ഓര്‍ത്തഡോക്സ് സഭാ വിശ്വാസിയായ വനിതയെ സഭയിലെ തന്നെ അഞ്ച് വൈദികര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയ സംഭവം സഭയ്ക്കുള്ളില്‍ വലിയ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നു. കുമ്പസാര രഹസ്യം ചോര്‍ത്തിയെടുത്ത് വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ പരാതി. ഇക്കാര്യം ആദ്യമായി പുറത്തു കൊണ്ടുവന്നത് ന്യൂസ് സ്കൂപ്പ് ഡോട്ട് കോമാണ്.
തിരുവല്ലക്കാരിയായ യുവതിയെയാണ് സഭയുടെ വിവിധ ഭദ്രാസനങ്ങളിലെ അഞ്ച് വൈദികരുമായി ബന്ധമുണ്ടായിരുന്നത്. ഒരു വൈദികനുമായുള്ള രതിക്രിയകള്‍ കഴിഞ്ഞ് ഹോട്ടല്‍ ബില്‍ സെറ്റില്‍ ചെയ്യുന്നതിനിടെ യുവതിയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചപ്പോഴാണ് കള്ളം വെളിച്ചത്തായത്. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരും തുമ്പമണ്‍, ഡെല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് ഇപ്പോള്‍ അന്വേഷമവിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു യുവതി അഞ്ച് വൈദികരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഇതുവഴി ഇവര്‍ അശ്ലീല വീഡിയോ അയക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ അഞ്ചുപേര്‍ക്കും യുവതിയുമായുള്ള ബന്ധമുണ്ടെന്ന് പരസ്പരം അറിഞ്ഞിരുന്നില്ല. ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം സമയങ്ങളിലായിരുന്നു യുവതി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്.

ഡല്‍ഹി ഭദ്രാസനത്തിലെ വൈദികന് യുവതിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ മതിമറന്ന് നേരിട്ട് കാണാനായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി. മരടിലുള്ള ലേ മറീഡിയന്‍ ഹോട്ടലില്‍ മുറിയുമെടുത്തു. താന്‍ എറണാകുളത്തു വരുന്നുണ്ടെന്നും അവിടെവച്ച് കാണണമെന്നും യുവതിയോട് പറഞ്ഞുറപ്പിച്ചാണ് വൈദികന് എത്തിയത്. ഇതനുസരിച്ച് യുവതി തിരുവല്ലയിലെ ബന്ധുക്കളോട് തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് കള്ളം പറഞ്ഞ് എറണാകുളത്തേക്ക് പോയി. അവിടെവച്ച് രതിക്രിയകള്‍ കഴിഞ്ഞ ശേഷം ഹോട്ടല്‍ ബില്‍ അടയ്ക്കാനായി വൈദികന് എത്തിയപ്പോഴാണ് കുഴഞ്ഞത്. പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ലടയ്ക്കാന്‍ വൈദികന്റെ കൈയിലുണ്ടായിരുന്ന പണംകൊണ്ട് തികയില്ലായിരുന്നു. തുടര്‍ന്ന് യുവതിയുടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചാണ് പണമടച്ചത്. എന്നാല്‍ പണമടച്ചെന്ന കണ്ഫര്മേഷന് മെസേജ് ലഭിച്ചത് യുവതിയുടെ ഭര്‍ത്താവിന്റെ മൊബൈലിലും. തന്റെ ഭാര്യ കൊച്ചിയില്‍ ലേ മറീഡിയിന്‍ ഹോട്ടലില്‍ എന്തിന് പോയി എന്നന്വേഷിച്ചപ്പോഴാണ് വൈദികനുമായുള്ള രഹസ്യബന്ധം പുറത്തായത്. തുടര്‍ന്ന് മെത്രാപ്പൊലീത്തയെ വിവരം അറിയിക്കുകയുമായിരുന്നു.
ഭര്‍ത്താവ് യുവതിയില്‍ നിന്നും വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് മറ്റ് നാല് വൈദികരുമായും ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്. അഞ്ച് വൈദികരുടെ പേരുസഹിതം യുവതിയുടെ ഭര്‍ത്താവ് മെത്രാപ്പൊലീത്തയ്ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. പിന്നീട് സഭാ മേലധ്യക്ഷനായ കാതോലിക്കാ ബാവയെ വിവരം നേരിട്ടറിയിക്കുകയും അദ്ദേഹം വൈദികരെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.
എന്നാല്‍ ഇവര്‍ക്കെതിരെ മറ്റു നിയമ നടപടി സ്വീകരിക്കാന്‍ സഭാ നേതൃത്വം ഇനിയും തയാറായിട്ടില്ല. എത്ര നാളത്തേക്കാണ് സസ്പെന്‍ഷനെന്നോ, ഇവര്‍ക്കെതിരെ മറ്റു നടപടികള്‍ എന്തൊക്കെയാണെന്നോ സഭാ നേതാക്കള്‍ അറിയിച്ചിട്ടില്ല. ഇതിനിടെ പ്രത്യേക കമ്മീഷനെ നിയമിച്ച് വൈദികര്‍ക്കെതിരെയുള്ള ലൈംഗികാരോപണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. സംഭവം വിവാദമായതോടെ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം ഏറ്റെടുത്തു.

ക്രൈസ്തവ സഭകളില്‍ കുമ്പസാര രഹസ്യമുപയോഗിച്ച് വൈദികര്‍ വ്യാപകമായി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുമ്പസാരം എന്ന ഏര്‍പ്പാട് സഭയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായി വരികയാണ്. കുമ്പസാര രഹസ്യമുപയോഗിച്ച് തന്റെ ഭാര്യയെ വൈദികര്‍ ചേര്‍ന്ന് ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. കുടുംബ ജീവിതം തകര്‍ത്ത വൈദികരെ സസ്പെന്‍ഡ് ചെയ്താല്‍ പോര അവരെ സഭയില്‍ നിന്നും വൈദിക വൃത്തിയില്‍ നിന്നും പുറത്താക്കണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം.
കുറ്റാരോപിതരായ വൈദികരെ രക്ഷിക്കാനുള്ള നീക്കങ്ങളും സഭാ ആസ്ഥാനത്ത് നടന്നുവരികയാണ്. ഒരേസമയം തനിക്ക് ഭീഷണിയും പ്രീണനവും ഉണ്ടെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. എന്നാല്‍ ഈ സംഭവങ്ങള്‍ നാട്ടില്‍ മുഴുവന്‍ പാട്ടായിട്ടും പൊലീസ് ഇതേക്കുറിച്ച് അന്വേഷിക്കാനോ പീഡിപ്പിക്കപ്പെട്ട യുവതിയുടെ മൊഴിയെടുക്കാനോ തയാറായിട്ടില്ല. വനിതാ കമ്മിഷനും ഇക്കാര്യത്തെ കുറിച്ച് മൗനം പാലിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗിക പീഡന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസും തയാറാകുന്നില്ല.
കുമ്പസാര രഹസ്യമുപയോഗിച്ച് സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്ന വൈദികരുടെ സമീപനത്തിനെതിരെ മിക്ക സഭകളിലും സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രതിഷേധം ശക്തമാവുകയാണ്. കൃത്യമായ മറുപടി നല്കാനാകാതെ സഭാ നേതൃത്വങ്ങള്‍ കുഴയുകയാണ്. വൈദികര്‍ മാത്രമല്ല ഒട്ടുമിക്ക സഭകളിലെയും ബിഷപ്പുമാര്‍ക്കെതിരെയും നിരവധി ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.