Mon. Nov 23rd, 2026

ന്യൂഡല്‍ഹി: പിണറായി വിജയന്‍ ഇപ്പോൾ ഭക്തനാണെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ മാത്രം വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണവുമാണെന്ന് സി പി എം ജന. സെക്രട്ടറി എം എ ബേബി. പിണറായി എത്രത്തോളം കമ്മ്യൂണിസ്റ്റ് എന്നത് തനിക്ക് നേരിട്ടറിയാമെന്നും എം എ ബേബി പറഞ്ഞു.

അയ്യപ്പ സംഗമം എത്രത്തോളം വിജയമാണ് എന്നത് മനസ്സിലാക്കേണ്ടതുണ്ട്. വളരെ കാലികമായ ഇടപെടല്‍ ആണ് ദേവസ്വം ബോര്‍ഡ് നടത്തിയത്. ഹിന്ദു ദിനപത്രത്തില്‍ അതേപ്പറ്റി താന്‍ കുറിപ്പ് എഴുതിയിരുന്നതായും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

പണ്ട് എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി വിജയൻ ഇപ്പോൾ ഭക്തനാണെന്നും, പിണറായി വിജയൻ മാത്രമല്ല പൂരിപക്ഷം കമ്യൂണിസ്റ്റ് നേതാക്കളും പുറമേ യുക്തിവാദം പറയുമെങ്കിലും വ്യക്തിപരമായി ഭക്തന്മാർ ആണെന്ന് ആയിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ആഗോള അയ്യപ്പ സംഗമ വേദിയിലെ ഗീതാ ശ്ലോകങ്ങളും ഛാന്ദോഗ്യ ഉപനിഷത് ശ്ലോകങ്ങളുമൊക്കെ ഉദ്ദരിച്ചുകൊണ്ട് പമ്പയിൽ പിണറായി വിജയൻ നടത്തിയ മതപ്രഭാഷണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വെള്ളാപ്പള്ളി ഇങ്ങനെ പറഞ്ഞത്.