കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം തികച്ചും അപാകങ്ങൾ നിറഞ്ഞതാണെന്നും രോഗികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഇത്തരം കേന്ദ്രങ്ങളിൽ സുതാര്യത ഉറപ്പുവരുത്താൻ “സോഷ്യൽ ഓഡിറ്റിംഗ്’ നടത്തുന്നതും മാധ്യമങ്ങൾക്ക് നിയന്ത്രിതപ്രവേശനം അനുവദിക്കുന്നതും സജീവമായി പരിഗണിക്കുകയാണെന്നും ഹൈക്കോടതി. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ട് നടത്തിയ പരിശോധനക്കു ശേഷവും സ്ഥിതിഗതികളിൽ മാറ്റമുണ്ടാകാത്തതിൽ സംസ്ഥാന സർക്കാറിനെ ഡിവിഷൻ ബഞ്ച് രൂക്ഷമായി വിമർശിച്ചു. യുദ്ധക്കുറ്റങ്ങൾക്ക് തുല്യമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടങ്ങളിൽ നടക്കുന്നതെന്നും കണ്ടില്ലെന്ന് നടിക്കാൻ കോടതിക്കാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

“മാനസികാരോഗ്യ കേന്ദ്രങ്ങളെന്ന് വിളിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള ഭീകരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ജയിലിനേക്കാൾ ദയനീയമായ അവസ്ഥയാണ്. മനുഷ്യാവകാശ ലംഘനങ്ങൾ മൂടിവെക്കാനുള്ള ആയുധമായി അനാവശ്യ രഹസ്യാത്മകത മാറിയിരിക്കുന്നു. വസ്തുതകൾ പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങൾക്കും പൗരസമൂഹത്തിനും പ്രവേശനം നൽകുന്ന നടപടികളിലേക്ക് കോടതി കടക്കും.’
നിലവിൽ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തുടരുന്ന അനാവശ്യ രഹസ്യാത്മകത രോഗികൾക്കോ അവരുടെ ബന്ധുക്കൾക്കോ യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്തസ്സോടെ ജീവിക്കാനുള്ള പൗരന്റെ അവകാശം ലംഘിക്കപ്പെടുകയാണെന്നും സമൂഹത്തിലെ പ്രമുഖ വ്യക്തികളെയും മാധ്യമപ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സോഷ്യൽ ഓഡിറ്റിലൂടെ മാത്രമേ യഥാർഥ അവസ്ഥ പുറംലോകം അറിയൂ എന്നും കോടതി വ്യക്തമാക്കി.
ഒരുമാസം മുന്പ് ജഡ്ജിമാർ നേരിട്ട് സന്ദർശനം നടത്തി അടിയന്തരമായി സൗകര്യങ്ങൾ വർധിപ്പിക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും താഴെത്തട്ടിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. കോടതിയുടെ ഉത്തരവുകളെ ഗൗരവമായി കാണാത്തത് ഖേദകരമാണ്. മതിയായ ഫണ്ടോ സൗകര്യങ്ങളോ ഇല്ലെങ്കിൽ സർക്കാർ അത് കോടതിയോട് തുറന്നുപറയണം. ജനങ്ങളെ ഇത്തരത്തിൽ മൃഗീയമായ സാഹചര്യങ്ങളിൽ ജീവിക്കാൻ അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കേസിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
1996ൽ സുപ്രീം കോടതിയുടെ “ഷീല ബർസെ വേഴ്സസ് യൂനിയൻ ഓഫ് ഇന്ത്യ’ കേസിലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച പൊതുതാത്പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സർക്കാറിനെ പ്രതിനിധീകരിച്ച് അഡ്വക്കറ്റ് ജനറൽ തന്നെ നേരിട്ട് ഹാജരാകാൻ നിർദേശം നൽകി. മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള സാമൂഹിക അപകർഷതാബോധം ഒഴിവാക്കാൻ പേരുമാറ്റുന്നത് സംബന്ധിച്ച് കോടതി നേരത്തേ സർക്കാറിനോട് വിശദീകരണം തേടിയിരുന്നു.


