Thu. Nov 19th, 2026

ലഡാക്കിലെ കാലാവസ്ഥാ പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്കിനെ 60 ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കി. ലേ അഡീഷണൽ ജില്ലാ മജിസ്ട്രേട്ടാണ് ബിഎൻഎസ്എസ് 163-ാം വകുപ്പ് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസംബർ നാലിന് ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ ലഡാക്കിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുൻകരുതൽ നടപടിയെന്നോണം പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ നടപടി ഉണ്ടായിരിക്കുന്നത്. പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുക്കുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.

ശൈത്യകാലത്ത് തിടുക്കത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെയും കഴിഞ്ഞ വർഷത്തെ കൊലപാതകങ്ങളെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് വൈകുന്നതിനെതിരെയും വാങ്ചുക്ക് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. തന്റെ വീടിന് ചുറ്റും പോലീസുകാർ നിലയുറപ്പിച്ചിട്ടുണ്ടെന്നും പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ലഡാക്കിന്റെ ആവശ്യങ്ങൾക്കായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ റീച്ച് ഗണ്യമായി കുറഞ്ഞതായും വാങ്ചുക്ക് ആരോപിച്ചു.

2019-ൽ ലഡാക്ക് കേന്ദ്രഭരണ പ്രദേശമായ ശേഷമുള്ള ആദ്യത്തെ വലിയ തിരഞ്ഞെടുപ്പാണ് ഡിസംബർ നാലിന് നടക്കാനിരിക്കുന്ന എട്ട് സ്വയംഭരണ ഹിൽ ഡെവലപ്മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പ്. നവംബർ 17 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. എന്നാൽ കടുത്ത ശൈത്യകാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ലേയിലെ ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തുണ്ട്. കാർഗിലിൽ ഇതിന്റെ ഭാഗമായി ഹർത്താൽ ആചരിക്കുകയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാകില്ലെന്ന നിലപാടിലാണ് ഭരണകൂടം. താഴെത്തട്ടിലുള്ള ജനാധിപത്യം ശക്തിപ്പെടുത്താനും പുതിയ കൗൺസിലുകൾക്ക് അടുത്ത വർഷത്തെ ബജറ്റ് തയ്യാറാക്കാനും സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്ന് ലഡാക്ക് ചീഫ് സെക്രട്ടറി ആശിഷ് കുന്ദ്ര വ്യക്തമാക്കി. പോളിങ് ബൂത്തുകളിൽ ഹീറ്ററുകൾ ഉൾപ്പെടെയുള്ള ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Sonam Wangchuk, a climate activist from Ladakh, has been placed under house arrest for 60 days. The order was issued by the Additional District Magistrate of Leh under Section 163 of the BNSS.





 

Leave a Reply