Fri. Mar 29th, 2024

താര സംഘടനയായ അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത നടപടിയെ വിമർശിച്ച് വനിതാ സംഘടനയായ വിമെൻ ഇൻ സിനിമാ കളക്‌ടീവ് രംഗത്തെത്തിയതിന് പിന്നാലെ ആഷിക് അബുവും അമ്മക്കെതിരെ രംഗത്ത്.

“ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ ?” എന്നാണ് ആഷിക് അബുവിന്‍െറ ഫേസ്ബുക്ക് പോസ്റ്റ്.

നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് പ്രസ്‌തുത തീരുമാനത്തിലൂടെ അമ്മ നടത്തിയതെന്നാണ് വിമെൻ ഇൻ കളക്‌ടീവിന്റെ ആരോപണം.

തിരിച്ചെടുക്കാനായിരുന്നെങ്കിൽ എന്തിനായിരുന്നു ദിലീപിനെ അമ്മ പുറത്താക്കിയത്. ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിന് മുമ്പ് തിരിച്ചെടുത്തിരിക്കുന്നതെന്നും, ഇത് വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലേ അമ്മ ചെയ്യുന്നതെന്നും വനിതാ സംഘടന ചോദിച്ചു.

ഇന്നലെ നടന്ന അമ്മയുടെ ജനറൽ ബോഡിയിലാണ് മോഹൻലാൽ പ്രസിഡന്റായ പുതിയ ഭരണ സമിതി നിലവിൽ വന്നത്. തുടർന്ന് വൈകിട്ടോടു കൂടി ദിലീപിനെ തിരിച്ചെടുക്കാൻ സംഘടന തീരുമാനിക്കുകയായിരുന്നു.