Sun. Jul 26th, 2026

താരസംഘടനയായ അമ്മയുടെ ചിറ്റമ്മ നയം വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ നടന്‍ തിലകനെതിരേ മുമ്പ് സംഘടന എടുത്ത അച്ചടക്ക നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അമ്മയ്ക്ക് തിലകന്‍റെ മകനും നടനുമായ ഷമ്മിതിലകന്‍റെ കത്ത്. മരണത്തിന് ശേഷമെങ്കിലും പിതാവിനെതിരേയുള്ള നടപടി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറി ഇടവേളബാബുവിനാണ് ഷമ്മി കത്ത് നല്‍കിയത്. അമ്മയുടെ അന്തരിച്ച നടന്മാരുടെ പട്ടികയില്‍ നിന്നു പോലും തന്‍റെ പിതാവിനെ ഒഴിവാക്കിയത് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഷമ്മി തിലകന്‍ കത്തിലൂടെ പറയുന്നു.

നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ തന്‍റെ പിന്തുണ നടിമാര്‍ക്ക് ഒപ്പമാണെന്ന് ഷമ്മി തിലകന്‍ പിന്നീട് മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെ ഡബ്‌ളുസിസി അംഗങ്ങളായ നാലു നടിമാര്‍ അമ്മയിലെ അംഗത്വം രാജിവെച്ചതോടെ ആയിരുന്നു സംഭവം വലിയ വിവാദത്തിലേക്ക് നീങ്ങിയത്.

ഇപ്പോള്‍ ലണ്ടനിലുളള അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ മടങ്ങിവന്നതിനുശേഷമേ അമ്മയുടെ ജനറല്‍ബോഡി യോഗത്തിന്റെ കാര്യത്തിലും ദിലീപ് വിഷയത്തിലും ഔദ്യോഗിക പ്രതികരണമുണ്ടാകാന്‍ സാധ്യതയുള്ളൂ. മോഹന്‍ലാല്‍ അടുത്തയാഴ്ച തിരിച്ചെത്തുമെന്നാണ് സൂചന. അതിന് ശേഷമായിരിക്കും അമ്മയുടെ എക്സിക്യൂട്ടീവ് മീറ്റിംഗ് സംബന്ധിച്ച തീയതി പ്രഖ്യാപിക്കുക.