ഗൗരി ലങ്കേഷിന്റെ കൊലപാതകികളുടെ ഹിറ്റ് ലിസ്റ്റില്‍ ഒന്നാമത്തെയാള്‍ ഗിരീഷ് കര്‍ണാട് ആയിരുന്നുവെന്ന് പൊലീസ്. കൊലപാതകികളെ പിടികൂടിയതിന് പിന്നാലെ അവരുമായി അടുപ്പമുള്ള തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ഡയറിയില്‍ നിന്നാണ് കൊല്ലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നവരുടെ ലിസ്റ്റ് കിട്ടിയത്. ഗൗരി ലങ്കേഷിന്റെ പേര് രണ്ടാം സ്ഥാനത്തായിരുന്നു. ഇതോടെ ഗിരീഷ് കര്‍ണാടിന് ശക്തമായ സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
34 പേരുടെ പട്ടികയാണ് ഇവര്‍ തയ്യാറാക്കിയിരുന്നത്. ഒന്നാമതായി ഇവര്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നത് തീയറ്റര്‍ ആര്‍ട്ടിസ്റ്റായ ഗിരീഷ് കര്‍ണാടിന്റെ പേരായിരുന്നു. ഗിരീഷ് കര്‍ണ്ണാടിന് പിന്നാലെ രണ്ടാം നമ്പറിട്ടാണ് ഗൗരി ലങ്കേഷിന്റെ പേര്. ഡയറിയില്‍ എഴുതിയിരുന്ന പേരുകള്‍ കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ പേരുണ്ട്. ഇവരെല്ലാം തീവ്ര ഹിന്ദുത്വത്തെ എതിര്‍ത്തവരാണ്. അതീവ ജാഗ്രത നിര്‍ദേശമാണ് സുരക്ഷാ ഏജന്‍സികള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
പൂനെ സ്വദേശിയായ അമോല്‍ കാലെ എന്നയാളുടെ കയ്യില്‍ നിന്നാണ് ഡയറി പിടിച്ചെടുത്തത്. ഹിന്ദു ജനജാഗ്രതി സമിതിയുടെ മുന്‍ കണ്‍വീനറാണ് അമോല്‍. സംഘത്തിലേക്ക് ആളുകളെ എത്തിച്ചിരുന്നതും കാലെയായിരുന്നു. 26 കാരനായ പരശുറാം വാഗമറെ നോര്‍ത്ത് കര്‍ണാടകയിലെ വിജയപുരയില്‍ നിന്നും റിക്രൂട്ട് ചെയ്ത കാലെ സനാദന്‍ സന്‍സ്ഥയിലൂടേയും എച്ച്‌ജെഎസുമായി ബന്ധപ്പെടുത്തുകയും ലങ്കേഷിനെ വധിക്കാനുള്ള പരിശീലനം നല്‍കുകയും ചെയ്തുവെന്നും കണ്ടെത്തിയതായി അന്വേഷണ സംഘം പറയുന്നു.
കൊലപാതകത്തിന് എട്ട് മാസം മുമ്പു തന്നെ അതിനുള്ള പദ്ധതി ആവിഷ്‌കരിക്കുകയും മറ്റും ചെയ്തിരുന്നു. 2017 ജൂണില്‍ തന്നെ ലങ്കേഷിന്റെ വീടും അവരുടെ നീക്കങ്ങളുമെല്ലാം നിരീക്ഷണത്തിലായിരുന്നു. ഗൗരി ലങ്കേഷിന്റെ വധത്തിന് ശേഷം എഴുത്തുകാരനായ പ്രൊഫസര്‍ കെഎസ് ഭഗവാന്റെ വധത്തിനായുള്ള പദ്ധതികള്‍ കാലെയും മറ്റ് നാലു പേരും ആരംഭിച്ചിരുന്നതായും അന്വേഷണ സംഘം പറയുന്നു.
അദ്ദേഹത്തിന്റെ പേരും ഡയറിയിലെ ലിസ്റ്റിലുണ്ടായിരുന്നു. യോഗേഷ് മാസ്റ്റര്‍, ചന്ദ്രശേഖര്‍ പട്ടീല്‍, ബാനജാഗറെ, ജയപ്രകാശ്, സിഎസ് ദ്വാരാകാനാഥ് തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ടായിരുന്നു. ലങ്കേഷിന്റെ വധത്തിന് പിന്നാലെ ഇവര്‍ക്കെല്ലാം സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കാലെയും അയാളുടെ പങ്കാളിയായ സുജീത് കുമാറും ചേര്‍ന്ന് സംസ്ഥാനത്തുട നീളം തീവ്ര ഹിന്ദുത്വ പ്രചരണത്തിനും ആക്രമണങ്ങള്‍ക്കുമായി 38 പേരുള്ള ഒരു സംഘത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ടെന്നാണ് ഡയറിയില്‍ നിന്ന് കിട്ടുന്ന വിവരം.