എഡിജിപി സുധേഷ്‌കുമാറിന്റെ മകള്‍ സ്‌നിഗ്ധ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡ്രൈവര്‍ ഗവാസ്‌കറിന് കേരളാ പൊലീസ് അസോസിയേഷന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി പി.ജി. അനില്‍കുമാര്‍. ശാരീരിക പീഡനം ഒരിക്കലും അനുവദിക്കാവുന്നതല്ല.. മാനുഷിക പരിഗണനയില്ലാതെയാണ് അവര്‍ പെരുമാറിയിരിക്കുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു.
മുമ്പും പൊലീസുകാരെ വീട്ടുപണിക്കുപയോഗിക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ വരെ ഇതുസംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍ അതിന് അറുതിവരുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാരണം വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയാണ്. പൊതുജനങ്ങള്‍ക്ക് സുരക്ഷയേകേണ്ടവര്‍ സഹപ്രവര്‍ത്തകനെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത് ശരിയല്ല.
മ്യൂസിയത്തിനു സമീപത്തുവച്ചാണ് ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ പരാതിയും നല്‍കി. ആ കേസിന് ബദലായാണ് ഇപ്പോള്‍ എഡിജിപിയുടെ മകള്‍ പരാതി നല്‍കിയിരിക്കുന്നത്. അവരെ ഒരിക്കലും ഗവാസ്‌കര്‍ മര്‍ദ്ദിക്കുമെന്ന് കരുതുന്നില്ല. എഡിജിപിയുടെ മകളുടെ കേസ് വെറുതെ കൊടുത്തതാണെന്ന് ആര്‍ക്കായാലും മനസിലാക്കാവുന്നതേ ഉള്ളു. അതിനാല്‍ നിയമപരമായ എല്ലാ പരിരക്ഷയും അസോസിയേഷന്‍ നല്‍കുമെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.ജി. അനില്‍കുമാര്‍ പറഞ്ഞു.
സുധേഷ് കുമാറിന്റെ വീട്ടില്‍ ജോലിനോക്കുന്നവരെക്കൊണ്ട് അടിമപ്പണി നടത്തുന്ന സംഭവം ഇപ്പോഴാണ് അറിയുന്നതെന്നും അനില്‍കുമാര്‍. അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഒന്നുകില്‍ മേലുദ്യോഗസ്ഥരോട് പരാതിപ്പെടണം. അല്ലെങ്കില്‍ വീട്ടുജോലി ചെയ്യാന്‍ പറയുമ്പോള്‍ അതിനു പറ്റില്ലെന്നു പറയാനുള്ള ചങ്കൂറ്റം കാണിക്കണം. ഇതു രണ്ടിനും ആരും തയാറാകാത്തതാണ് പീഡനം തുടരാന്‍ കാരണം. സുധേഷ്‌കുമാറിന്റെ വീട്ടില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഗവാസ്‌കര്‍ പരാതി പറഞ്ഞതിനാണ് മകള്‍ ആക്രമണം നടത്തിയത്.
ഒരാള്‍ പരാതി പറഞ്ഞാല്‍ പരാതിക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ശരിയല്ല. യാതൊരു ന്യായീകരണവും അര്‍ഹിക്കുന്നതല്ല ഈ പ്രവര്‍ത്തിയെന്നും അനില്‍കുമാര്‍ പ്രതികരിച്ചു. തന്നെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയാലും കുഴപ്പമില്ല അടിമപ്പണി ചെയ്യാന്‍ കഴിയില്ലെന്ന നിലപാടെടുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലിക്ക് നിയോഗിക്കുന്ന പൊലിസുകാര്‍ക്ക് കഴിയണം. അവരുടെ ഡ്യൂട്ടി എന്താണെന്ന് അവര്‍ക്ക് നന്നായി അറിയാം. അത് അവര്‍ ചെയ്യുന്നുമുണ്ട്.
അതിനിടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കാനും ചന്തയില്‍ പോയി സാധനങ്ങള്‍ വാങ്ങാനും സ്വിമ്മിംഗ് പൂള്‍ കഴുകാനും മകളെ സ്‌കൂളിലാക്കാനുമൊന്നും ഇവരെ നിയോഗിക്കാന്‍ ഒരു നിയമത്തിലും പറയുന്നില്ല. ഇത് അനുവദിക്കാവുന്നതല്ലെന്നും ശക്തമായി ഇതിനെതിരെ പ്രതികരിക്കുമെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
വീട്ടില്‍ ഡ്യൂട്ടിക്കിടുന്ന പൊലീസുകാര്‍ക്ക് അടിമപ്പണി ചെയ്യുന്ന അവസ്ഥ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇനി അത് അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ട് അടിമപ്പണി ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഇപ്പോഴുണ്ടായ ആക്രമണത്തില്‍ ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അസോസിയേഷന്‍ അറിയിച്ചു