Tue. Nov 24th, 2026

ന്യൂഡൽഹി: 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥക്കാലത്ത് ഒരു കോടിയിലധികം ആളുകളെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയിൽ അറിയിച്ചു.

അന്നത്തെ ഇന്ദിരാഗാന്ധി സർക്കാർ കുടുംബാസൂത്രണത്തിന്റെ ഭാഗമായി 67.40 ലക്ഷം പേരെ വന്ധ്യംകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഈ ലക്ഷ്യം മറികടന്ന് 1.07 കോടിയിലധികം ആളുകൾ വന്ധ്യംകരണത്തിന് വിധേയരായി. ഇത് സർക്കാർ നിശ്ചയിച്ച ലക്ഷ്യത്തേക്കാൾ ഏകദേശം 59% അധികമാണ്.

അടിയന്തരാവസ്ഥയിലെ ക്രൂരതകളെക്കുറിച്ച് അന്വേഷിക്കാൻ 1977-ൽ നിയമിച്ച ജസ്റ്റിസ് ജെ.സി. ഷാ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് മന്ത്രി ഈ കണക്കുകൾ സഭയിൽ അവതരിപ്പിച്ചത്. നിർബന്ധിത കുടുംബാസൂത്രണം ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് കമ്മീഷൻ വിശദമായി അന്വേഷിച്ചിരുന്നു. അവിവാഹിതരായ ആളുകളെ വന്ധ്യംകരണത്തിന് വിധേയരാക്കിയെന്ന 548 പരാതികളും ഈ ശസ്ത്രക്രിയകൾക്കിടെ 1774 പേർ മരിച്ചെന്ന പരാതികളും കമ്മീഷന് ലഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.