ന്യൂഡൽഹി: വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന കേന്ദ്രത്തിന്റെ നിർദേശത്തെ ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി പ്രതികരണം തേടി. കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്ല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ നോട്ടീസ് അയച്ചത്. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ എസ്. മുരളീധർ ഹാജരായി.

വന്ദേമാതരം ദേശീയഗീതമാണെന്നതിൽ സംശയമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, എന്നാൽ നിർബന്ധമായും മുഴുവൻ ആലപിക്കണമെന്ന് നിർദ്ദേശിക്കുമ്പോൾ പൗരന്റെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ടുയരുന്ന നിയമപരമായ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് അറിയിച്ചു. വന്ദേമാതരം നിർബന്ധപൂർവ്വം മുഴുവൻ പാടിക്കുന്നത് ഭരണഘടനയുടെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നും ഭൂരിപക്ഷ മതചിഹ്നങ്ങളെ ഉയർത്തിക്കാട്ടുന്നതാണെന്നുമാണ് ടി.എം. കൃഷ്ണയുടെ പ്രധാന വാദം.
ഗാനത്തിന്റെ അവസാന നാല് ഖണ്ഡികകളിൽ പ്രത്യേക മതത്തിലെ ദേവതമാരെ വന്ദിക്കുന്ന പരാമർശങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സ്കൂളുകളിലും സർക്കാർ ചടങ്ങുകളിലും സിനിമ തിയേറ്ററുകളിലും മറ്റ് പ്രധാന പരിപാടികളിലും വന്ദേമാതരം മുഴുവൻ ചൊല്ലണമെന്നും അതിനെ അനാദരിച്ചാൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും വ്യവസ്ഥ ചെയ്തിരുന്നു.

