൽ. കൊലയാളി സംഘാംഗത്തിൽ ഉൾപ്പെട്ടയാളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശിയായ റിഫ കൊച്ചിയിൽ എൽഎൽബി വിദ്യാർഥിയാണ്. അഭിമന്യുവിനെ ആക്രമിച്ച സംഘത്തെ വിളിച്ചുവരുത്തിയത് റിഫയായിരുന്നു. ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
അഭിമന്യുവിനെ കൊലപ്പെടുത്തിയതിന്‍റെ മുഖ്യ സൂത്രധാരനാണ് റിഫയെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് ഏഴു പേരാണ് ഇതുവരെ പോലീസിന്‍റെ പിടിയിലായത്. ഇനിയും ഏഴുപേർ പിടിയിലാകാനുണ്ട്. കേസില്‍ പ്രധാന പ്രതികളെ സഹായിച്ചവര്‍, ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ എന്നിങ്ങനെ 30ഓളം പ്രതികളുണ്ട്. ഇവരില്‍ 12പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസം കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന പള്ളുരുത്തി സ്വദേശി സനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കൊച്ചി സെന്‍ട്രല്‍ പൊലീസാണ് സനീഷിനെ പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് സനീഷെന്ന് പൊലീസ് പറഞ്ഞു.
സംഭവ ദിവസം വിദ്യാർഥികളെ ആക്രമിക്കാൻ പള്ളുരുത്തിയിൽ നിന്നു ക്യാംപസിലെത്തിയ നാലംഗ സംഘത്തിന്റെ നേതാവാണ് ഇയാൾ. കേസിൽ നേരത്തേ അറസ്റ്റിലായ റിയാസിനെ സ്വന്തം വാഹനത്തിൽ ക്യാംപസിലെത്തിച്ചതും സനീഷാണ്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ അടക്കം ഇയാൾ പങ്കാളിയാണെന്നു പൊലീസ് പറഞ്ഞു ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പേരും പൊലീസ് പിടിയിലായിട്ടുണ്ട്.