തിരുവനന്തപുരം: പുനര്‍ജനി അഴിമതിക്കേസില്‍ നിന്നു മുഖ്യമന്ത്രി വി ഡി സതീശനെ മുക്തനാക്കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വി ഡി സതീശനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചതായി വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ ആണ് വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയത്. എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷന് എന്ന സ്ഥാപനം വഴിയാണ് പണം എത്തിയത്. അതില്‍ സതീശന് പങ്കുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.

എല്‍ ഡി എഫ് കാലത്ത് പുനര്‍ജനി പദ്ധതിയിലെ അന്വേഷണം കേന്ദ്ര എജന്‍സികള്‍ക്ക് വിടാന്‍ ഒരുങ്ങിയിരുന്നു. നേരത്തെ വിജിലന്‍സ് തെളിവ് കണ്ടെത്തിയിട്ടില്ലെന്നും വീണ്ടും അന്വേഷണം നടത്തി ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയെന്നും കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പറവൂര്‍ മണ്ഡലത്തില്‍ പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് വീട് വെച്ചുനല്‍കാന്‍ ലണ്ടനിലെ ബര്‍മിംഗ്ഹാമില്‍ നടന്ന ചടങ്ങില്‍ ധനസഹായം ആവശ്യപ്പെടുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സിലേക്ക് പരാതി എത്തുന്നത്. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍- യൂണിറ്റ് 2023 മുതല്‍ അന്വേഷണം നടത്തി.
യു കെ ആസ്ഥാനമായ മിഡലാന്‍ഡ് ഇന്റര്‍നാഷണല്‍ എഡ്ഡ് ട്രസ്റ്റ് എന്ന സംഘടനയാണ് വിവിധ വ്യക്തികളില്‍ നിന്ന് 22,500 പൗണ്ട് സമാഹരിച്ചത്. ഇത് മണപ്പാട്ട് ഫൗണ്ടേഷന് എന്ന സംഘടനയുടെ അക്കൗണ്ടിലേക്കാണ് വന്നിരിക്കുന്നത്. ഇതില്‍ ഫെറ നിയമത്തിലെ 3(2)(എ) ലംഘനം നടന്നിട്ടുണ്ടോയെന്നതില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
വിദേശത്തുനിന്നും സമാഹരിച്ച പണം ഒരു ചാരിറ്റബിള്‍ സംഘടനവഴി കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. അതുപയോഗിച്ച് വീടുനിര്‍മ്മാണവും നടന്നിട്ടുണ്ട്. വി ഡി സതീശന് സംഘടനാ ഭാരവാഹി അല്ലാത്തിനാല്‍ പണം ദുരുപയോഗത്തിന്റെ കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നില്‍ക്കില്ലെന്നായിരുന്നു ആദ്യ ശുപാര്‍ശ. എന്നാല്‍ വിദേശനാണ്യവിനിമയ ചട്ടത്തെ കുറിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത വീണ്ടും നിര്‍ദേശം നല്കി. അതേതുടര്ന്ന് സി ബി ഐ അന്വേഷണത്തിനുള്ള പുതിയ ശുപാര്‍ശ നല്‍കിയിരുന്നു. ഈ കേസിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.


