Sat. Nov 21st, 2026

എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ നേരത്തെയും പൊലീസുകാരെ മര്‍ദ്ദിച്ചതായി വിവരം. എഡിജിപിയുടെ വളര്‍ത്തുനായ പൊരിച്ച മീന്‍ ഉണ്ടെങ്കിലേ ആഹാരം കഴിക്കൂ. ഇതിനു വേണ്ടി ചന്തയില്‍ ചെന്ന് മീന്‍ വാങ്ങുന്നതും പൊരിക്കുന്നതും ക്യാമ്പിലെ പൊലീസുകാരെ ഉപയോഗിച്ചാണെന്നാണ് പുറത്തു വരുന്ന വിവരം. സാധനങ്ങള്‍ വാങ്ങാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍ അവരെ മര്‍ദ്ദിക്കുന്നതും അസഭ്യവര്‍ഷം നടത്തുന്നതും എഡിജിപിയുടെ മകളുടെ വിനോദമാണെന്നാണ് പൊലീസുകാര്‍ തന്നെ പറയുന്നത്.

ഒരിക്കല്‍ വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ പറ്റില്ലെന്നു പറഞ്ഞതിന് ഡ്രൈവര്‍മാരില്‍ ഒരാളെ രണ്ടു ദിവസം ഡ്യൂട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തിയ സംഭവവം വരെ ഉണ്ടായിട്ടുണ്ടെന്ന് പൊലീസുകാര്‍ ചൂണ്ടിക്കാട്ടുന്നു. സുധേഷ് കു മാറിന്റെ ഭാര്യയെയും മകളെയും ബഹുമാനിച്ചില്ലെന്നു കാട്ടി ഗാര്‍ഡുമാരെ സ്ഥലംമാറ്റിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഇപ്പോള്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഗവാസ്‌കര്‍ക്ക് നേരെയും ഒരാഴ്ച മുമ്പ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടായി. എഡിജിപിയുടെ മകള്‍ മര്‍ദ്ദിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തുവെന്നാണ് ഗവാസ്‌കറുടെ പരാതി. അനാവശ്യകാര്യങ്ങള്‍ക്കായാണ് ഇവരുടെ പരാക്രമം. പലതവണ ഇതുസംബന്ധിച്ച് എഡിജിപി സുധേഷ് കുമാറിനോട് പരാതി പറഞ്ഞുവെന്നും ഗവാസ്‌കര്‍. എന്നാല്‍ എഡിജിപിയോട് പരാതി പറഞ്ഞതിനും മകളുടെ വക ശിക്ഷ ഉറപ്പാണ്.

കഴിഞ്ഞ ദിവസം ഇദ്ദേഹത്തോട് മകളെ കുറിച്ചുള്ള പരാതി പറഞ്ഞതിനാണ് മ്യൂസിയത്തിനു സമീപത്തുവച്ച് മര്‍ദ്ദനമുറ പ്രയോഗിച്ചത്. എന്നാല്‍ താന്‍ അവരെ ആക്രമിച്ചുവെന്നു കാട്ടിയാണ് ഇപ്പോള്‍ എഡിജിപിയുടെ മകള്‍ പരാതി നല്‍കിയത്. ഇത് കേസ് അട്ടിമറിച്ച് തന്റെ മേല്‍ പൂര്‍ണ കുറ്റവും ആരോപിക്കാനാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഗവാസ്‌കറിന്റെയും സുധേഷ്കുമാറിന്‍റെയും മകളുടെയും പരാതിയില്‍ മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. ഗവാസ്‌കറിന്റെ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിനിടെ ഗവാസ്‌കറിനെതിരെയും സ്‌നിഗ്ദ പരാതി നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഗവാസ്കറും പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോള്‍ മകള്‍ ചീത്ത വിളിച്ചെന്നും എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നില്‍ അടിച്ചെന്നുമാണ് പരാതി. പരാതി നല്‍കി ഒരു പകല്‍ മുഴുവന്‍ ഒത്ത് തീര്‍പ്പ് ശ്രമം നടത്തി വിജയിക്കാതെ വന്നതോടെയാണ് കേസെടുത്തത്.

മര്‍ദനം, അസഭ്യം പറയുക, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗവാസ്‌കര്‍ ഉപദ്രവിച്ചെന്ന് കാണിച്ച് എഡിജിപിയുടെ മകള്‍ പരാതി നല്‍കുകയും മെഡിക്കല്‍ രേഖകള്‍ തയാറാക്കുകയും ചെയ്തിരുന്നു. വനിത എസ്‌ഐയെ എഡിജിപിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവാസ്‌ക്കര്‍ക്കെതിരെ കേസെടുത്തത്