Sat. Nov 21st, 2026

സുഭാഷ് വാസു (തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം)

മുന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മൊത്തം ജീവനക്കാരുടെ 96 ശതമാനവും ഇപ്പോഴും മുന്നാക്കക്കാരാണ്.ഈഴവർ വെറും 3.38 ശതമാനം! പട്ടികജാതിക്കാരാവട്ടെ 0.32 ശതമാനം മാത്രം.

മൊത്തം 6,120 ജീവനക്കാരുള്ളതിൽ 5,870 പേരും മുന്നാക്ക സമുദായങ്ങളാണ് – 95.91 ശതമാനം! നായർ, ബ്രാഹ്മണ സമുദായങ്ങളിൽ പെട്ടവരാണ് ഇവർ. ഇതിൽ തന്നെ 5,020 പേരും നായർ സമുദായമാണ്. ഇവർ മൊത്തം ജീവനക്കാരുടെ 82.02 ശതമാനം വരും. ശേഷിക്കുന്ന 850 പേർ ബ്രാഹ്മണരും. ഇത് 13.88 ശതമാനമാണ്.ഈഴവർ 3.38 ശതമാനം! പട്ടികജാതിക്കാർ 0.32 ശതമാനം..

ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ലെന്ന വ്യാജ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ വിരുദ്ധമായിട്ടും ബോർഡിൽ മുന്നാക്ക സമുദായങ്ങൾക്ക് സാമ്പത്തിക സംവരണം പ്രഖ്യാപിച്ചത്. ഇത് നാളെ ഈഴവ സമുദായത്തിന്റെ നാമമാത്രമായ സംവരണത്തിൽ കൈവയ്ക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ തുടക്കമാണ് എന്ന ആശങ്ക ശക്തമാകുകയാണ്.

സാമ്പത്തിക സംവരണത്തിനെതിരായ സുപ്രീംകോടതി വിധി മറികടക്കണമെങ്കിൽ ഭരണഘടനാ ഭേദഗതിയും അതിനു മുമ്പ് ആഴത്തിലുള്ള ചർച്ചകളും വേണമെന്നിരിക്കെ, അതിനൊക്കെ തുടക്കം പോലും കുറിക്കും മുൻപ് ഒരു പത്രസമ്മേളനത്തിന്റെ ലാഘവത്വത്തിൽ ഏകപക്ഷീയമായി മുഖ്യമന്ത്രി നടത്തിയ സാമ്പത്തിക സംവരണ പ്രഖ്യാപനം മുന്നാക്ക വിഭാഗങ്ങളുടെ കണ്ണിൽ പൊടിയിടലായി അവശേഷിക്കുമെന്ന് ഭരണഘടനാ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

ഇന്നലെകേരളകൗമുദി’യിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനത്തിലും ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ലാത്തതിനാൽ സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമല്ലെന്നാണ് സമർത്ഥിക്കുന്നത്.

ഇവിടെ ലളിതമായ ചില ചോദ്യങ്ങൾ ഉയരുന്നു:ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനം അല്ലെങ്കിൽ അവിടെ സർക്കാരിന്റെ സംവരണം എങ്ങനെ നടപ്പാക്കി ? സംവരണം ഭരണഘടനാദത്തമാണ്. അത് നടപ്പാക്കിയിട്ടുണ്ടെങ്കിൽ ആ സ്ഥാപനത്തിന് ഭരണഘടനയും സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധികളും ബാധകമാകാതിരിക്കുന്നതെങ്ങനെ?

തിരുവിതാംകൂർ ദേവസ്വത്തിലെ സമുദായം തിരിച്ചുള്ള കണക്ക്

 ആകെ ജീവനക്കാർ……….6120
ആകെ മുന്നാക്കക്കാർ….5870 ( 95.91% )
നായർ……………………………….5020 ( 82.02% )
ബ്രാഹ്മണർ………………………..850 ( 13.88 % )
ഈഴവർ………………………………207 ( 3.38 % )
ദളിതുകൾ: പരമാവധി…….. 20 ( 0.32% )

ബോർഡിലെ ശമ്പളം

താഴ്ന്ന ശമ്പളം: 24,000 രൂപ
ഉയർന്ന ശമ്പളം: ഒരു ലക്ഷം

1251 ക്ഷേത്രങ്ങൾ

തിരുവിതാംകൂർ ദേവസ്വം ബോർഡിന് 1251 ക്ഷേത്രങ്ങളുണ്ട്. ഇതിൽ 17 എണ്ണം മഹാക്ഷേത്രങ്ങളാണ്. ശബരിമലയിലെയും മഹാക്ഷേത്രങ്ങളിലെയും വരുമാനത്തിൽ നിന്നാണ് ബോർഡ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. കഴിഞ്ഞ മാസം ശമ്പളത്തിന് 28 കോടി രൂപയും പെൻഷന് ഏഴു കോടി രൂപയും വേണ്ടിവന്നു. വർഷം 420 കോടി രൂപയാണ് ശമ്പളത്തിനും പെൻഷനുമായി വേണ്ടത്. ഇതിൽ 250 കോടിയോളം ശബരിമലയിൽ നിന്നുള്ള വിഹിതമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഈ കണക്കു കാണുമ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമാണ്. ഭരണഘടന അനുശാസിക്കുന്ന സംവരണം നിലവിലുള്ളപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതോടെ പിന്നാക്കക്കാരുടെ അവസ്ഥ എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ”

മറ്റ് ദേവസ്വം ബോർഡുകളും ക്ഷേത്രങ്ങളും

 മലബാർ……………..1352
 കൊച്ചിൻ…………….403
 കൂടൽമാണിക്യം…..12
 ഗുരുവായൂർ…………..8