“കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളി
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങൾ, ഭയംമാറ്റി വന്നു”
കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഗൗരിഅമ്മയെ കുറിച്ചെഴുതിയ ഗൗരി എന്ന കവിതയിലെ വരികളാണ് ഇത്.
ഗൗരി വക്കീൽ, കേരളത്തിലെ ഈഴവസമുദായത്തിലെ പ്രഥമവനിതാ വക്കീലാണ് അന്നേ മനുസ്മൃതി കത്തിക്കണമെന്നുപറഞ്ഞ ഗൗരിയമ്മ.ആരുടേയും അമ്മയാകാതെ കേരളത്തിലെ മുഴുവൻ പേരുടെയും അമ്മയായി മാറിയ ഗൗരിയമ്മ.

1919 ജൂലായ് 14 ന് ചേർത്തലയിൽ ചാത്തനാട്ട് കെ എ രാമന്റെയും പാർവതി അമ്മയുടെയും മകളായി ജനിച്ച ഗൗരി അമ്മക്ക് ഇപ്പോൾ വാർദ്ധക്യത്തിന്റെ അവശതയാണെങ്കിലും പതിറ്റാണ്ടുകൾ പിന്നിട്ട രാഷ്ട്രീയ പ്രവർത്തനത്തിന് രോഗശയ്യയിൽ ആകുവോളം അവധി നൽകിയിട്ടില്ല. അനുദിനം നടക്കുന്ന സംഭവ വികാസങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു അവസാനകാലവും ഗൗരി ‘അമ്മ. ആദർശരാഷ്ട്രീയത്തിന്റെ ആഴപ്പരപ്പിൽ ആടിയുലയാതെ കായലിന്റെ ഓളങ്ങളുടെ ദൃശ്യഭംഗി പ്രദാനംചെയ്യുന്ന കിഴക്കിന്റെ വെനീസിനെസാക്ഷിനിർത്തി ഗൗരി ‘അമ്മ
കെ.ആർ. ഗൗരിയമ്മയുടെ ഭൂതകാലസ്മരണകൾ അവസരോചിതവും ഹൃദ്യവുമായിരുന്നു . ഒരു യഥാർഥ കമ്യൂണിസ്റ്റുകാരിയായി ജീവിതമാരംഭിച്ച് പാർട്ടി പിളർപ്പിൽ ഒരക്ഷരം കൂടിയ പാർട്ടിയിൽ യഥാർഥ ഇടതുപക്ഷമെന്ന്അവകാശപ്പെട്ട് നിലയുറപ്പിച്ചപ്പോൾ ദാമ്പത്യബന്ധവും തകർന്നടിഞ്ഞത് ഗതകാലചരിത്രം.

ഗൗരി അമ്മയുടെ റെക്കാഡുകൾ
ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റൊരു വനിതയ്ക്കും അവകാശപ്പെടാൻ കഴിയാത്ത റെക്കാഡുകളുടെ ഉടമയാണ് ഗൗരിഅമ്മ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം, 2006 മാർച്ച് 31വരെ 16,832 ദിവസം നിയമസഭാംഗമായിരുന്നു. ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി. 1948ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് മത്സരിച്ചാണ് ഗൗരിഅമ്മയുടെ തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയിൽ അംഗമായി. തിരുകൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഗൗരിഅമ്മ 13 എണ്ണത്തിൽ വിജയിച്ചു. 11 തവണ നിയമസഭാംഗമായി. 1948 ലെ കന്നിയങ്കത്തിലും 1977, 2006, 2011 വർഷങ്ങളിലുമാണ് പരാജയം അറിഞ്ഞത്. 1987ലെ തിരഞ്ഞെടുപ്പിൽ കേരളത്തെ കെ.ആർ.ഗൗരിഅമ്മ ഭരിക്കുമെന്ന പ്രചാരണം സജീവമായിരുന്നു. മുന്നണി വിജയിച്ചെങ്കിലും ഇ.കെ.നായനാരായിരുന്നു മുഖ്യമന്ത്രിയായത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1957ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ചേർത്തലയിൽ നിന്നാണ് ഗൗരിഅമ്മ മത്സരിച്ച് വിജയിച്ചത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ മന്ത്രിയായി എന്ന ബഹുമതിയും ഗൗരിഅമ്മയ്ക്കുണ്ട്. 1960ൽ സി.പി.ഐ സ്ഥാനാർത്ഥിയായി ചേർത്തലയിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1965, 67, 70, 80, 82, 87, 91 വർഷങ്ങളിൽ സി.പി.എം സ്ഥാനാർത്ഥിയായി അരൂരിൽ നിന്ന് ജനവിധി തേടി വിജയം കൊയ്തു. 1957, 67, 80, 87, 2001 വർഷങ്ങളിൽ മന്ത്രിയായി. നൂറാം വയസിലും ഊർജ്ജസ്വലയായി ഒരു പാർട്ടിയെ നയിക്കുന്ന വനിത രാജ്യത്തല്ല, ലോകത്തുതന്നെ ചരിത്രമാണ്.
ജനാധിപത്യവ്യവസ്ഥയിൽ കമ്യൂണിസ്റ്റ്;പാർട്ടി ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ അധികാരത്തിൽ വന്നപ്പോൾ എ.കെ.ജി. കഴിഞ്ഞാൽ ബഹുജനാടിത്തറയുള്ള നേതാവും ദീർഘകാലം പ്രതിപക്ഷനേതാവുമായിരുന്ന ടി.വി. തോമസായിരുന്നു മുഖ്യമന്ത്രിയാവേണ്ടിയിരുന്നത്. എന്നാൽ, പാർട്ടി സെക്രട്ടറിയും കേരള ക്രൂഷ്ചേവുമായി വിളിക്കപ്പെട്ടിരുന്ന എം.എൻ. ഗോവിന്ദൻ നായരുടെ നിർബന്ധംമൂലം ടി.വി.ക്ക് പകരം ഇ.എം.എസ്സിനെ മുഖ്യമന്ത്രിയാക്കി. അങ്ങനെ ദമ്പതിമാരായ കെ.ആർ. ഗൗരിയമ്മയും ടി.വി.യും ഒരേ മന്ത്രിസഭയിൽ മന്ത്രിമാരായി.
1964 ഒക്ടോബർ മാസത്തിൽ പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിൽ തുടർന്ന ഗൗരിയമ്മ 1987-ൽ മുഖ്യമന്ത്രിയാകുമെന്ന് പലരും കരുതിയെങ്കിലും സ്ത്രീപക്ഷവിരോധവും പുരുഷമേധാവിത്വവും ടി.വി. തോമസ് 1957-ൽ വഹിച്ച വ്യവസായവകുപ്പിൽ ഒതുക്കി ജനങ്ങളുടെ പ്രതീക്ഷകളെ നിഗ്രഹിച്ചു. മാറ്റം ഗൗരിയമ്മയിൽ പ്രകടമാണ്.
ഇന്ന് കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിച്ചുകൊണ്ടു നടക്കുന്ന കാർഷികപരിഷ്കരണ ബില്ല്; കമ്യൂണിസ്റ്റു ഗവൺമെന്റിന്റെ കാലത്ത് പാസ്സാക്കിയെടുക്കാൻ കഴിഞ്ഞില്ലായെന്നതാണ് സത്യം.ആ സത്യം ഗൗരിയമ്മ പിന്നീട് ഏറ്റുപറയുകയും ചെയ്തു.
മന്ത്രിക്കല്യാണം
ചേർത്തല താലൂക്കിലെ അന്ധകാരനഴിയിൽ കളത്തിപ്പറമ്പിൽ കെ.എ.രാമൻ പാർവതിഅമ്മ ദമ്പതികളുടെ മകളായി 1919 ജൂലായ് 14നാണ് ഗൗരിഅമ്മ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ ബിരുദവും എറണാകുളം ലാ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. ജ്യേഷ്ഠ സഹോദരൻ സുകുമാരനാണ് ഗൗരിഅമ്മയെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. 1957ൽ കമ്മ്യൂണിസ്റ്റ് സർക്കാരിൽ മന്ത്രിമാരായിരിക്കെ ടി.വി.തോമസും ഗൗരിഅമ്മയും വിവാഹിതരായി. 1964ൽ പാർട്ടി പിളർന്നപ്പോൾ ടി.വി.തോമസ് സി.പി.ഐക്കൊപ്പവും ഗൗരിഅമ്മ സി.പി.എമ്മിനൊപ്പവും നിലകൊണ്ടു. ഇതോടെ ഇരുവരും മാനസികമായി അകന്നു. തുടർന്ന് പിരിഞ്ഞ് താമസിച്ചു. ഇരുവർക്കും കുട്ടികളില്ല.

ഗൗരി ‘അമ്മ അമ്മയാകാഞ്ഞത് അല്ല രണ്ടു തവണ ഗർഭം ധരിച്ചതാണ്
ഒരു കാലത്ത് സി പി എമ്മിലെ സമുന്നത നേതാവായിരുന്ന,മന്ത്രിയായിരുന്ന കെ ആര് ഗൗരി അമ്മ രണ്ട് തവണ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് മുന്‍ നക്സല്‍ നേതാവും അന്വേഷി പ്രസിഡന്റുമായ അജിത. എന്നാല്‍ രണ്ട് തവണയും ഗര്‍ഭം അലസുകയായിരുന്നു.ഗര്‍ഭം ധരിച്ചെങ്കിലും പാര്‍ട്ടി ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവ് ലഭിച്ചിരുന്നില്ല. ഇതാണ് ഗര്‍ഭം അലസിപ്പോകാന്‍ കാരണം.ഗൗരി അമ്മ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് അജിത പറയുന്നു. ഒരു വാരികയില്‍ എഴുതിയ ലേഖനത്തിലാണ് അജിത ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരിക്കല്‍ തന്റെ ചോദ്യത്തിന് മറുപടിയായാണ് ഗൗരിഅമ്മ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇന്ന് ചിലപ്പോള്‍ ഗൗരിഅമ്മ താന്‍ പറയുന്നത് നിഷേധിച്ചേക്കാമെന്നും അജിത പറഞ്ഞിരുന്നെങ്കിലും ഗൗരി ‘അമ്മ തു നിഷേധിക്കുകയുണ്ടായില്ല.ഗൗരിഅമ്മയെ മുഖ്യമന്ത്രി ആക്കുമെന്ന് പറഞ്ഞ് 1987ലെ തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണി ഭരണത്തിലേറിയപ്പോള്‍ ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കിയ കാര്യവും അജിത ഈ ലേഖനത്തിൽ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
നടരാജപിള്ളയുടെ ബില്ലിനെ പറ്റി ഗൗരി ‘അമ്മ
പക്ഷേ, ഒരു കാര്യം അവശേഷിക്കുന്നു. ആദ്യം കാർഷികപരിഷ്കരണ ബില്ല് അവതരിപ്പിച്ചത് പട്ടത്തിന്റെ കാലത്ത് പി.എസ്.നടരാജപിള്ളയാണ് 1954 ആഗസ്ത്മാസം ഏഴാം തീയതി റവന്യൂ മന്ത്രിയായിരുന്ന നടരാജപിള്ള ആറു ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചു. അവ ആറും പരസ്പരം ബന്ധപ്പെട്ടവയായിരുന്നു. ഗൗരിയമ്മയുടെതന്നെ പ്രശംസ പിടിച്ചുപറ്റിയ ബില്ലായിരുന്നു അത്.
ബഹുമാനപ്പെട്ട റവന്യൂമന്ത്രിയെ ഞാൻ അനുമോദിക്കുന്നു
കൈവശഭൂമി പരിധി നിയന്ത്രിക്കുന്ന നിയമനിർമാണ പരിപാടികളിൽ ഇന്ത്യയിലാദ്യത്തേതാണ് ശ്രീനടരാജപിള്ള അവതരിപ്പിക്കുന്ന ഭൂമികൈവശം വെക്കലും ഭൂവുടമസ്ഥതയും നിയന്ത്രിക്കുന്ന ഈ ബില്ല്. അവസാനത്തേതിന്റെ ആദ്യം കുറിക്കപ്പെട്ടിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയ ബില്ലായിരുന്നു ഇത്. ഇതേപ്പറ്റി അറിയാനും പഠിക്കാനും കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുപോലും ആളുകൾ വന്നിരുന്നതായി പറയപ്പെടുന്നു.
നൂറ്റാണ്ടിനേക്കാൾ മൂന്നു വയസ്സുമാത്രം പ്രായക്കുറവുള്ള ഗൗരിയമ്മ പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും ത്യാഗവും അർപ്പണമനോഭാവവും മനക്കരുത്തും ലാളിത്യവും ആർദ്രതയും നിറഞ്ഞ പകരംവെക്കാനില്ലാത്ത അപൂർവ വ്യക്തിത്വമാണ് പാർശ്വവത്കരിക്കപ്പെട്ടവർക്കായി തന്നാലാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന ഗൗരിയമ്മ, സ്ത്രീ ഇന്നും ചൂഷണവിധേയയും അരക്ഷിതയുമാണെന്ന് കൃത്യമായി നിരീക്ഷിക്കുന്നു.രാഷ്ട്രീയം സേവനമാണെന്ന്അർഥശങ്കയ്ക്കിടയില്ലാത്തവിധം തറപ്പിച്ചുപറയുന്നതിലൂടെ ഈ ജനനേതാവിന്റെ ഉയർന്ന മൂല്യബോധവും നന്മയും പ്രകാശിക്കുന്നു.
അപ്രിയസത്യങ്ങൾപോലും മുഖംനോക്കാതെ പറയുന്ന ഈ അമ്മ വഴിവിളക്കായി ഇന്നും നമ്മോടൊപ്പമുണ്ടെന്നത് ഏവർക്കും സന്തോഷംപകരുന്നു. പൊതുപ്രവർത്തകർക്ക് മാതൃകയാക്കാവുന്നതാണ്&ഒരു പ്രതിസന്ധിഘട്ടത്തിലും തളരാതെ നിലകൊണ്ട ഈ വിപ്ലവകാരിയെ.

ഗൗരി അമ്മയുടെ സ്ത്രീകൾക്ക് വേണ്ടിയുള്ള ഇടപെടലുകൾ
പോലീസ് സേനയിലും നഴ്സുമാരിലും നിലനിന്നിരുന്ന സ്ത്രീവിവാഹ വിലക്കവസാനിപ്പിക്കാനും സ്ത്രീകൾക്ക് പ്രധാനാധ്യാപികമരാവാൻ കഴിയാതിരുന്ന പുരുഷാധ്യാപക മേൽക്കോയ്മക്കറുതിവരുത്താനും പൊതുരംഗത്തു സ്ത്രീസാന്നിധ്യമുറപ്പാക്കാനും വനിതാമന്ത്രിയെന്നനിലയ്ക്ക്ഗൗരിയമ്മ കേരളത്തിനു സമർപ്പിച്ച സംഭാവനകൾ ചെറുതായിക്കാണാനാവില്ല.
ചുണ്ടിനും കപ്പിനുമിടയ്ക്ക്; മുഖ്യമന്ത്രിപദം ഗൗരിയമ്മയ്ക്കു നഷ്ടമായ ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് നാടൊട്ടുക്കു വിളിച്ചുപറഞ്ഞിട്ടും സാഹചര്യങ്ങളെല്ലാം ഒത്തുവന്നിട്ടും ഗൗരിയമ്മയ്ക്ക് അന്ന്മുഖ്യമന്ത്രിപദവി നഷ്ടമായതിൽനിന്നുതന്നെ സ്ത്രീ-പുരുഷ അന്തരത്തിന്റെ വ്യാപ്തി വിപ്ലവപ്രസ്ഥാനത്തെപ്പോലും ബാധിച്ചതെങ്ങനെയെന്നു മനസ്സിലാക്കാമല്ലോ
പൊതുരംഗത്ത് സ്ത്രീമുന്നേറ്റമുണ്ടായെങ്കിലും സുരക്ഷിതരല്ലെന്നും സ്ത്രീവേഷം കെട്ടിയാൽപ്പോലും പീഡനമേൽക്കുന്ന കാലമാണെന്നും പദവികൾകൊണ്ട് ഇന്ന് സ്ത്രീകൾ ശക്തരാണെങ്കിലും സമൂഹത്തിൽ സ്ത്രീകളിന്നും അശക്തരാണെന്നും രാഷ്ട്രീയം ജനസേവനമാണെന്നും അതിനു കഴിയാത്തവർ കച്ചവടത്തിനു തുനിയണമെന്നും തൊണ്ണൂറ്റിയൊമ്പതാം വയസ്സിലും നെഞ്ചുറപ്പോടെയും ചങ്കുറപ്പോടെയുംപറയുന്നു കേരളത്തിൻറെ ഈ ഉരുക്കുവനിത.
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണോ ?
ശബരിമലയിൽ മാത്രമല്ല കേരളത്തിൽ പൊതുസ്ഥലങ്ങളിലെല്ലാം സ്ത്രീകളെ കയറ്റണം.ആർക്കെങ്കിലും തന്റെ വീട്ടിൽ സ്ത്രീകളെ കയറ്റുന്നത് ഇഷ്ടമല്ലെങ്കിൽ അവിടെ വേണ്ട. പൊതുസ്ഥാപനങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശമാണെന്ന് ആയിരുന്നു ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണോ ? എന്നചോദ്യത്തിന് ഗൗരിയമ്മ നൽകിയ മറുപടി. അതാണ് സംഘി പ്പേടി ബാധിച്ച് മാളത്തിലൊളിച്ച കേരളത്തിലെ ഫെമിനിസ്റ്റ് നേതാക്കളിൽനിന്നും ഈ നൂറ്റിയൊന്നാം പിറന്നാളിലുംഗൗരിയമ്മയെ വ്യത്യസ്തയാക്കുന്നത്.
ആര്‍ത്തവ ദിവസം താൻ ക്ഷേത്രത്തില്‍ കയറിയിട്ടുണ്ടെന്നും ദേവി തന്നെക്കണ്ട് ഇറങ്ങിയോടിയില്ലെന്നും ആർത്തവ ലഹളക്കാലത്തും ഗൗരിയമ്മ ശൂദ്രലഹളക്കാരെ പരിഹസിച്ചിരുന്നു.
ആര്‍ത്തവ ദിവസം താന്‍ അമ്പലത്തില്‍ കയറിയിട്ടുണ്ട്. അതിന്റെ പേരില്‍ ദേവി അവിടെ നിന്നും ഇറങ്ങിയോടി ഒന്നുമില്ല. മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം അമ്പലത്തില്‍ പോയ ഞാന്‍ ആര്‍ത്തവ ദിവസമായതിനാല്‍ അവരെ കാത്ത് ക്ഷേത്രത്തിന് വെളിയില്‍ നില്‍ക്കുകയായിരുന്നു. ഏറെ നേരമായിട്ടും അവര്‍ മടങ്ങിയെത്താത്തിനാല്‍ കാത്തിരുന്ന് മുഷിഞ്ഞ ഞാന്‍ അമ്പലത്തിനുള്ളില്‍ കയറി. ഈ സമയം അമ്പലത്തിലെ ദേവി അവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും അല്ലാതെ തന്നെ കണ്ട് ഇറങ്ങിയോടിയൊന്നുമില്ലെന്നും ഗൗരിയമ്മ അന്ന് താൻ ചേർത്തല ദേവീക്ഷേത്രത്തിൽ ആർത്തവ സമയത്ത് കയറിയിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് പരിഹസിച്ചിരുന്നു.