Wed. Nov 25th, 2026

ലൈംഗിക പീഡനക്കേസിൽ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ന്യയീകരണവുമായി സഭയും  കേരളത്തിലെ ക്രൈസ്തവ മാധ്യമങ്ങളും സംരക്ഷണമൊരുക്കി നില്‍ക്കുമ്പോള്‍ ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബില്‍ നിന്ന് പുറത്തിറങ്ങുന്ന ക്രൈസ്തവ പ്രസിദ്ധീകരണം. ബിഷപ്പ് തത്സ്ഥാനത്തു നിന്ന് മാറി നില്‍ക്കണമെന്ന ആവശ്യമാണ് മസിഹി സന്‍സാര്‍ (ക്രിസ്ത്യന്‍ ന്യൂസ് ഇന്‍ പഞ്ചാബി) എന്ന ദ്വൈവാരിക ഉയര്‍ത്തിയിരിക്കുന്നത്.

”പിതാവേ… അങ്ങ് ഞങ്ങളുടെ മൂക്ക്‌ചെത്തിയല്ലോ?” എന്ന തലക്കെട്ടിലാണ് ലേഖനം. ബിഷപ്പ് ഫ്രാങ്കോയുടെ നടപടി ക്രിസ്ത്യന്‍ സമൂഹത്തിന് വലിയ നാണക്കേടാണ് വരുത്തിവച്ചിരിക്കുന്നതെന്നും അദ്ദേഹം മാറിനിന്ന് അന്വേഷണം നേരിടണമെന്നും അതാണ് എല്ലാവര്‍ക്കും ഗുണമെന്നും വാരിക പറയുന്നു. പരാതിക്കാരിയായ കന്യാസ്ത്രീക്ക് മാപ്പുകൊടുക്കുമെന്ന് പറയുന്ന പിതാവ് ഇവിടെയുള്ള ക്രിസ്ത്യാനികള്‍ക്ക് എതിരെ കൊടുത്തിരിക്കുന്ന കേസുകള്‍ എന്തുകൊണ്ട് പിന്‍വലിച്ച് മാപ്പുകൊടുക്കുന്നില്ല എന്ന പ്രസക്തമായ ചോദ്യവും വാരിക ഉന്നയിക്കുന്നു.

മതപരമായ ആഘോഷങ്ങളുടെ പേരില്‍ ബിഷപ്പ് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണമെന്നാണ് വാരിക മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ആവശ്യം. നിസാര കാര്യങ്ങള്‍ക്കു പോലും ദുര്‍വാശി കാണിക്കുന്ന ബിഷപ്പ് മുതിര്‍ന്ന വ്യക്തിയെ പോലെ കാര്യങ്ങള്‍ തീരുമാനിക്കണം. ബിഷപ്പ് പദവി ഉപേക്ഷിക്കാന്‍ തയ്യാറാകണം. ഭരണകര്‍ത്താവ് എന്ന നിലയില്‍ ബിഷപ്പ് തീര്‍ത്തും പരാജയമാണ്. നല്ല ഭരണാധികാരി ആയിരുന്നെങ്കില്‍ ബിഷപ്പിന് ഈ പ്രശ്‌നങ്ങള്‍ എല്ലാം നേരത്തെ പരിഹരിക്കാമായിരുന്നു.

താനാണ് പഞ്ചാബിലെ ഏറ്റവും ബുദ്ധിമാനായ ക്രിസ്ത്യാനി എന്നാണ് ബിഷപ്പ് സ്വയം അഭിമാനിക്കുന്നത്. അതിനാല്‍ മാറ്റാരുടെയും അഭിപ്രായം കേള്‍ക്കാന്‍ പോലും താങ്കള്‍ താല്‍പര്യം കാണിക്കുന്നില്ല. വാരിക വിമര്‍ശിക്കുന്നു.