Sun. Aug 9th, 2026

കണ്ണൂര്‍: ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ പോലീസിനെ നിരന്തരം വെല്ലുവിളിച്ചു നടക്കുന്നത് ആശ്ചര്യകരമാണെന്നും ഇത്തരം കുറ്റവാളികളെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി കാണിക്കണമെന്നും സി പി എം നേതാവ് എം വി ജയരാജന്‍ പറഞ്ഞു. ഇത്തരം ആളുകളെ പിന്തുണയ്ക്കാന്‍ ആരെങ്കിലും തയ്യാറാകുന്നുണ്ടെങ്കില്‍, അവര്‍ ക്രിമിനലുകളെയാണ് പിന്തുണക്കുന്നതെന്ന് മനസിലാക്കണമെന്നും അതില്‍നിന്ന് അടിയന്തരമായി പിന്തിരിയണമെന്നും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയ വഴിയുള്ള പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും ആശയപ്രചാരണങ്ങള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുടെയോ ക്രിമിനലുകളുടെയോ പിന്തുണ യാതൊരു കാരണവശാലും ആവശ്യമില്ലെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

അര്‍ജുന്‍ ആയങ്കിയെ തൂഫാന്‍ പോലെ തൂക്കണമെന്നും അയാളെ എവിടെയാണെങ്കിലും പിടികൂടുകയാണ് വേണ്ടതെന്നും ജയരാജന്‍ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്തും ഈ കുറ്റവാളിയെ ജയരാജന്‍ തള്ളിപ്പറഞ്ഞിരുന്നു. എന്നിട്ടും ചില സിപിഎം അനുഭാവികള്‍ സൈബര്‍ ഇടങ്ങളില്‍ ആയങ്കിയെ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിലാണ് ജയരാജന്റെ ഈ താക്കീത്.

നിയമ സംവിധാനത്തെ വെല്ലുവിളിക്കുകയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. പോലീസിനെ വെല്ലുവിളിക്കുന്നതിനിടയില്‍ ‘താന്‍ വളര്‍ന്ന പാര്‍ട്ടി വേറെയാണ്’ എന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞിരുന്നു. ഇത് ഒരിക്കലും സി പി എമ്മിനെ ഉദ്ദേശിച്ചല്ലെന്നും മറിച്ച് കുറ്റവാളി കൂടുതല്‍ ഇടപഴകുന്ന ക്വട്ടേഷന്‍ പാര്‍ട്ടിയെ കുറിച്ചാകാം എന്നും എം വി ജയരാജന്‍ പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വം ഇത്തരം ക്രിമിനിലുകളെ പൂര്‍ണമായി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ആരും ഇത്തരക്കാരെ പിന്തുണക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.



 

Leave a Reply