Sun. Jul 26th, 2026

കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി(എം എം സി)യില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരിച്ചതായി ആരോപണം. ഉള്ളിയേരി സ്വദേശി കക്കട്ടില്‍ ബിജുവിന്റെ ഭാര്യ സിനി(40) യാണ് ചികിത്സക്കിടെ മരിച്ചത്.

പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ വേണ്ടിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധയുണ്ടായി എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ തങ്ങളെ അനുവദിച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൂടാതെ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് സിനിയുടെ ജീവന്‍ നഷ്ടമായതെന്നും ഇവര്‍ ആരോപിക്കുന്നു.

സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അത്തോളി പോലീസ് സ്റ്റേഷനിലും ആരോഗ്യ വകുപ്പ് മന്ത്രിക്കും കുടുംബം പരാതി നല്‍കി. നീതിപൂര്‍വവും സുതാര്യവുമായ അന്വേഷണം നടത്തി മരണത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം, തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.



 

Leave a Reply