കൊച്ചി: ഉയർന്ന പലിശയ്ക്ക് പണം നൽകി ഭീഷണിപ്പെടുത്തിയ സംഘത്തിന്റെ സമ്മർദ്ദം സഹിക്കാനാവാതെ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി. എറണാകുളം ജില്ലയിലെ കോട്ടുവള്ളി സ്വദേശിനിയായ 42 വയസ്സുള്ള ആശ ബെന്നി ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ആശയെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനടുത്തുള്ള പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആശ പ്രദേശവാസിയായ ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങിയിരുന്നു. കടം വീട്ടിയ ശേഷവും പലിശക്കാരുടെ ഭീഷണി തുടർന്നുവെന്ന് ആശയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പണമിടപാടുകാരെക്കുറിച്ച് വിശദീകരിച്ച് ആശ ഇന്നലെ ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പറവൂർ പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇതിനുശേഷം രാത്രിയിൽ പലിശക്കാർ വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും ഇതിൽ മനംനൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്.
റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ പ്രദീപ്, ഭാര്യ ബിന്ദു എന്നിവരുടെ പേരെഴുതിയ ആത്മഹത്യാ കുറിപ്പും ആശയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇതിനുശേഷം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

