Sun. Nov 22nd, 2026

പഠനത്തിനും ജീവിതമാര്‍ഗത്തിനുമായി മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ കഥയായിരുന്നു ഇന്നലെ മാധ്യമങ്ങളില്‍ മുഴുവന്‍ നിറഞ്ഞു നിന്നത്. സോഷ്യല്‍ മീഡിയ മുഴുവന്‍ ആ പെണ്‍കുട്ടിക്ക് പിന്തുണയുമായി രംഗത്തു വരികയും സംവിധായകന്‍ അരുണ്‍ ഗോപി തന്‍റെ പുതിയ ചിത്രത്തില്‍ ഹനാന് ഒരു പ്രധാനപ്പെട്ട റോള്‍ നല്‍കുമെന്ന് പറഞ്ഞതുമൊക്കെയായിരുന്നു ഇന്നലെ മാധ്യമങ്ങള്‍ ആഘോഷിച്ചത്.

പക്ഷേ ഇന്ന് കഥ മാറി. പെണ്‍കുട്ടി തട്ടിപ്പുകാരിയാണെന്നും നേരത്ത പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെന്നും ചിത്രത്തിന്‍റെ പ്രമോഷനു വേണ്ടി ഒരുക്കിയ നാടകമാണിതെന്നൊക്കയാണ് ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയിലും ഒാണ്‍ലൈന്‍ മാധ്യമങ്ങളിലു മൊക്കെയായി വന്നുകൊണ്ടിരിക്കുന്നത്. ഇതോടെ സംവിധായകന്‍ അരുണ്‍ ഗോപി ഇക്കാര്യത്തില്‍ തന്‍റെ വിശദീകരണവുമായി രംഗത്തു വന്നിട്ടുണ്ട്.

പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്നും സിനിമയ്ക്കായുള്ള പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും അരുണ്‍ ഗോപി പ്രതികരിച്ചു. കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് പുതിയ ചിത്രത്തിൽ ഒരു വേഷം കൊടുക്കുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞതെന്നും അത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറഞ്ഞു കേൾക്കുന്നതിൽ ദു:ഖമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

‘സമൂഹമാധ്യമത്തിലൂടെ വൈറലായ ആ കുട്ടിയുടെ പോസ്റ്റ് ഞാൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. മറ്റുള്ളവർക്ക് കൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേതെന്ന ചിന്തയോടെയാണ് ആ കുറിപ്പ് അവിടെ എഴുതിയത്. ‘ഈ കുട്ടിക്ക് ഒരവസരം നൽകിയാൽ സഹായകമാകും ചേട്ടാ’ എന്നൊരു കമന്റ് അതിന്റെ താഴെ വരികയും നോക്കാം എന്ന് ഞാൻ അതിന് മറുപടി പറയുകയും ചെയ്തു. മാധ്യമങ്ങൾ വഴി അറിഞ്ഞ വാർത്ത ശരിയായിരിക്കും എന്ന ബോധ്യത്തോടെയാണ് ആ കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന തീരുമാനം എടുക്കുന്നത്.’

‘പത്രമാധ്യമങ്ങളിലൂടെ അല്ലാതെ ആ കുട്ടിയെ അറിയില്ല. സിനിമയ്ക്ക് വേണ്ടിയുള്ള പബ്ലിസിറ്റി നാടകമാണെന്നൊക്കെ പറഞ്ഞുപരത്തുന്നത് ദു:ഖകരമാണ്. പ്രണവ് നായകനാകുന്ന ഒരു ചിത്രത്തിന് ഇത്തരത്തിലൊരു പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോയെന്ന് സാമാന്യ യുക്തിക്കനുസരിച്ച് ചിന്തിച്ചു നോക്കാവുന്നതാണ്. ഒരാൾക്ക് സഹായകരമാകട്ടെ എന്നോർത്താണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്. അതിങ്ങനെയായതിൽ ദു:ഖമുണ്ട്.ഇതാണ് അരുണ്‍ ഗോപിയുടെ വിശദീകരണം.

അതേസമയം വാര്‍ത്ത തെറ്റല്ലെന്നും പെണ്‍കുട്ടി പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും സത്യമാണെന്നും ഇൗ കുട്ടി പഠിക്കുന്ന കോളേജിലെ പ്രിന്‍സിപ്പല്‍ പറയുന്നു. കോളേജിലെ വിദ്യാര്‍ത്ഥികളും പെണ്‍കുട്ടിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഹനാനെക്കുറിച്ച് ഇന്നലെ വന്ന വാര്‍ത്തയുടെ ഏകദേശ രൂപം ഇങ്ങനെയായിരുന്നു

പാലാരിവട്ടം തമ്മനം ജംഗ്ഷനിൽ വൈകുന്നേരങ്ങളിൽ കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഒരു പെൺകുട്ടിയുണ്ട്. ജീവിതത്തിലെ വെല്ലുവിളികളോട് ഒറ്റക്കു പൊരുതി കരകയറാനുള്ള ശ്രമത്തിലാണവൾ. പേര് ഹനാൻ. തൃശൂർ സ്വദേശിനി. പുലർച്ചെ മൂന്നു മണിക്ക് ഹനാന്റെ ഒരു ദിവസം തുടങ്ങുന്നു. ഒരു മണിക്കൂർ പഠനം. തുടർന്ന് കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി ചമ്പക്കര മീൻ മാർക്കറ്റിലേക്ക്. അവിടെ നിന്ന് മീനും സൈക്കിളും ഓട്ടോയിൽ കയറ്റി തമ്മനത്തേക്ക്. മീൻ അവിടെ ഇറക്കിവെച്ച് താമസ സ്ഥലത്തേക്ക് മടങ്ങും.

മാടവനയിൽ വാടക വീട്ടിലാണ് ഹനാന്റെ താമസം. മീൻ വാങ്ങിവെച്ച് മടങ്ങിയെത്തിയാൽ കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അൽ അസർ കോളേജിലേക്ക്. 9.30ന് അവിടെ മൂന്നാംവർഷ രസതന്ത്ര ക്ലാസിൽ അവളെ കാണാം. മൂന്നരക്ക് കോളേജ് വിട്ടാല്‍ പിന്നെ തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീൻ പെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീൻ അരമണിക്കൂറിൽ തീരും.

സാമ്പത്തിക പരാധീനതയാൽ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു ഹനാന്റെ സ്വപ്നം. അവിടെ നിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോൾ സെന്ററിലും ഓഫീസിലും ഒരു വർഷം ജോലി ചെയ്തു. കോളേജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയായതിനാൽ ചികിത്സക്ക് പണം വേണ്ടിവന്നില്ല. ഇതിനിടെ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മ മാനസികമായി തകർന്നു. സഹോദരൻ പ്ലസ് ടുവിന് പഠിക്കുന്നു.

10 മുതൽ പ്ലസ് ടു വരെയുള്ള കാലം വീടുകൾ തോറും കയറിയിറങ്ങി ട്യൂഷൻ എടുത്തും മുത്തുമാല കോർത്തു വിറ്റുമാണ് ഹനാൻ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്. ഒരു മാസത്തോളം മീൻ വിൽപ്പനക്ക് രണ്ടുപേർ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളർത്തിയപ്പോൾ കച്ചവടം ഒറ്റക്കായി.നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ് ഹനാൻ. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. കോളേജ് ഫീസും വീട്ടുവാടകയും തൃശൂരിൽ കഴിയുന്ന അമ്മയുടെ ആവശ്യങ്ങൾക്കുള്ള ചെലവുമൊക്കെയാകുമ്പോൾ നല്ല തുകയാകും.

ഇതാണ് ഇന്നലെ മാതൃഭൂമി കൊടുത്ത വാര്‍ത്ത . മാതൃഭൂമിയെ പിന്തുടര്‍ന്ന് മനോരമയും മറ്റ് മാധ്യമങ്ങളുമെല്ലാം ഇത് ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ആരോപണങ്ങളെ പ്രതിരോധിക്കാന്‍ മാതൃഭൂമി ന്യൂസ് ചാനല്‍ പെണ്‍കുട്ടിയുടെ പ്രതികരണവും കോളേജിലെ പ്രിന്‍സിപ്പലിന്‍റെ പ്രതികരണവുമൊക്കെ കൊടുത്തിരുന്നു. താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് ഹനാന്‍ ഇപ്പോഴും ആണയിട്ട് പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിക്കെതിരെ ആക്രമണങ്ങള്‍ തുടരുകയാണ്. എന്നാല്‍ വാര്‍ത്ത സത്യമാണെന്ന് നല്ലൊരു ശതമാനം പേരും വിശ്വസിക്കുന്നുണ്ട്. പക്ഷേ വാര്‍ത്ത സെന്‍സേഷണല്‍ ആക്കാൻ ഹരീഷിൻറെ നോവാൽവിവാദത്തിൽ മുഖം നഷ്ട്ടപ്പെട്ട മാതൃഭൂമി അല്‍പമൊന്ന് പൊലിപ്പിച്ചു എന്ന സംശയമേ അവര്‍ ഉന്നയിക്കുന്നുള്ളൂ.

ഇനി ആ സംഭവം ഒരു നുണയാണെങ്കിൽ അവർ മുതലാക്കിയത് മലയാളിയുടെ സാമുഹിക ബോധമാണ്. ചില ജോലി ചില വിഭാഗങ്ങൾക്ക് മാത്രം ഉള്ളതാണ് എന്ന സാമൂഹിക ബോധം (ജാതി ബോധം എന്ന് വിളിച്ചാൽ ജാതി കുത്തികേറ്റുന്നേ എന്ന് ചില നവനസ്തികന്മാർ ഒച്ചയെടുക്കും ) കൃത്യമായി ചൂഷണം ചെയ്യുക മാത്രം ആണ് അവർ ചെയ്തത്.അതിന് ഹനാൻ എന്ത് പിഴച്ചു? ഹനാനെ വെറുതെ വിടുക. വേറെന്തെല്ലാം വിഷയങ്ങളുണ്ടിവിടെ?

ഹനാൻ വിവാദത്തെക്കുറിച്ചു് നെത്സൺ ഡോക്റ്റർ


ഹനാൻ നാട്ടുകാരെ വഞ്ചിച്ചു എന്ന കഥ ആദ്യം മുതൽ വന്നിട്ടുള്ളത് ഒരൊറ്റ പ്രൊഫൈലിൽ നിന്നാണ്. ഏതോ ഒരു നൂറുദ്ദീൻ ഷെയ്ഖ്. കാര്യമായ തെളിവ് എന്തെങ്കിലും കിട്ടുമെന്ന് കരുതി അയാളുടെ ലൈവ് വീഡിയോ മുഴുവൻ ഇരുന്നുകണ്ടു.

ഹനാൻ നവരത്നമോതിരമിട്ടിരിക്കുന്നുവെന്നും ഗ്ലൗ ഇട്ടാണ് മീൻ വിൽക്കുന്നതെന്നും തരക്കേടില്ലാത്ത വസ്ത്രം ധരിക്കുന്നെന്നും അരുൺ ഗോപിയും മറ്റും അവളെ വിളിച്ചെന്നുമാണ് അയാൾ പറഞ്ഞ തെളിവ്. ഹനാൻ്റെ കഥ കെട്ടുകഥയാണെങ്കിൽ അതിൻ്റെ പത്തുശതമാനം പോലും ലോജിക്കില്ലാത്തതാണ് അതിനെ പൊളിച്ചെന്നവകാശപ്പെടുന്ന അയാൾ പറഞ്ഞ കഥ.

അപ്പൊ അതാണു കാര്യം. പ്രതീക്ഷിച്ച ദാരിദ്ര്യം പ്രവൃത്തിയിൽ കണ്ടില്ല. ” മീങ്കാരി” ആവുമ്പൊ കള്ളിമുണ്ടും ബ്ലൗസുമേ പാടുള്ളു.അതാണത്രേ ആ ജോലിക്ക് പറഞ്ഞിരിക്കുന്ന വസ്ത്രം. സംസാരിക്കുമ്പൊ അത്ര കോൺഫിഡൻസ് പാടില്ല. ഞാൻ തന്നെയാണ് എൻ്റെ ജീവിതത്തിൻ്റെ തിരക്കഥയെന്ന ഫേസ്ബുക് സ്റ്റാറ്റസ് പാടില്ല. അതൊക്കെ മീങ്കാരിയുടെ അഹങ്കാരമാണ്.

അടുത്ത തെളിവ് സെലിബ്രിറ്റികളുടെ കൂടെ നിന്നെടുക്കുന്ന ഫോട്ടോകളാണ്. ഇത്ര കാലം പിറകെ നടന്നിട്ടും കിട്ടാത്ത സംഗതികൾ ഒരു മീങ്കാരിക്ക് കിട്ട്വേ…നല്ല കഥ. ഒപ്പം അവൾ അത്യാവശ്യം കൊള്ളാവുന്ന ഡ്രസ്സുകൂടി ഇട്ട് നാലു ഫോട്ടോകൾ കാണുകയും ചെയ്തതോടെ പൂർത്തിയായി. കലാഭവൻ മണിയുടെ ഒപ്പം സ്റ്റേജ് ഷോ ചെയ്തതും ഡബ്ബിങ്ങ് ആർട്ടിസ്റ്റാണെന്നുള്ളതും സൗകര്യമായങ്ങ് മറന്നു.

സിനിമക്കാർ നിങ്ങളെപ്പോലെ മണ്ടന്മാരാണെന്ന് മാത്രം കരുതരുത്. ഇങ്ങനെ ഒരു പ്രൊമോഷൻ നടത്തിയാൽ അത് തിരിച്ചടിക്കാനുള്ള സാദ്ധ്യത പലവുരു ആലോചിച്ചേ പ്രൊമോഷൻ പരിപാടികൾ നടത്തുകയുള്ളൂ. പിന്നെ മോഹൻ ലാലിൻ്റെ മകന് മോഹൻ ലാലിനെക്കാൾ വലിയ പ്രൊമോഷനാവില്ല ഇതെന്നുള്ളതും ഓർമിക്കാമല്ലോ.

ഹനാൻ്റെ കഥ നിങ്ങൾക്ക് പൊളിക്കണമെങ്കിൽ പൊളിക്കാം. വെല്ലുവിളിക്കുകയാണ്. വയനാട്ടുള്ള , അവിടെ കൂടിയ ആൾക്കൂട്ടത്തിൻ്റെ കൂടെ മാത്രം നിന്ന ഏതോ ഒരുത്തൻ്റെ വർത്തമാനം കേട്ടല്ല. ഹനാൻ്റെ കഥയിൽ കഥാപാത്രങ്ങളൊരുപാടുണ്ട്. അവരിലാരെങ്കിലും പറയട്ടെ തെറ്റാണെന്ന്.

1. അൽ അസർ കോളജിൽ അവൾ പഠിക്കുന്നു എന്ന് വാർത്തയിൽ പറഞ്ഞിട്ടുണ്ട്. മൂന്നാം വർഷ രസതന്ത്ര വിദ്യാർഥിനി. അൽ അസർ കോളജ് തൊടുപുഴയിൽത്തന്നെയുണ്ട്. കളക്ടർ അവധി പ്രഖ്യാപിച്ചില്ലെങ്കിൽ പിള്ളേരും അവിടെത്തന്നെ കാണും.

അവളുടെ സഹപാഠികൾ തന്നെ പറഞ്ഞിട്ടുണ്ട് അവളാരാണെന്നും എന്താണെന്നുമവർക്കറിയാമെന്ന്. എനിക്കവരെ വിശ്വാസമാണ്. ലൈവ് ഷെയർ ചെയ്യണമെന്ന് മിനിറ്റിനു മിനിറ്റിനു പറയുകയല്ലാതെ മറ്റൊന്നും പറയാനില്ലാത്ത ഒരുത്തനെക്കാൾ വിശ്വാസ്യത അവർക്കുണ്ട്.

2. ചെവിയുടെ തകരാറിന് ശസ്ത്രക്രിയ ചെയ്ത തൊടുപുഴ അൽ അസർ മെഡിക്കൽ കോളജ് അധികൃതരും അവിടത്തെ ഹൗസ് സർജന്മാരടക്കമുള്ള സ്റ്റാഫുകളും. അവരും ആ പ്രദേശത്തുതന്നെയുണ്ട്. ഞാൻ അന്വേഷിച്ചറിഞ്ഞ കാര്യങ്ങൾ തൽക്കാലം ഇവിടെ എഴുതുന്നില്ല. അങ്ങനെ വായിച്ച് സഹതപിക്കുന്നവരുടെ തനിനിറം അറിയാം.. പോയി അന്വേഷിക്ക്. ശസ്ത്രക്രിയ നടന്നെന്ന് മാത്രം അറിഞ്ഞാൽ മതി.

കോളജ്‌ ഹനാനു പിന്തുണ നൽകുന്നെന്നറിഞ്ഞു. ഹനാന്റെ കാര്യങ്ങൾ നേരിട്ടുകണ്ട്‌ മനസിലാക്കിയിട്ടാണു സഹായിച്ചതെന്നും കോളജ്‌ പറയുന്നു. Dr Paijas Moosa

3. ചമ്പക്കര മത്സ്യ മാർക്കറ്റ് – അതും ഈ ചുറ്റുവട്ടത്തൊക്കെത്തന്നെയാണ്. ഒരു പത്തൊമ്പത് വയസുള്ള പെൺകുട്ടി മീൻ വാങ്ങിക്കാൻ വരുന്നത് ശ്രദ്ധിക്കാതിരിക്കാൻ മാത്രം മണ്ടന്മാരാവില്ല അവരാരും.അന്വേഷിച്ചാൽ അറിയാവുന്നതേയുള്ളു.

4. മാടവനയിലെ ഹനാൻ്റെ വീടും അയൽക്കാരും. അവരും കഥാപാത്രങ്ങളാണല്ലോ. ഇതൊരു നുണക്കഥയാണെങ്കിൽ അവരും പറയും

അത്ര പോലും സൗകര്യപ്പെടാതെ ഏതെങ്കിലും ഒരുത്തൻ ഫേസ്ബുക്കിൽ ലൈവിട്ടതിനെത്തുടർന്ന് ആ പെൺകുട്ടിയെ തെറിവിളിക്കാൻ ഇറങ്ങിയവരെ അൺഫ്രണ്ട് ചെയ്യുന്നത് തുടരാൻ തന്നെയാണു തീരുമാനം.

ദാരിദ്ര്യമുള്ളവർ എങ്ങനെയാണു ജീവിക്കേണ്ടതെന്ന് സമൂഹം ചില അതിർവരമ്പുകളൊക്കെ നിശ്ചയിച്ചുവച്ചിട്ടുണ്ട്. അത് കടന്നൂടാ. ബലാത്സംഗം ചെയ്യപ്പെട്ടാൽ എങ്ങനെയേലും മരിച്ചോണം. ജീവിച്ചിരുന്നാൽ പിന്നെ ” ചാരിതാർഥ്യം” അളക്കാൻ വരുന്ന ആങ്ങളമാർ കൊന്നോളും. മകൾ മരിച്ചാൽ പിന്നെ നല്ല വസ്ത്രമൊന്നും ധരിക്കാൻ പാടില്ലാ..ധരിച്ചാൽ ഞങ്ങടെ കാശ് കൊണ്ട് അഴിഞ്ഞാടി നടക്കുന്നെന്നുള്ള വിചാരണ നേരിടേണ്ടിവരും.

അറിഞ്ഞിടത്തോളം അവളും ഉമ്മയും അരക്ഷിതാവസ്ഥയിലാണ്. ഭക്ഷണം കഴിക്കാൻ മാത്രമല്ല,,നല്ല നിലക്ക് ജീവിക്കാൻ കൂടിയാണ് അവൾ ജോലി ചെയ്യുന്നത്. ഒപ്പം 35 ലക്ഷം രൂപ മുടക്കി മൗറീഷ്യസിൽ പോയി എം.ബി.ബി.എസ് ബിരുദമെടുക്കണമെന്നും അമ്മയെ നോക്കണമെന്നുമെല്ലാമുള്ള സ്വപ്നങ്ങളുണ്ട്. അതിനവൾ സിനിമയിൽ അഭിനയിച്ചാലോ മീൻ വിറ്റാലോ ആങ്കറിങ്ങോ ഡബ്ബിങ്ങോ ചെയ്താലോ നിങ്ങൾക്കെന്താണു ചേതം?

Hasna Shahitha എഴുതിയത് പോലെ പണിയെടുത്താൽ ഭക്ഷണത്തിനുള്ള പൈസ മാത്രം ഉണ്ടാക്കണം, നന്നായി വസ്ത്രം ധരിക്കരുത്, മീൻ വിൽക്കുമ്പോ കയ്യിൽ ഗ്ളൗസ് ഇടരുത്. മധ്യവർഗ്ഗ ജീവിതം നയിച്ചൂടാ. പ്രശസ്തി വന്നാൽ വിനയത്തോടെ ഒതുങ്ങി പ്രതികരിക്കണം.

ഇതൊക്കെ ഒത്ത് കാഴ്ചക്കാരൻറെ ആനന്ദം മൂർച്ഛിച്ചാൽ പിന്തുണ വരും. മാതൃഭൂമി വാർത്ത അത്തരം പിന്തുണക്കായി ചെത്തിമിനുക്കിയത് കൊണ്ടാണ് അത്രമേൽ സ്വീകാര്യമായതും, പിന്നീടത്തെ ദൃശ്യങ്ങളിൽ സ്മാർട്ടായൊരു പെൺകുട്ടിയെ കണ്ടപ്പോൾ കുരു പൊട്ടിയതും.

ഹനാനോട്‌ പറയാനുള്ളത്‌ ആദ്യമേ പറയാം. കുട്ടീ, നീറ്റ്‌ എന്റ്രൻസ്‌ എഴുതി കേരളത്തിലെ മെഡിക്കൽ കോളജിൽത്തന്നെ പഠിക്കണം. മൗറീഷ്യസിലേക്ക്‌ പോകരുത്‌. അത്‌ മറ്റൊരു തട്ടിപ്പാകാനുമിടയുണ്ട്‌.

മാദ്ധ്യമപ്രവർത്തകരോട് ഒന്നേ പറയാനുള്ളു. ഒരൊറ്റ ദിവസം കൊണ്ട് ഒരു കുട്ടിയെ പ്രശസ്തയാക്കി വെള്ളിവെളിച്ചത്തിൽ നിറുത്തിയെങ്കിൽ അതിനെതിരെ ആരോപണം വരുമ്പൊ അതിനു ക്ലാരിറ്റി നൽകാനുള്ള ധാർമിക ഉത്തരവാദിത്വം കൂടി നിങ്ങൾക്കുണ്ട്.

പിന്നെ ” പ്രബുദ്ധരായ മലയാളി ചേട്ടന്മാരോട് ” – ഇന്നലെ വരെ ഹനാൻ നിങ്ങളൊക്കെ ഉണ്ടാകുമെന്ന് കരുതിയല്ലല്ലോ ജീവിച്ചത്? ഇനി അങ്ങോട്ടും ജീവിച്ചോളും…മീൻ വിറ്റോ ആങ്കറിങ്ങ് നടത്തിയോ സിനിമ ചെയ്തോ എങ്ങനെയെങ്കിലും.. കൂടുതൽ സഹായിച്ച് ബുദ്ധിമുട്ടിക്കാതിരുന്നാ മതി. നിങ്ങൾക്ക്‌ സൗകര്യം പോലെ തട്ടിക്കളിക്കാനല്ല ആൾക്കാരുടെ ജീവിതം

PS: കൂടുതൽ തെളിവുമായി വരും ഇന്ന് തരുമെന്നൊക്കെ പറഞ്ഞ ചേട്ടൻ രാവിലെ ഒരു റേഞ്ച് റോവറിനും മറ്റൊരു കാറിനുമിടയിൽ നിൽക്കുന്ന പ്രൊഫൈൽ പിക് അപ്ഡേറ്റ് ചെയ്തതല്ലാതെ വേറൊരു തെളിവും തന്നിട്ടില്ല.

ഇനി ദയവായിട്ട്‌ അതിജീവനം കണ്ട്‌ കയ്യടിക്കാനും ഞങ്ങളു സഹായിച്ച്‌ മറിച്ചേനെ എന്ന് പറയാനും ദയവായി മുന്നോട്ടിറങ്ങരുത്‌. തനിക്കൊണം കണ്ടതാണ്