Tue. Apr 23rd, 2024

റോയി മാത്യു

കത്വ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നരാധമന്മാർക്കെതിരെ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നയിക്കുന്ന ഗംഭീര പ്രകടനത്തിന്റെ ഫോട്ടോയാണ് ചുവടെ ചേർത്തിരിക്കുന്നത്, ഒന്ന് കാണുക.ഈ പീഡന മെത്രാനെക്കുറിച്ച് എന്റെ സുഹ്റു ത്തായ വൈദികൻ പറഞ്ഞു തന്ന വിവരങ്ങൾ താഴെപ്പറയും വിധത്തിലാണ്.

അധികാരലഹരിയും പകയും മനുഷ്യനെ ഏതറ്റം വരെയും പോകാന്‍ പ്രേരിപ്പിക്കുമെന്നതിന്‍റെ ക്ലാസിക് ഉദാഹരണമാണ് ജലന്ധര്‍ രൂപതയിലെ മെത്രാനും കന്യാസ്ത്രീയും തമ്മിലുള്ള കേസ്. ബാംഗ്ലൂര്‍ സെമിനാരിയില്‍ ഒരു വൈദികന്‍ മറ്റൊരു വൈദികനെ കൊലപ്പെടുത്തിയതു പോലൊരു സംഭവം.

ഇന്ത്യയിലെ രൂപതകളില്‍ വിശ്വാസികളുടെ എണ്ണത്തിലും സ്ഥാപനങ്ങളുടെയും സ്വത്തുവകകളുടെയും വലിപ്പത്തിലും മുന്‍നിരയില്‍ നില്‍ക്കുന്ന രൂപതയാണു ജലന്ധര്‍. മറ്റു മിഷന്‍ രൂപതകളില്‍ നിന്നു ഭിന്നമായി പതിനായിരകണക്കിനു തദ്ദേശീയ വിശ്വാസികളുള്ള രൂപത. അതിനുസരിച്ചുള്ള സ്വാധീനവും ഉണ്ട്. ബിഷപ്പിനു രാഷ്ട്രീയത്തില്‍ ഇടപെടാവുന്ന സ്ഥിതിയുള്ള അത്യപൂര്‍വം ബാഹ്യകേരള രൂപതകളിലൊന്ന്.

വിദേശ കപ്പുച്ചിന്‍ സന്യാസികള്‍ തുടക്കമിട്ടതും കപ്പുച്ചിന്‍ സന്യാസിയായ സിംഫോറിയന്‍ കീപ്രത്ത് ആയുസ്സത്രയും കൊടുത്ത് വളര്‍ത്തി വലുതാക്കിയതുമായ മിഷന്‍. രൂപതാ വൈദികരായി വന്ന് പില്‍ക്കാലത്ത് അതിനെ നയിച്ചവര്‍ക്ക് അതേ ആത്മാര്‍ത്ഥതയോടെ കപ്പുച്ചിന്‍ സന്യാസികളുടെ മിഷന്‍ തുടരാനായോ എന്നത് കാലം ഉത്തരം പറയേണ്ട ചോദ്യമാണ്. സന്യാസമിഷണറിമാര്‍ സ്ഥാപിച്ച ബാഹ്യകേരള രൂപതകള്‍, അതതു രൂപതാ വൈദികര്‍ കൈയേറ്റതിനു ശേഷമുള്ള സ്ഥിതി വസ്തുതാപരമായി വിലയിരുത്തപ്പെടേണ്ടതാണ്. അതൊരു കാര്യം.

ജലന്ധറില്‍ ഈ കന്യാസ്ത്രീയും മെത്രാനും തമ്മിലുള്ള വഴക്കു തുടങ്ങുന്നത് ഇന്നും ഇന്നലെയുമല്ല. ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറിലെത്തിയതുമുതല്‍ രൂപതാ വൈദികസമൂഹത്തില്‍ ഗുരുതരമായ ഗ്രൂപ്പിസവും വഴക്കുകളുമുണ്ടായി. തനിക്കെതിരായവരോടു പക പോക്കാനും ഇല്ലാതാക്കാനും ബിഷപ് അടവുകളെല്ലാമെടുത്തു. തിരികെ ഒരു വിഭാഗം വൈദികരും മെത്രാനെതിരെ യുദ്ധസജ്ജരായി നിലയുറപ്പിച്ചു. രൂപതയില്‍ സിംഫോറിയന്‍ പിതാവ് സ്ഥാപിച്ച സന്യാസിനീസഭയേയും അവര്‍ ഈ കളിയില്‍ കരുക്കളാക്കി. അതാണ് ഈ വൈരനിര്യാതനരാഷ്ട്രീയക്കളിയിലെ ഏറ്റവും വൃത്തികെട്ട അദ്ധ്യായം.

വൈദികര്‍ക്കെതിരെ കന്യാസ്ത്രീകളെ കൊണ്ടു പരാതി കൊടുപ്പിക്കുക. അതിന്‍റെ അടിസ്ഥാനത്തില്‍ വൈദികര്‍ക്കെതിരെ നടപടികളെടുത്ത് അവരെ തകര്‍ക്കുക. അതിനു കൂട്ടു നില്‍ക്കാത്തതിന്‍റെ പേരില്‍ മദര്‍ ജനറല്‍ തിരഞ്ഞെടുപ്പില്‍ ഒരു പ്രമുഖ കന്യാസ്ത്രീയെ കുതന്ത്രങ്ങളെടുത്തു തോല്‍പിക്കുക. അവര്‍ക്കെതിരെ അവിഹിത പരാതികള്‍ സൃഷ്ടിച്ച് അന്വേഷണം നടത്തി നാറ്റിക്കുക. പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തുക. അവര്‍ കുടുംബാംഗങ്ങളെ പ്രശ്നത്തില്‍ ഇടപെടുവിക്കുക. അതിനെതിരെ ബിഷപ് പോലീസിനു പരാതി കൊടുക്കുക. ആ ഘട്ടത്തില്‍ അറ്റകൈ പ്രയോഗമായി ബിഷപ്പിനെതിരെ ബലാത്സംഗ പരാതി വരിക.

ബാംഗ്ലൂര്‍ സെമിനാരിയിലെ കൊലപാതകത്തേക്കാള്‍ നികൃഷ്ടമായത് ഈ കേസില്‍ നടന്നു കഴിഞ്ഞു.വാളെടുത്തവൻ വാളാൽ.