Sat. Apr 20th, 2024

✍️ ശാലിനി. ആർ

കിഡ്നി തകരാറിലായ സ്ത്രീയ്ക്ക് വേണ്ടി കൊണ്ടുപിടിച്ചു ഗാനമേളകൾ നടക്കുന്നു. ഉണ്ണീ വാവാവോയും, ശുഭയാത്രാ ഗീതങ്ങളും ഒക്കെ കരാക്കെ വച്ച് പാടി അലമ്പാക്കികൊണ്ടിരിക്കുന്ന ബസ് സ്റ്റോപ്പിലേക്കാണ് ബോർഡിൽ പടമുള്ള ഗുണഭോക്താവ് ഡയാലിസിസും കഴിഞ്ഞ് ക്ഷീണിതയായി വന്നിറങ്ങുന്നത്.

ആയ കാലത്തെ ഫോട്ടോയും ഡയാലിസിസ് നടന്നുകൊണ്ടിരിക്കുന്ന ആളേം കണ്ടാൽ വീട്ടുകാർ പോലും തിരിച്ചറിയാറില്ല. അപ്പോ പിന്നെ കരാക്കെ പാടുന്ന ഗാനമേളക്കാരുടെ കാര്യം പറയാനുണ്ടോ. ചേച്ചിയും കുറെ സമയം പാട്ടുകേട്ടു കൊണ്ട് വിളിക്കാൻ വരുമെന്ന് പറഞ്ഞ മോനെയും കാത്തിരുന്നു.

ഗാനമേളയുടെ സൈഡ് ഡിഷ്‌ ആയ ബക്കറ്റ് പിരിവിനു ചേച്ചിയുടെ അടുത്തേക്കും ആള് വന്നപ്പോഴാണ് അത് വരെ അടക്കി പിടിച്ചിരുന്ന ചേച്ചിയുടെ #ഫോറിൻചോര തിളച്ചത്. എന്നാലും സൗമ്യമായി ചോദിച്ചു ആരാ മോനെ അത്?

ചേച്ചി ഞങ്ങൾ ജീവകാരുണ്യ പ്രവർത്തകരാ.. ഇങ്ങനെ അസുഖം ബാധിച്ചവരെയൊക്കെ സാമ്പത്തികമായി സഹായിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഉള്ളത് താ ചേച്ചി. പത്തിരുപതു ലക്ഷം വേണ്ടിവരും കിഡ്നി മാറ്റിവയ്ക്കാനും ചികിത്സയ്ക്കുമൊക്കെയായി. ഇനി വേണം കുറേ കൂടി. നമ്മളൊക്കെ സഹായിച്ചില്ലേൽ ആരുമില്ലാത്തവരെയൊക്കെ ആരു സഹായിക്കും?…

ചേച്ചി പത്തു രൂപ നിറഞ്ഞു കിടന്ന ബക്കറ്റിൽ ഒന്ന് നോക്കി. എനിക്കൊരു ചായ കുടിക്കാൻ കാശ് തരുമോ ആ ഫോട്ടോയിലുള്ള ആള് ഞാൻ തന്നെയാണ്. stunned ആയി നിന്ന ബക്കറ്റ് ബോയ്യുടെ മുന്നിൽ കൂടി മകന്റെ ഒപ്പം ബൈക്കിൽ കയറി ചേച്ചി പോയി. നാട്ടുകാർ സഹായമായി വച്ച് നീട്ടിയ അക്കൗണ്ട് പോലും വേണ്ടാന്ന് വയ്ക്കൽ കൂടി ആയിരുന്നു പിന്നീടുണ്ടായത്…

നാടുനീളെ നടന്നു കാശ് പിരിക്കുന്ന ഗാനമേളകൾ എങ്ങനെയൊക്കെ ആണെന്ന് കൂടി അറിഞ്ഞാൽ കൊള്ളാം.